ADVERTISEMENT

റിയാദ് ∙ ശരീരം തളർന്ന് കിടപ്പിലായ പാറശ്ശാല സ്വദേശിക്ക് നാടണയുന്നതിന്ന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. മൂന്ന് വർഷം മുൻപാണ് കന്യാകുമാരി പാറശ്ശാല സ്വദേശി സ്റ്റാലിൻ ശരീരം തളർന്ന് കിടപ്പിലാകുന്നത്. റിയാദിലെ അൽഖർജ് പ്രവിശ്യയിൽ കെട്ടിട നിർമാണ തൊഴിലാളിയായ സ്റ്റാലിൻ,  സാധനങ്ങൾ വാങ്ങുന്നതിനായി റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ പ്രദേശവാസികൾ അൽഖർജ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരം തളർന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം ബോധം തിരിച്ചു കിട്ടിയെങ്കിലും പിന്നീട് ആറു മാസത്തോളം സമയമെടുത്തു ആരോഗ്യം വീണ്ടെടുക്കാൻ. അതിനിടയിൽ വിദഗ്ദ ചികിത്സയക്ക് നാട്ടിലയക്കാനായി സ്പോൺസർ എക്സിറ്റ് അടിക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്‍റെ പേരിൽ കേസ് ഉള്ളതായി അറിയുന്നത്.

തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്‍റെ വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല. അപ്പോഴേക്കും ആറുമാസത്തിലേറെയായിരുന്നു. ഇതിനിടെ അൽഖർജ് ജനറൽ ആശുപത്രിയിലെ ചികിത്സയിൽ അസുഖം ഒരുവിധം ഭേദമായി. തുടർന്ന് സ്റ്റാലിൻതന്നെ നാടണയാനുള്ള ശ്രമം നടത്തി. പക്ഷെ ഇയാളുടെ പേരിലുള്ള കേസ് എന്താണ് അറിയാതെ കുഴഞ്ഞു.

ഒടുവിൽ സഹായത്തിനായി കേളി പ്രവർത്തകരെ സമീപിക്കുകയായിരുന്നു. താൻ ഇതുവരെയും ഒരു കേസിൽ പോലുംപ്പെട്ടിട്ടില്ലെന്ന ഉറച്ച ബോധ്യത്തിലായിരുന്നു സ്റ്റാലിൻ. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി അംഗവും അൽഖർജ് ഏരിയ കൺവീനറുമായ നാസർ പൊന്നാനി ഇന്ത്യൻ എംബസി മുഖേന നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ബത്ത സ്റ്റേഷനിൽ മദ്യവുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്ന് അറിയാൻ സാധിച്ചത്.

അൽഖർജിൽ താമസിക്കുന്ന താൻ എങ്ങിനെ ബത്ത സ്റ്റേഷനിൽ ഇത്തരത്തിൽ ഒരു കേസിൽ പെട്ടു എന്നത് സ്റ്റാലിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് സ്വയം പരിശോധിച്ചപ്പോഴാണ് മുൻപ് ബത്തയിൽ പോയി തിരികെ വരും വഴി ടാക്സിയിൽ ഉണ്ടായിരുന്ന രണ്ട് അറബ് വംശജർ വഴക്കടിക്കുകയും ഡ്രൈവർ പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തതായി സ്റ്റാലിൻ ഓർക്കുന്നത്.

പൊലീസിനെ കണ്ടതും വഴക്ക് കൂടിയവർ റോഡ് മുറിച്ചു കടന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് വാഹനം പരിശോധിക്കുകയും വാഹനത്തിൽ നിന്നും മദ്യം പിടികൂടുകയും ചെയ്തു. തുടർന്ന് ബത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ഡ്രൈവറെയും സ്റ്റാലിനെയും  രണ്ട് മണിക്കൂറിനകം പറഞ്ഞു വിട്ടു. ഈ സംഭവം നടക്കുന്നത് അഞ്ച് വർഷം മുൻപാണെന്ന് സ്റ്റാലിൻ പറയുന്നു. തുടർന്ന് നാസർ പൊന്നാനി ബത്ത സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യാഗസ്ഥനെ കണ്ട് സ്റ്റാലിന്‍റെ വിവരങ്ങൾ ധരിപ്പിച്ചു.

രേഖകൾ പരിശോധിച്ച പൊലീസ് മേധാവി കേസ് റദ്ദ് ചെയ്യാനും എക്സിറ്റ് അടിക്കുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു. ഇന്ത്യൻ എംബസിയും പിന്തുണച്ചു.  2013ൽ സൗദിയിലെത്തിയ സ്റ്റാലിൻ2018ലാണ് അവസാനമായി നാട്ടിൽ പോയ്‌ വന്നത്. മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു 2018ൽ നാട്ടിൽ പോയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021ൽ നാട്ടിൽ പോകാനിരിക്കുന്ന സമയത്താണ് ശരീരം തളർന്ന് കിടപ്പിലാകുന്നത്.

സ്റ്റാലിന്‍റെ പേരിലുണ്ടായിരുന്ന കേസ് പിൻവലിച്ച് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എക്സിറ്റ് തരപെടുത്തി. ദീർഘകാലം രോഗാവസ്ഥയിലും ജോലിയില്ലാതെയും കഴിഞ്ഞ സ്റ്റാലിന് സഹപ്രവർത്തകരും, സുമനസുകളുമാണ് തുണയായത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ ശരിയാവാനെടുത്ത കാലതാമസം ഒരു തരത്തിൽ അനുഗ്രഹമായി മാറി. ഈ കാലയളവിനുള്ളിൽ അസുഖം പൂർണ്ണമായി മാറുകയും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്‌തു. എക്സിറ്റ് ലഭിച്ച സ്റ്റാലിന്  യാത്രാ ടിക്കറ്റും, വസ്ത്രങ്ങളുമെല്ലാം സുഹൃത്തുക്കൾ നൽകി. ആറുവർഷത്തിനു ശേഷം സ്റ്റാലിൻ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

English Summary:

Keli Association helps to Parassala native reach home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com