ഒടുവിൽ റഹീമിനെ നേരിൽ കണ്ട് ഉമ്മ; ജയിലിൽ വികാര നിർഭരമായ കൂടിക്കാഴ്ച
Mail This Article
റിയാദ്∙ ഉമ്മയ്ക്കും മകനും ഇടയിൽ രണ്ടു പതിറ്റാണ്ടോളം നീണ്ട കാഴ്ചയുടെ ഇടവേളയുണ്ടായിരുന്നു. ഇരുവർക്കും ഇടയിൽ പറയാൻ വാക്കുകളേറെയുണ്ടായിരുന്നു. തൊട്ടടുത്തെത്തിയിട്ടും കാണാതെ പോയതിന്റെ പരിഭവം പറഞ്ഞുതീർക്കാനുമുണ്ടായിരുന്നു. സങ്കടത്തിന്റെ പെരുംങ്കടൽ താണ്ടിയെത്തിയ ഫാത്തിമ ഒടുവിൽ മകനെ കണ്ടു.
വധശിക്ഷയിൽനിന്ന് മുക്തനായി ജയിലിൽനിന്ന് മോചിതനാകാനെടുക്കുന്ന സമയത്തിന്റെ ഇടവേളയിലായിരുന്നു സന്ദർശനം. സൗദി അറേബ്യയിലെ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെയാണ് ഉമ്മ ഫാത്തിമ ജയിലിൽ എത്തി സന്ദർശിച്ചത്. മക്കയിൽനിന്ന് ഉംറ നിർവഹിച്ച ശേഷം റിയാദിൽ എത്തിയ ഫാത്തിമ ഇന്ന് രാവിലെയാണ് റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയത്.
കൂടിക്കാഴ്ച അരമണിക്കൂറിലേറെ നേരം നീണ്ടുനിന്നു. കഴിഞ്ഞ ദിവസം ജയിലിൽ റഹീമിനെ കാണാൻ എത്തിയിരുന്നെങ്കിലും ഇരുവർക്കും കാണാൻ കഴിഞ്ഞിരുന്നില്ല. തൽക്കാലം ആരും സന്ദർശിക്കേണ്ടതില്ലെന്ന റഹീമിന്റെ തീരുമാനമായിരുന്നു ആദ്യ ദിവസത്തെ സന്ദർശനത്തിന് തടസമായത്. ഇന്ന് രാവിലെ റിയാദിലെ ഇന്ത്യൻ എംബസിയിലെത്തിയ ഫാത്തിമ പിന്നീട് ജയിലിൽ എത്തി റഹീമിനെ സന്ദർശിച്ചത്. ഇരുവരും അരമണിക്കൂറിലേറെ നേരം സംസാരിച്ചു.
ഈ മാസം പതിനേഴിനാണ് റഹീമിന്റെ കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ ശിക്ഷ പിന്നീട് കോടതി റദ്ദാക്കിയിരുന്നു. ചില കോടതി നടപടികൾ കൂടി പൂർത്തിയാക്കിയാൽ റഹീം ജയിൽ മോചിതനാകും.