അവിസ്മരണീയമായി 'രാഗോത്സവം' സംഗീതസന്ധ്യ
Mail This Article
അജ്മാൻ ∙ യുഎഇയിലെ ഗാനരചയിതാക്കളും സംഗീത സംവിധായകരും ചിട്ടപ്പെടുത്തിയ കുറേ ഗാനങ്ങളുടെ സംഗീത നൃത്താവിഷ്കരം 'രാഗോത്സവം' അജ്മാനിൽ അരങ്ങേറി. ആദ്യമായാണ് പ്രവാസികൾ തയാറാക്കിയ ഗാനങ്ങളുടെ ഒരു സംഗീത വിരുന്ന് നടക്കുന്നത്.
പാലക്കാട് പ്രവാസി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന സംഗീത വിരുന്നിൽ മേതിൽ സതീശൻ, രാജീവ് നായർ, ഗോകുൽ മേനോൻ എന്നിവർ രചിക്കുകയും സംഗീതം നൽകുകയും ചെയ്ത പാട്ടുകളുടെ ആവിഷ്കാരമാണ് നടന്നത്. പ്രശസ്ത സംഗീത സംവിധായകനും റേഡിയോ ഏഷ്യ സീനിയർ ആർട്ടിസ്റ്റുമായിരുന്ന ശശി വള്ളിക്കാട്, യുഎയിൽ ദീർഘകാലം ഗായകനായിരുന്ന അനു നാഗേന്ദ്രനാഥ്, ചന്ദ്രകുമാർ, പ്രിയ ആർ നായർ, ചന്ദ്രലേഖ, പൂനം, അരുണിമ, പ്രജിത്ത് ഡോ. രഞ്ജിത്ത്, ശശി മേനോൻ, നിഖിൽ സതീശൻ, അദ്വൈ വിജയ്, ലയ വിജയ്, സത്യൻ ചിലമ്പത്ത്, മനോജ് കൂളങ്ങാട്ട്, മനോജ് ശങ്കർ, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. രാജീവ് നായർ രചിച്ച തിരുവാതിരകളിയുടെ അവതരണത്തിൽ ലക്ഷ്മി ഗോകുൽ, ക്രിസ്റ്റ വിജയ്പ്രകാശ്, സുധന്യ സതീശൻ, സുമ തുളസി, നിത സന്ദീപ്, അരുണ്യ ഷാജി, ജ്യോതി സന്ദീപ്, ജിജി ജെയ്‌സൺ എന്നിവരും ഗാനനൃത്താവതരണത്തിൽ മേഘ പിള്ളയും പങ്കെടുത്തു.
ഉദ്ഘാടന യോഗത്തിൽ സെന്റർ പ്രസിഡന്റ് പ്രദീപ് കുമാർ കെ കെ, സെക്രട്ടറി പ്രദീപ് നെമ്മാറ തുടങ്ങിയവർ സംസാരിച്ചു. മേതിൽ സതീശൻ എഴുതി ഗോകുൽ മേനോൻ സംഗീതം നൽകി, ലയ വിജയ്പ്രകാശ് ആലപിച്ച 'സ്വരനിവേദ്യം' എന്ന സംഗീത ആൽബത്തിന്റെ പ്രകാശനവും അവതരണവും ഇതോടൊപ്പം നടന്നു. സെന്റർ പ്രസിഡന്റ് പ്രദീപ് കുമാർ, വിവേക് പിള്ള, ആർ സി പിള്ള എന്നിവർ ചേർന്നാണ് ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചത്. അജ്‌മാൻ ക്രൗൺ പാലസ് ഹോട്ടലിൽ നടന്ന സംഗീത വിരുന്നിൽ നൂറോളം കുടുംബങ്ങൾ പങ്കെടുത്തു. കോർഡിനേറ്റർ സംഗീത ശ്രീകാന്ത് സ്വാഗതവും ഇവന്റ് ഡയറക്ട്ടർ വിജയ് പ്രകാശ് നന്ദിയും പറഞ്ഞു.