ADVERTISEMENT

ദുബായ് ∙ ദുബായിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ രണ്ട് മണിക്കൂറുകള്‍ കൊണ്ട് കാണണോ? വഴിയുണ്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ദുബായ് ഓണ്‍ ആൻഡ് ഓഫ് ബസാണ് ഇത്തരത്തിലൊരു സൗകര്യമൊരുക്കുന്നത്. സെപ്റ്റംബറിലാണ് ആർടിഎ ഓണ്‍ ആൻഡ് ഓഫ് ബസ് ആശയം നടപ്പിലാക്കിയത്. 8 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ബസ് സഞ്ചരിക്കുക. താമസക്കാർക്കും സന്ദർശകവിസയിലെത്തിയവർക്കും സേവനം പ്രയോജനപ്പെടുത്താം.

1. ദുബായ് മാള്‍
ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളും വിനോദസഞ്ചാരകേന്ദ്രവുമായ ദുബായ് മാളില്‍ നിന്ന് യാത്ര ആരംഭിക്കാം. 1200 ഷോപ്പുകളും വലിയ അക്വേറിയവും ഒളിമ്പിക്സ് സ്റ്റേഡിയത്തോളം വലിപ്പമുളള ഐസ് റിങ്കുമെല്ലാം ദുബായ് മാളിന്‍റെ സവിശേഷതയാണ്.

2. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ
രൂപകല്‍പനകൊണ്ടുതന്നെ ലോകശ്രദ്ധനേടിയ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിക്കാം. ഫോട്ടോയെടുത്ത് ദുബായ് യാത്രയുടെ ഓർമ്മയ്ക്കായി സൂക്ഷിക്കാം. രാവിലെ 9 മുതല്‍ വൈകീട്ട് 7 മണിവരെ പ്രവർത്തിക്കുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലേക്കുളള പ്രവേശനടിക്കറ്റ് നിരക്ക് 149 ദിർഹമാണ്.

3. ദുബായ് ഫ്രെയിം
പുതിയ ദുബായും പഴയ ദുബായും ഒരുമിച്ച് കാണാന്‍ ആഗ്രഹമുളളവർക്ക് ദുബായ് ഫ്രെയിമിലേക്ക് പോകാം. ദുബായ് നഗരത്തിന്‍റെ ഭംഗിയറിയാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ദുബായ് ഫ്രെയിം. 2018 ലാണ് ദുബായ് ഫ്രെയിം സന്ദർശകർക്കായി തുറന്നുകൊടുത്തത്. 150 മീറ്റർ ഉയരത്തിലുളള രണ്ട് ടവറുകളെ ബന്ധിച്ച് 93 മീറ്റർ നീളത്തിലുളള ഗ്ലാസ് പാലമാണ് ഫ്രെയിമിന്‍റെ പ്രത്യേകത. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 52.50 ദിർഹവും കുട്ടികള്‍ക്ക് 30.12 ദിർഹവുമാണ്.മൂന്ന് വയസിന് താഴെയുളളവർക്ക് പ്രവേശനം സൗജന്യമാണ്.

4. ഹെറിട്ടേജ് വില്ലേജ്
നഗരജീവിതത്തിന്‍റെ ഏറ്റവും ആധുനിക കാലഘട്ടത്തിലാണെങ്കിലും പഴമ അതുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട് ദുബായ്. ഹെറിട്ടേജ് വില്ലേജ് ദുബായുടെ പ്രൗഢ പാരമ്പര്യത്തിന്‍റെ ഉദാഹരണമാണ്.

5. ദുബായ് ഗോള്‍ഡ് സൂഖ്
മഞ്ഞലോഹം ഇഷ്ടപ്പെടുന്നവർ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലമാണ് ദുബായ് ഗോള്‍ഡ് സൂഖ്. ആഭരണമേഖലയിലെ പുതുമയും പഴമയും ഒരുമിക്കുന്ന ദുബായ് ഗോള്‍ഡ് സൂഖിലും ഓണ്‍ ആൻഡ് ഓഫ് ബസെത്തും.

6. ജുമൈറ ഗ്രാന്‍ഡ് മസ്ജിദ് (ജുമൈറ മോസ്ക്)
പ്രാദേശിക സംസ്കാരത്തെ കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹമുളളവർക്ക് ജുമൈറ ഗ്രാന്‍ഡ് മസ്ജിദ് മികച്ച തെരഞ്ഞെടുപ്പാണ് വാസ്തുവിദ്യകൊണ്ട് ശ്രദ്ധനേടിയ മസ്ജിദാണ് ഇത്. എല്ലാ മതങ്ങളിലുമുളള സന്ദർശകരെ ജുമൈറ ഗ്രാന്‍ഡ് മസ്ജിദ് സ്വാഗതം ചെയ്യുന്നു.

7. ലാമെർ ബീച്ച്
കടല്‍ത്തീരത്തെ സായാഹ്നം ആസ്വദിക്കാന്‍ ലാമെർ ബീച്ചിലേക്ക് പോകാം.

8. സിറ്റിവാക്ക്
ഷോപ്പിങിനായും വിവിധ രുചികളിലെ ഭക്ഷണം ആസ്വദിക്കാനും സിറ്റിവാക്ക് മികച്ച തെരഞ്ഞെടുപ്പാണ്. വിനോദകേന്ദ്രമെന്നരീതിയിലും സിറ്റിവാക്ക് സന്ദർശകരുടെ ഇഷ്ടകേന്ദ്രമാണ്.

∙ അല്‍ ഖുബൈബയിലും സ്റ്റോപ്
ബസ് അല്‍ ഗുബൈബ ബസ് സ്റ്റേഷനിലൂടെയും കടന്നുപോകും. ആവശ്യക്കാർക്ക് അല്‍ ഖുബൈബ മെട്രോ സ്റ്റേഷന്‍, മറൈന്‍ ട്രാന്‍സ്പോർട്ട് സ്റ്റേഷന്‍ എന്നിവ ഉപയോഗപ്പെടുത്തി യാത്ര തുടരാം.

∙ ബസ് സമയമിങ്ങനെ
രാവിലെ 10 മുതല്‍ വൈകീട്ട് 10 വരെയാണ് ബസ് സർവ്വീസുളളത്.ദുബായ് മാളില്‍ നിന്ന് ഓരോ 60 മിനിറ്റ് ഇടവേളയിലും ഓണ്‍ ആൻഡ് ഓഫ് ബസ് സേവനം ലഭ്യമാണ്.

∙ രണ്ട് മണിക്കൂർ, 8 വിനോദസഞ്ചാരകേന്ദ്രങ്ങള്‍
രണ്ട് മണിക്കൂറുകൊണ്ട് ദുബായിലെ പ്രധാനപ്പെട്ട 8 വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെയുളള യാത്രയാണ് ഓണ്‍ ആൻഡ് ഓഫ് ബസ് ലക്ഷ്യമിടുന്നത്. ഒരാള്‍ക്ക് 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നോല്‍ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാം. യാത്ര തുടങ്ങും മുന്‍പ് നോല്‍ കാർഡില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കണം. ഒരു ദിവസമാണ് ടിക്കറ്റിന്‍റെ വാലിഡിറ്റി. മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കും ദുബായ് ഫ്രെയിമിലേക്കുമുളള പ്രവേശനടിക്കറ്റ് ഇതില്‍ ഉള്‍പ്പെടില്ല.

English Summary:

Explore Dubai with On & Off Bus: See Top 8 Landmarks in Just Two Hours For Just Dh35

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com