സൗദിയിലെ എഴുത്തുകാർക്കും സാഹിത്യ പ്രവർത്തകർക്കും സമഗ്ര പ്രോത്സാഹനവുമായി ഗോൾഡൻ പെൻ അവാർഡ്
Mail This Article
റിയാദ് ∙ സൗദിയിലെ സാഹിത്യ മേഖലയ്ക്കും എഴുത്തുകാർക്കും സാഹിത്യ പ്രവർത്തകർക്കും സമഗ്ര പ്രോത്സാഹനവുമായി ഗോൾഡൻ പെൻ അവാർഡ് ഏർപ്പെടുത്തി. ഏറ്റവും ശ്രദ്ധേയമായി സ്വാധീനം ചെലുത്തുന്ന നോവലുകളുടക്കമുള്ള ആറ് വിഭാഗങ്ങളിലെ വിവിധ സാഹിത്യ സൃഷ്ടികൾക്കായി ആകെ 740000 ഡോളർ സമ്മാനതുകയാണ് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വിജയികൾക്കായി കാത്തു വെച്ചിരിക്കുന്നത്.
സമ്മാനത്തുക കൂടാതെ ഗോൾഡൻ പെൻ വിജയിക്കുന്ന നോവലുകൾ സിനിമയാക്കുകയും ചെയ്യും. അതോറിറ്റിയുടെ ഗോൾഡൻ പെൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ആണ് പുതിയ അവാർഡിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. അവാർഡിന് അർഹമാവുന്ന സാഹിത്യകൃതികളെ സിനിമകളാക്കി മാറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ അവാർഡാണിതെന്ന് അദ്ദേഹം പറഞ്ഞു. അറബ് ലോകത്തുടനീളം, പ്രത്യേകിച്ച് സൗദി അറേബ്യയിൽ നടക്കുന്ന വൻതോതിലുള്ള നിർമ്മാണങ്ങളുമായി യോജിപ്പിച്ച്, അറബി നോവലുകൾ, തിരക്കഥകൾ, അനുബന്ധ ഉള്ളടക്കങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു ശേഖരമായി ഈ വെബ്‌സൈറ്റ് പ്രവർത്തിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
നോവലുകൾക്കും തിരക്കഥകൾക്കുമുള്ള പ്രധാന അവാർഡുകൾ, മികച്ച വിവർത്തനം ചെയ്ത നോവൽ, മികച്ച അറബ് പ്രസാധകൻ, പീപ്പിൾസ് ചോയ്‌സ് അവാർഡ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നതെന്ന് ഗോൾഡൻ പെൻ അവാർഡ് കമ്മറ്റി ചെയർമാൻ ഡോ. സാദ് അൽ ബസെയ് അറിയിച്ചു. പ്രധാന അവാർഡുകൾക്കും തിരക്കഥാ വിഭാഗങ്ങൾക്കും ഒന്നാം സ്ഥാനത്തിനുള്ള സമ്മാനം 100,000 ഡോളറും കൂടതെ അവാർഡ് നേടിയ സൃഷ്ടി ചലച്ചിത്രവിഷ്ക്കാരവും നടത്തും.
രണ്ടാം സ്ഥാനത്തിനുള്ള സമ്മാനം,50,000 ഡോളറും, ഒരു ചലച്ചിത്ര നിർമ്മാണം; മൂന്നാം സ്ഥാനത്തിനുള്ള സമ്മാനം 30,000 ഡോളർ. മികച്ച ത്രില്ലർ നോവൽ, മികച്ച മിസ്റ്ററി, ക്രൈം നോവൽ, മികച്ച റൊമാൻസ് നോവൽ, മികച്ച ഫാന്റസി നോവൽ, മികച്ച കോമഡി നോവൽ, മികച്ച ചരിത്ര നോവൽ, മികച്ച ഹൊറർ നോവൽ, മികച്ച റിയലിസ്റ്റിക് നോവൽ എന്നിവ ഉൾപ്പെടുന്ന എട്ട് അവാർഡുകൾ ഉൾപ്പെടുന്നതാണ് നോവൽ വിഭാഗങ്ങൾ.
മികച്ച വിവർത്തനം ചെയ്ത നോവലിന് 100,000 ഡോളർ സമ്മാനം ലഭിക്കുമെന്നും ഡോ. അൽ ബസെയ് എടുത്തുപറഞ്ഞു. മികച്ച അറബ് പ്രസാധകന് 50,000 ഡോളറും പീപ്പിൾസ് ചോയ്‌സ് അവാർഡിന് 30,000 ഡോളറും നൽകും. പീപ്പിൾസ് ചോയ്‌സ് അവാർഡിനുള്ള വോട്ടിങ് പിന്നീടുള്ള തീയതിയിൽ അവാർഡിന്റെ വെബ്‌സൈറ്റിൽ തുറക്കും. സാഹിത്യകൃതികൾക്കുള്ള സമർപ്പണ കാലയളവ് സെപ്റ്റംബർ 15-ന് വെബ്‌സൈറ്റിൽ തുറക്കുമെന്നും 2024 സെപ്റ്റംബർ 30 വരെ തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഉയർന്ന മൂല്യമുള്ള കൃതികളാൽ അറബി ഉള്ളടക്കത്തെ സമ്പന്നമാക്കാൻ ലക്ഷ്യമിടുന്ന ഈ അതുല്യമായ അവസരത്തിൽ പങ്കെടുക്കാൻ എല്ലാ അറബ് എഴുത്തുകാരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.