ചുറ്റുപാടുകൾ പറയുന്ന കഥകൾക്ക് കാതോർക്കുക: ജോർജി
Mail This Article
ഷാർജ ∙ മറവികളിലാണ്ടുപോയ നിമിഷങ്ങളെ വീണ്ടെടുക്കലാണ് തന്റെ എഴുത്തുകളെന്ന് ബുക്കർ പ്രൈസ് ജേതാവും ബൾഗേറിയൻ നോവലിസ്റ്റുമായ ജോർജി ഗോസ്പോഡിനോവ്. വർത്തമാന കാലത്തിന്റെ ആകുലതകളില്ലാതെ, കഴിഞ്ഞുപോയ കാലങ്ങളെ ആസ്വദിക്കാൻ തന്റെ എഴുത്തിലൂടെ വായനക്കാർക്കു കഴിയുമെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അദ്ദേഹം പറഞ്ഞു.
‘ഭാവനകൾക്ക് യാഥാർഥ്യങ്ങളെക്കാൾ മനോഹാരിതയുണ്ടാകും. ഒരിക്കലും പാരിസിൽ പോയിട്ടില്ലാത്ത തന്റെ മാതാപിതാക്കൾ ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലമെന്നാണു പാരിസിനെക്കുറിച്ചു തന്നോടു പറഞ്ഞിരുന്നത്.n ഒരിക്കൽ അവിടം നേരിട്ടു കാണാൻ കഴിഞ്ഞപ്പോൾ, തന്റെ മാതാപിതാക്കൾ വർണിച്ച പാരിസിന് ഇതിലും സൗന്ദര്യമുണ്ടെന്നു തോന്നിപ്പോയി’– അദ്ദേഹം പറഞ്ഞു.
‘ദ് ഫിസിക്സ് ഓഫ് സോറോ ആൻഡ് ടൈം ഷെൽറ്റർ’ എന്ന രചനയ്ക്കാണ് 2023ൽ ജോർജിക്ക് ബുക്കർ പ്രൈസ് ലഭിച്ചത്. വൈകാരിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും അറിയാത്ത കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിലും ഭയപ്പെടേണ്ടതില്ല. ചുറ്റുപാടുകൾ പറയുന്ന കഥകൾക്കു കാതോർക്കുക. തെരുവുകളിലൂടെ നടക്കുമ്പോൾ അത്തരം കഥകൾക്ക് ചെവികൊടുക്കുക. ഹൃദയവും കണ്ണുകളും കാതുകളും അത്രമാത്രം തുറന്നിരിക്കുന്നത് എഴുത്തുകാർക്ക് വളരെ പ്രധാനമാണ്. അതുപോലെ സ്വന്തം കഥകൾ പറയാനുള്ള ആർജവം ഉണ്ടാക്കണമെന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു.