ബർകിത്ന കാർഡുമായി അബുദാബി: 60 വയസ്സ് പിന്നിട്ടവർക്ക് ആനുകൂല്യങ്ങളേറെ; താം സൈറ്റിൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് കാർഡിന് അപേക്ഷിക്കാം
Mail This Article
അബുദാബി ∙ മുതിർന്ന പൗരന്മാർക്കും താമസക്കാർക്കും സേവനത്തിൽ നിരക്കിളവും മുൻഗണനയും ലഭിക്കുന്ന ബർകിത്ന കാർഡ് അബുദാബി പുറത്തിറക്കി. അറുപതോ അതിൽ കൂടുതലോ പ്രായമുള്ളവർക്കാണ് ആനുകൂല്യം. സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖല എന്നിവയുൾപ്പെടെ വിവിധ തലങ്ങളിലുള്ള സേവനങ്ങൾ കാർഡിൽ ഉൾപ്പെടുത്തി. സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഇളവ് ലഭിക്കുന്നതിന് ഫസാ കാർഡും നൽകും.
താം വെബ്സൈറ്റിൽ www.tamm.abudhabi പ്രവേശിച്ച് എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ബർകിത്ന കാർഡിന് അപേക്ഷിക്കാം. കാർഡ് ഉടമകൾക്ക് പ്രത്യേക കൗണ്ടറുകൾ, വാലെ പാർക്കിങ്, വൈദ്യസഹായം, സൗജന്യ സ്പോർട്സ് കൺസൽറ്റേഷൻ, വ്യക്തിയുടെ പേരിൽ റജിസ്റ്റർ ചെയ്ത ഒരു വാഹനത്തിന് ടോൾ ഇളവ്, അൽഐൻ, അബുദാബി, അൽദഫ്ര എന്നിവിടങ്ങളിലേക്ക് സൗജന്യ ബസ് യാത്ര (മുഖീം കാർഡ്), ഇത്തിസലാത്ത്, ഡു പാക്കേജ് ഇളവ്, എയർ അറേബ്യയിൽ അഡീഷനൽ ടിക്കറ്റിന് 10 ശതമാനം ഇളവ്, മുൻനിരയിൽ സീറ്റ്, ഭക്ഷണം, തിരഞ്ഞെടുത്ത ആശുപത്രികളിൽ 20 ശതമാനം ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യം ലഭിക്കും.