നൂതന പദ്ധതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ ജൈറ്റക്സിന് പങ്ക്: ഷെയ്ഖ് മൻസൂർ
Mail This Article
ദുബായ് ∙ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യയും സ്റ്റാർട്ടപ്പ് ഇവന്‍റുമായ ജൈറ്റെക്‌സ് ഗ്ലോബൽ 2024 ന്‍റെ 44-ാമത് പതിപ്പ് ദുബായ് പോർട്ട് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു.
ഈ മാസം 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന പ്രദർശനത്തിൽ 6,500-ലേറെ പ്രദർശകരും 1,800 സ്റ്റാർട്ടപ്പുകളും 1,200 നിക്ഷേപകരും 180 ലേറെ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികളും പങ്കെടുക്കുന്നു. 'ഭാവി എഐ സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനുള്ള ആഗോള സഹകരണം' എന്ന പ്രമേയത്തിന് കീഴിൽ ദുബായിൽ ആഗോള സാങ്കേതിക വ്യവസായത്തിലെ നേതാക്കളെയും നൂതന പദ്ധതികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ ജൈറ്റക്സിന് പങ്കുണ്ടെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു.
ദുബായെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ആഗോള ഹബ്ബായും രാജ്യാന്തര ഡിജിറ്റൽ രംഗത്തെ ഒരു പ്രധാന പങ്കാളിയായി ഉയർത്തുന്നതിനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ജൈറ്റെക്‌സ് ഗ്ലോബലിന്‍റെ പങ്കിനെ അഭിനന്ദിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് - ദുബായ്, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് പൊലീസ്, ഫോർട്ടിനെറ്റിന് പുറമെ ദുബായ് ഗവൺമെന്‍റ്, അബുദാബി ഗവൺമെന്‍റ്, യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ഡു തുടങ്ങിയ മറ്റ് പ്രധാന സ്ഥാപനങ്ങൾ ഉൾപ്പെടെ, പരിപാടിയുടെ 44-ാമത് പതിപ്പിൽ പങ്കെടുക്കുന്ന പ്രധാന ദേശീയ സ്ഥാപനങ്ങളുടെ പവലിയനുകളും ബൂത്തുകളും ഷെയ്ഖ് മൻസൂർ സന്ദർശിച്ചു.
ജൈറ്റക്‌സ് ഗ്ലോബൽ 2024-ൽ ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾക്കും പദ്ധതികൾക്കും സേവനങ്ങൾക്കും ഷെയ്ഖ് മൻസൂർ തന്‍റെ അഭിനന്ദനം അറിയിച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദർശിപ്പിച്ച നൂതന ആപ്ലിക്കേഷനുകൾ ഡിജിറ്റൽ പരിവർത്തനത്തിലെ യുഎഇയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുകയും രാജ്യത്തിന്‍റെ ഉയർന്ന തലത്തിലുള്ള ഭാവി തയാറെടുപ്പുകൾ സ്ഥിരീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.