നബിദിന അവധി തിരുവോണനാളിൽ; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം
Mail This Article
മനാമ ∙ നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്‌ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത് ഓണം കെങ്കേമമാക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി സന്തോഷമാണ് നൽകുന്നത്. ബഹ്റൈനിൽ ചെറുതും വലുതുമായ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഓണത്തോടനുബന്ധിച്ച് അരങ്ങേറുക.
ബഹ്റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷചടങ്ങുകൾക്ക് ഓഗസ്റ്റ് 30 ന് 'പിള്ളേരോണം' എന്ന പരിപാടിയോടെയാണ് തുടക്കമായത്. നാട്ടിൽ നിന്നും നിരവധി കലാകാരന്മാർ ആണ് അടുത്ത ദിവസങ്ങളിലായി ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിൽ എത്തിച്ചേരുക. പിന്നണി ഗായിക കെ. എസ്. ചിത്ര, ഗായകരായ മധു ബാലകൃഷ്ണൻ, ജി. വേണുഗോപാൽ തുടങ്ങി ചലച്ചിത്ര പിന്നണി ഗാന രംഗത്ത് നിര സാന്നിധ്യമായ നിരവധി കലാകാരന്മാർ ശ്രാവണത്തിനു മാറ്റ് കൂട്ടാൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേരുന്നുണ്ട്. 20 തോളം കലാപരിപാടികൾ തുടർച്ചയായ ദിവസങ്ങളിൽ ഇവിടെ നടക്കുന്നത് കൊണ്ട് തന്നെ അത് കഴിഞ്ഞുള്ള ദിവസങ്ങളാണ് മറ്റു സംഘടനകളുടെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
ബഹ്‌റൈനിലെ തുണിക്കടകൾ എല്ലാം പ്രത്യേക ഓണപ്പുടവകളുമായി അലങ്കരിച്ചു കഴിഞ്ഞു ഓണം വസ്ത്ര വിപണി യിൽ തന്നെയാണ് വ്യാപാരികൾ കണ്ണും നട്ടിരിക്കുന്നത്. നാട്ടിൽ നിന്ന് പ്രത്യേകം കസവുകളും കേരളാ വേഷങ്ങളും വിപണിയിൽ സജീവമായിക്കഴിഞ്ഞു. കഥകളിയും മയിൽപ്പീലിയും മുതൽ മ്യൂറൽ ആർട്ടിന്റെ വൈവിധ്യമാർന്ന കേരളത്തനിമയുള്ള വസ്ത്രങ്ങളാണ് ഇത്തവണ വിപണിയിൽ എത്തിയിട്ടുള്ളത്. മലയാളികൾക്കൊപ്പം തന്നെ മറ്റ് സംസ്‌ഥാനക്കാരും,സ്വദേശികളും ഓണവിപണിയെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
ഓൺലൈൻ വിപണിയും സജീവം, പ്രാദേശിക സംരംഭകർക്ക് തിരിച്ചടി
ഓണാവസ്‌ത്ര വിപണി സജീവമാണെങ്കിലും ഓൺലൈൻ വിപണി ഈ മേഖലയെ സാരമായി ബാധിക്കുന്നതായി മനാമയിലെ ഒരു വസ്ത്ര വ്യാപാരി പറഞ്ഞു. നാട്ടിലെ പല പ്രമുഖ വസ്ത്രവ്യാപാര സ്‌ഥാപനങ്ങൾക്കും ഇപ്പോൾ ഓൺലൈൻ വില്പന കൂടി ഉള്ളത് കാരണം മലയാളികൾ പലരും ഇപ്പോൾ ഓൺലൈൻ ബുക്ക് ചെയ്ത് വസ്ത്രങ്ങൾ വാങ്ങുന്നത് പ്രാദേശിക കച്ചവടത്തെ ബാധിക്കുന്നുണ്ട്. അവധിക്ക് നാട്ടിലേക്ക് പോയ മലയാളികൾ ഭൂരിഭാഗം പേരും നാട്ടിൽ നിന്ന് വരുമ്പോൾ തന്നെ ഓണക്കോടികൾ വാങ്ങുന്നതും ബഹ്‌റൈനിലെ പ്രാദേശിക വസ്ത്ര വിപണിയെ ദുർബലമാക്കുന്നുണ്ട്. എന്നാലും സംഘടനകളുടെ ആഘോഷങ്ങൾ കടന്നു വരുന്നതാണ് ഓണം വിപണിയിൽ വലിയ ആശ്വാസം എന്ന് ഹമദ് ടൗണിലെ മലയാളിയായ വസ്ത്ര വ്യാപാരി പറഞ്ഞു. അസോസിയേഷനുകളുടെ കലാമത്സരങ്ങളും, മലയാളികളുടെ ആഘോഷങ്ങളും വർധിക്കുന്നത് വസ്ത്ര വിപണിയിലും കലാമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരു പ്രത്യേക ഉണർവ്വ് തന്നെ ഉണ്ടാക്കുന്നുണ്ട്.
ഓണസദ്യ ഓർഡറുകൾ തുടങ്ങി; മൂന്നു ദിവസങ്ങളിലും സദ്യ
ഓണം അടുത്തെത്തിയതോടെ റസ്റ്ററന്‍റ് മേഖലയും അരയും തലയും കെട്ടി ഓണസദ്യയുടെ ഒരുക്കങ്ങൾ തുടങ്ങി. റസ്റ്ററന്‍റുകൾക്കൊപ്പം പ്രമുഖ ഹൈപ്പർ മാർക്കറ്റുകളും ഓണസദ്യയുടെ ബ്രോഷറുകൾ പരസ്യപ്പെടുത്തിത്തുടങ്ങി.
ഇല ഒന്നിന് രണ്ടു ദിനാർ മുതൽ 4 ദിനാർ വരെ ഓണസദ്യയ്ക്ക് നിരക്ക് നിശ്ചയിച്ചാണ് ഈ മേഖലയിലെ 'മത്സരം ' മുറുകുന്നത്. അവധി ദിനം ആയത് കൊണ്ട് തന്നെ ഓണസദ്യ ഭൂരിപക്ഷവും വീട്ടിൽ ഉണ്ടാക്കുമോ അതോ ഓർഡർ ചെയ്യുമോ എന്നുള്ള ആശങ്കയും റസ്റ്ററന്‍റ് നടത്തിപ്പുകാർക്കിടയിൽ ഉണ്ട്. ഏതായാലും ഒരു അവധി ദിനം സദ്യയ്ക്ക് വേണ്ടി കഷ്ടപ്പെടാനില്ല എന്ന നിലപാടുള്ളവർക്ക് സദ്യ ഓർഡർ ചെയ്തു വരുത്താൻ തന്നെ ആണ് താല്പര്യം.