റാസൽഖൈമയിലെ ഫാമിൽ നടത്തിയ റെയ്ഡിൽ കണ്ടുകെട്ടിയത് 7,195 കിലോഗ്രാം പുകയില

Mail This Article
റാസൽഖൈമ ∙ റാസൽഖൈമയിലെ ഒരു ഫാമിൽ നടത്തിയ റെയ് ഡിൽ വെട്ടിപ്പ് നടത്തിയ ഏകദേശം 7,195 കിലോഗ്രാം പുകയില, പുകയില ഉൽപന്നങ്ങൾ കണ്ടുകെട്ടി. ഇതിൻ്റെ വിപണി മൂല്യം 12 ദശലക്ഷം ദിർഹമാണ്. റാസൽഖൈമയിൽ ഫെഡറൽ ടാക്‌സ് അതോറിറ്റിയുടെ (എഫ്ടിഎ) സഹകരണത്തോടെയാണ് അനധികൃത വസ്തുക്കൾ പിടികൂടിയത്. റാസൽഖൈമയുടെ തെക്കൻ പ്രദേശങ്ങളിലെ വിവിധ ഫാമുകളിൽ ലൈസൻസില്ലാത്ത പുകയില ഉൽപന്നങ്ങൾ കണ്ടെത്തുന്നതിന് അധികൃതർ നടപടികൾ ആരംഭിച്ചു.
നിയമലംഘകർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. എല്ലാ നിരോധിത വസ്തുക്കളും കണ്ടുകെട്ടി നിയമ നടപടികൾക്കായി കുറ്റവാളികളെ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ എല്ലാവർക്കും പിഴയും ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിൽ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ മാസങ്ങളോളം അനധികൃത കച്ചവടം നടത്തിയതായി ഫാം തൊഴിലാളികൾ സമ്മതിച്ചു. കാലഹരണപ്പെട്ട പുകയില വസ്തുക്കൾ വിവിധ നിറങ്ങളും ചായങ്ങളും കലർത്തുന്നതായി കണ്ടെത്തി.
ഇത് ഏതെങ്കിലും രൂപത്തിലോ പേരിലോ പുകയില വ്യാപാരം തടയുന്ന ഉപയോക്തൃ സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണ്. ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി കൊമേഴ്‌സ്യൽ കൺട്രോൾ ടീം വർഷം മുഴുവനും അതിൻ്റെ കാമ്പെയ്‌നുകൾ തുടരുമെന്ന് ഉറപ്പുനൽകി. എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തുകയാണെങ്കിൽ അത് റിപോർട്ട് ചെയ്യാനും അഭ്യർഥിച്ചു.