വേൾഡ് സ്‌കോളേഴ്‌സ് കപ്പ്: മബേല ഇന്ത്യൻ സ്കൂളിന് അഭിമാന നേട്ടം
Mail This Article
മബേല ∙ വേൾഡ് സ്‌കോളേഴ്‌സ് കപ്പ് 2024 സ്‌റ്റോക്ക്‌ഹോം, സിയോൾ എന്നീ രണ്ട് വേദികളിലായി നടന്ന മത്സരങ്ങളിൽ മബേല ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ മികച്ച നേട്ടം സ്വന്തമാക്കി. "വർത്തമാനകാലത്തെ പുനനിർമിക്കുക' എന്ന വിഷയത്തെ അടിസ്ഥാനമാക്കി 45 രാജ്യങ്ങളിൽ നിന്നുള്ള 2,500ലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിലാണ് ശ്രദ്ധേയനേട്ടം മബേല ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ കരസ്ഥമാക്കിയത്. സായ് ദൈവിക് ബ്രിജേഷ്, റിഷി സനത് കുമാർ, ജെഫിക ലിഫ്‌സി ജയകുമാർ, ജോയൽ ജിൻസൺ, സർവേശ് ഗോട്ടെ, ആദിദൈവ ഗുപ്ത, നിസ്രീൻ അലി നൗഷാദ്, ദിയ സുധാകർ, നർമിൻ ഫാത്തിമ എന്നീ വിദ്യാർഥികളാണ് വിജയം കരസ്ഥമാക്കിയത്.
40 സ്വർണ മെഡലുകളും 15 വെള്ളി മെഡലുകളും കരസ്ഥമാക്കിയ വിദ്യാർഥികൾ നവംബറിൽ അമേരിക്കയിലെ യേൽ യൂനിവേഴ്‌സിറ്റിയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിലേക്ക് യോഗ്യത നേടി. എഴുത്ത്, സംവാദം, ക്വിസ് എന്നിവയിൽ തങ്ങളുടെ ഉൾക്കാഴ്ചയും കഴിവും പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ മത്സരങ്ങളിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നത്. നിസ്രീൻ അലി നൗഷാദിനെ 'വൗവ് ഡിബേറ്റർ' ആയും സിയോളിലെ ജഡ്ജിംഗ് പാനലിലെ അംഗമായും തിരഞ്ഞെടുത്തത് അഭിമാനകരമായ നിമിഷമായിരുന്നു. സ്‌റ്റോക്ക്‌ഹോം, സിയോൾ റൗണ്ടുകളിൽ ഒമാൻ ദേശീയ പതാക വാഹകരായി മബേല സ്‌കൂളിലെ ജോയൽ ജിൻസണും നർമിൻ ഫാത്തിമയും തിരഞ്ഞെടുക്കപ്പെട്ടു.
സായ് ദൈവിക് ബ്രിജേഷ്, ഋഷി സനത് കുമാർ, ജെഫിക്ക ലിഫ്‌സി ജയകുമാർ എന്നിവരടങ്ങുന്ന ടീം റാങ്കിംഗിൽ അഞ്ചാം സ്ഥാനവും ജോയൽ ജിൻസൺ, സർവേഷ് ഗോട്ടെ, ആദിദൈവ ഗുപ്ത എന്നിവരടങ്ങുന്ന ടീം സ്‌റ്റോക്ക്‌ഹോമിൽ ആറാം സ്ഥാനവും നേടി. ആദിദൈവ ഗുപ്ത, നിസ്രീൻ അലി നൗഷാദ്, നർമിൻ ഫാത്തിമ എന്നിവർ സ്‌കോളേഴ്‌സ് ഷോയിൽ തങ്ങളുടെ അതുല്യ കഴിവുകൾ ആഗോള സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ലോകമെമ്പാടുമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും അടുത്തറിയാനും അനുഭവിക്കുന്നതിനുള്ള ഒരു അവസരമായിരുന്നു ഇതിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക മേള.
യുഎസ്എയിൽ നടക്കാനിരിക്കുന്ന അവസാന ഘട്ട ചാമ്പ്യൻസ് ടൂർണമെന്റിൽ ഈ വിജയം തുടരാൻ കഴയുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. അഭിമാനനേട്ടം സ്വന്തമാക്കിയ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻന്റ് ഷമീം ഹുസൈൻ അഭിനന്ദിച്ചു.