ഐടിഎസ് ലോക കോൺഗ്രസ് സമ്മേളനം ശ്രദ്ധ നേടുന്നു
Mail This Article
ദുബായ്∙ ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റം( ഐടിഎസ്) വിനിയോഗം, ഗതാഗത സുരക്ഷ, സുസ്ഥിരത എന്നീ വിഷയങ്ങളിലൂന്നിയുള്ള ഇന്‍റലിജന്‍റ് മൊബിലിറ്റി, ട്രാൻസ്പോർട്ട് ഡിജിറ്റലൈസേഷൻ (ഐടിഎസ്) 30-ാമത് ലോക കോൺഗ്രസ് ശ്രദ്ധേയമായി. വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന സമ്മേളനത്തിൽ ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളും ചർച്ചയായി. യുഎസ് ഗതാഗത വകുപ്പിലെ ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ജോയിന്‍റ് പ്രോഗ്രാം ഓഫിസ് ഡയറക്ടർ ബ്രയാൻ ക്രോണിൻ മുഖ്യ പ്രഭാഷണം നടത്തി. ബ്രയാൻ തന്നെയായിരുന്നു മോഡറേറ്ററും.
ഓട്ടോണമസ് വെഹിക്കിൾ കൺസൾട്ടിങ് സ്ഥാപകയും സിഇഒയുമായ സെലിക ജോസിയ ടാൽബോട്ട്, ടെന്നസി സർവകലാശാലയിൽ നിന്നുള്ള മിന സാർട്ടിപി, നെവാഡ ഗതാഗത വകുപ്പിൽ നിന്നുള്ള ട്രേസി ലാർക്കിൻ തോംസൺ, ഉമോവിറ്റിയിലെ അബ്ബാസ് മുഹദ്ദിസ് ഹ്വാകോം സിസ്റ്റംസ് ഇൻകോർപറേറ്റിലെ ഡോ. റൊണാൾഡ് വു, ഡോ. ഗ്രീസ് എർട്ടിക്കോ, ഐസിസിഎസ് ബോർഡ് ചെയർമാൻ ആഞ്ചലോസ് അംഡിറ്റിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുരക്ഷ, പാരിസ്ഥിതിക ആഘാതം, സാമ്പത്തിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല വെല്ലുവിളികൾക്ക് ഐടിഎസും വളർന്നു വരുന്ന സാങ്കേതിക വിദ്യകളും എങ്ങനെ നൂതന പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ചർച്ച ചെയ്തു. സമ്മേളനം ഈ മാസം 20ന് സമാപിക്കും.