ആവേശം നിറച്ച് മലയാളി സമാജം, ലുലു കാപിറ്റൽ മാൾ ഓണാഘോഷം
Mail This Article
അബുദാബി ∙ മലയാളിയുടെ യഥാർഥ ഓണാഘോഷം കേരളത്തിനു പുറത്താണ് നടക്കുന്നതെന്ന് നടി നവ്യ നായർ. ക്രിസ്മസ് വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷ പരമ്പര ഗൾഫിന്റെ മാത്രം പ്രത്യേകതയാണെന്നും അവർ പറഞ്ഞു. അബുദാബി മലയാളി സമാജവും ലുലു കാപിറ്റൽ മാളും ചേർന്നു സംഘടിപ്പിച്ച പൂക്കള മത്സരത്തിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി.
ആഘോഷങ്ങൾ മനസ്സിനെന്നും സന്തോഷം നൽകുന്നവയാണെന്നും പ്രവാസത്തിന്റെ ആകുലതകൾക്കിടയിൽ ഇത്തരം സന്തോഷനിമിഷങ്ങൾ പകർന്നുനൽകുന്നതിൽ മലയാളി സമാജം പോലുള്ള സംഘടനകൾ നൽകുന്ന പങ്ക് വിലപ്പെട്ടതാണെന്നും അവർ പറഞ്ഞു. 30 ടീമുകൾ മത്സരിച്ചതിൽ ഒന്നാം സമ്മാനം (3000 ദിർഹം) തേജസ്വിനി പ്രഭാകർ, അബ്ദുൽ കലാം, ബിന്നി ടോം എന്നിവരടങ്ങിയ സംഘം സ്വന്തമാക്കി. ബിന്ദു സേവ്യർ, ജോണി ജോസഫ്, അനിത സംഘം രണ്ടാം സ്ഥാനവും (2000 ദിർഹം), വിജീഷ്, വിനീഷ്, ദീപക് സംഘം മൂന്നാം സ്ഥാനവും (1000 ദിർഹം) നേടി.
വിജയികൾക്ക് നവ്യ നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് ലുലുവും സമാജവും ചേർന്ന് മെഗാപൂക്കളവും ഒരുക്കിയിരുന്നു. പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ടി.പി.അബൂബക്കർ, റീജനൽ ഡയറക്ടർ പി.വി.അജയകുമാർ, റീജനൽ മാനേജർ മുഹമ്മദ് ഷാജിത്, ലുലു കാപിറ്റൽ മാൾ ജനറൽ മാനേജർ ബാലകൃഷ്ണൻ, ഡപ്യൂട്ടി ജനറൽ മാനേജർ കെ.ബി.ലിബിൻ, സമാജം വനിതാ വിഭാഗം കൺവീനർ ഷഹന മുജീബ്, സൂര്യ അഷർ ലാൽ, രാജലക്ഷ്മി സജീവ്, അമൃത അജിത് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.