പൊതുമാപ്പും ആജീവനാന്ത വിലക്കും; നിലപാട് ആവർത്തിച്ച് വ്യക്തമാക്കി യുഎഇ
Mail This Article
അബുദാബി ∙ ആജീവനാന്ത വിലക്ക് ഭയന്ന് പൊതുമാപ്പിൽ നിന്ന് മാറിനിൽക്കാതെ നിയമലംഘകർ മുന്നോട്ടുവരണമെന്നും യുഎഇ. അനധികൃത താമസക്കാർക്ക് വൻ തുക പിഴ ഉണ്ടെങ്കിലും പൊതുമാപ്പിൽ ശിക്ഷ കൂടാതെ രാജ്യം വിടാം. ഇങ്ങനെ പോകുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്നും പുതിയ വീസയിൽ തിരിച്ചെത്താമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവർത്തിച്ചു വ്യക്തമാക്കി. വിലക്ക് ഭയന്ന് നിയമലംഘകരിൽ പലരും പൊതുമാപ്പിന് അപേക്ഷിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്.
നിയമലംഘകർക്ക് രേഖകൾ ശരിയാക്കി യുഎഇയിലെ താമസം നിയമവിധേയമാക്കാൻ അവസരമുണ്ട്. മറ്റേതങ്കിലും കമ്പനിയിൽ ജോലി ലഭിച്ചാൽ രാജ്യം വിടാതെ തന്നെ പുതിയ വീസയിലേക്ക് മാറാൻ അവസരം ഒരുക്കുന്നുണ്ടെന്നും പറഞ്ഞു.
ഗുരുതര കുറ്റകൃത്യങ്ങളിൽ പെടാത്ത വീസ നിയമലംഘകർ ഉണ്ടെങ്കിൽ എത്രയും വേഗം പൊതുമാപ്പിന് അപേക്ഷിക്കണം. അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ വീസക്കാർ ഐസിപി കേന്ദ്രങ്ങളിലോ അംഗീകൃത ടൈപ്പിങ് സെന്ററുകളിലോ എത്തി അപേക്ഷിക്കണം. ദുബായ് വീസക്കാർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലോ ദുബായിലെ 86 ആമർ സെന്ററുകൾ മുഖേനെയോ സൗജന്യമായി അപേക്ഷിക്കാം. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവൃത്തിസമയം.