യുഎഇ ചരിത്രത്തിലാദ്യമായി വിദ്യാർഥികൾക്കെല്ലാം ഓണസദ്യ; മാവേലിയായി അധ്യാപകൻ
Mail This Article
അജ്മാന്‍ ∙ പ്രവാസലോകത്തെ ഓണാഘോഷത്തിൽ പുതുമ പകർന്ന് യുഎഇയിൽ ഇതാദ്യമായി ഒരു വിദ്യാലയം അവിടത്തെ മുഴുവൻ കുട്ടികൾക്കും വാഴയിലയിൽ ഓണസദ്യ വിളമ്പി ചരിത്രം സൃഷ്ടിച്ചു. അജ്‌മാനിലെ അൽ അമീർ ഇംഗ്ളീഷ് സ്‌കൂളാണ് ഇങ്ങനെയൊരു ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതിയുടെ ദേശീയ അധ്യാപകപുരസ്‌കാരം നേടിയിട്ടുള്ള ഡോ. എസ്. ജെ. ജേക്കബിന്റെ താത്പര്യമാണ് വിദ്യാർഥികൾക്ക് ഓണാഘോഷവും ഒന്നിച്ച് ഓണസദ്യയുണ്ണാനുള്ള അവസരവുമൊരുക്കിയത്. സ്കൂളിന്റെ ഓണാഘോഷത്തിന്റെ ഭാഗമായിട്ടാണ് കുട്ടികൾക്ക് പങ്കുവയ്ക്കലിൻറെ പുതുപാഠം പകർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരേ പന്തലിനു കീഴിൽ കുട്ടികളെ മുഴുവൻ ഒരുമിച്ചിരുത്താനായിരുന്നു പദ്ധതി. എന്നാൽ ആയിരക്കണക്കിനു വരുന്ന കുട്ടികളെ ഒരുമിച്ചിരുത്തി സദ്യയൂട്ടൽ എളുപ്പമല്ലെന്നറിഞ്ഞ് ഒരേ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം ഓരോ ക്ലാസ്സിലും ആഹ്ളാദത്തിന്റെ രുചിവൈവിധ്യം എങ്ങനെ നുകരണമെന്ന് പഠിപ്പിക്കുകയായിരുന്നു.
കെ ജി മുതൽ 12 വരെയുള്ള ക്‌ളാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. കലാപരിപാടികളും അവതരിപ്പിച്ചു. ഇതേ സ്കൂളിലെ മലയാളം അധ്യാപകനും എഴുത്തുകാരനുമായ മുരളി മംഗലത്ത് മാവേലി വേഷംകെട്ടിയത് കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു. മാവേലിയെ നേരിൽ കണ്ടപ്പോൾ കുടവയറിൽ ഒന്നു തൊട്ടുനോക്കാനും അവർ മത്സരിച്ചു. കുട്ടികളോട് കുശലം പറഞ്ഞും പാട്ടുപാടി നൃത്തം ചെയ്തും മാവേലിയും കുട്ട്യോളും ഓണാഘോഷം 'കളറാ'ക്കി.
വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാഡമിക് കോ ഓർഡിനേറ്റർ ലത വാരിയർ, സ്റ്റാഫ് സെക്രട്ടറി അസ്‌മർ, പേരൻറ് കൗൺസിൽ പ്രസിഡന്റ് സുമയ്യ ഷിംജിയാസ്, കരാട്ടെ ഇൻസ്ട്രക്ടർ ലൂയിസ് ടിറ്റോ, സൂപ്പർവൈസർ മാരായ ഗീത നാരായണൻ, ഷർമിള ഉണ്ണിക്കൃഷ്ണൻ, റിഫാത് താരിഖ്, സുജാത പ്രകാശ്, ബീന ഹംസ, മിനി മാത്യു, ഷെഹർ ബാനു, ഇംഗ്ലീഷ് ഹെഡ് ആൻസി ദിലീപ്, അബ്‌ദുൾ സത്താറിൻറെ നേതൃത്വത്തിലുള്ള അധ്യാപകർ, വിദ്യാർഥി പ്രതിനിധികളായ അബ്‌ദുല്ല അസം, അബി ഹൈസൽ, ഹന്ന റോബിൻ, സായി കൃഷ്‌ണൻ, അൽബിൻ ഷാ, ആൽവിന എന്നിവർ നേതൃത്വം നൽകി.