റിയാദ് രാജ്യാന്തര പുസ്തകമേള 26 മുതൽ

Mail This Article
റിയാദ് ∙ റിയാദ് രാജ്യാന്തര പുസ്തകമേള സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ നടക്കും. ഖത്തറാണ് ഇത്തവണ പുസ്തകമേളയിലെ അതിഥി രാജ്യം. റിയാദിലെ കിങ് സഊദ് യൂണിവേഴ്സിറ്റിയിൽ സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഒരുക്കം പൂർത്തിയായി.
800 പവിലിയനുകളിലായി 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ലധികം പ്രാദേശിക, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എഴുത്തുകാരുടെയും ചിന്തകരുടെയും ബുദ്ധിജീവികളുടെയും സാന്നിധ്യം മേളയിലുണ്ടാകും. അഞ്ച് പതിറ്റാണ്ടായി തുടരുന്ന റിയാദ് രാജ്യാന്തര പുസ്തകമേളയ്ക്ക് ഭരണകൂടത്തിന്റെ പരിധിയില്ലാത്ത പിന്തുണയാണ് ലഭിക്കുന്നതെന്ന് സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അലവാൻ പറഞ്ഞു.
അറബ് സാംസ്കാരിക രംഗം രൂപപ്പെടുത്തുന്നതിൽ സൗദിയുടെ സുപ്രധാന സ്ഥാനത്തിന്റെയും ഏകീകരണത്തിന്റെയും മൂർത്തീഭാവമാണ് റിയാദ് പുസ്തകമേളയെന്ന് അലവാൻ പറഞ്ഞു.