രോഗം കാരണം നാവ് മുറിച്ചു, തലച്ചോറിൽ രക്തം കട്ട പിടിച്ചു; ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളി
Mail This Article
ദുബായ് ∙ ആദ്യം അർബുദം ബാധിച്ച് നാവു മുറിച്ചു. എങ്കിലും ജീവിതത്തോട് പോരാടി ജോലി ചെയ്തു മുന്നോട്ടുപോകവേ പക്ഷാഘാതം വന്ന് കിടപ്പിലായി. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി ഗുരുതരാവസ്ഥയില്‍ ദുബായിലെ ആശുപത്രിയിൽ കഴിയുന്ന മലയാളിക്ക് തുടർ ചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങണം. പക്ഷേ, നേരത്തെ എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് കേസ് നൽകുകയും യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തതിനാൽ നാട്ടിലേക്കുള്ള തിരിച്ച് വരവ് പ്രതിസന്ധിയിലാണ്.
തൃശൂർ കണ്ടശ്ശംകടവ് കൂട്ടാല കെ.പി. സർഗിത് (55) ആണ് ഒരു മാസത്തോളമായി ദുബായ് മെഡ് സിറ്റി ആശുപത്രിയിൽ കഴിയുന്നത്. ഇതുവരെയുള്ള ചികിത്സയ്ക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരുന്നതിനാൽ രക്ഷയായി. പക്ഷേ, അടിയന്തരമായി നൽകേണ്ട തുടർചികിത്സ ഇൻഷുറൻസ് പരിധിയിൽ വരാത്തതാണ് പ്രശ്നമായത്.
∙ നാവ് പകുതി മുറിച്ചു; സംസാരശേഷി ഭാഗികമായി
20 വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന സർഗിതിന് 2012 ലായിരുന്നു അർബുദം ബാധിച്ചത്. തുടർന്ന് നാവ് പകുതി മുറിച്ചു മാറ്റേണ്ടി വന്നു. സംസാരം കുഴഞ്ഞുപോയെങ്കിലും ആരോഗ്യവാനായിരുന്നതിനാൽ കഴിഞ്ഞ 12 വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്നാഴ്ച മുൻപാണ് പക്ഷാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലതുഭാഗം തളരുകയും തലച്ചോറിൽ രക്തം കട്ട പിടിക്കുകയുമായിരുന്നു.
∙ ഭീമമായ ആശുപത്രി ബില്ല്; ഒപ്പം ബാങ്കുവായ്പയും
നാട്ടിൽ ഭാര്യയും 10–ാം ക്ലാസിൽ പഠിക്കുന്ന മകളും ആറാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള സർജിത് വിവിധ ആവശ്യങ്ങൾക്കായി നേരത്തെ യുഎഇയിലെ ഒരു ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് കാലയളവിൽ ജോലി നഷ്‌ടപ്പെട്ടതിനാൽ വീഴ്ച വരികയും പലിശകൂടി അത് 107,450 ദിർഹം ആകുകയും ചെയ്തു. പിന്നീട് സുരേഷ് ഗോപി എംപിയുടെ ഇടപെടലിലൂടെ ഇന്ത്യൻ കോൺസുലേറ്റ് ബാങ്കുമായി നടത്തിയ ചർച്ചയിൽ 30,000 ദിർഹമാക്കി കുറച്ചു. ജോലി നഷ്ടപ്പെട്ട് പിരിയുന്ന സമയത്ത് കമ്പനി ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത ആനുകൂല്യങ്ങളുടെ ഭാഗമായുള്ള ചെറു സംഖ്യ ബാങ്ക് വായ്പയുടെ അടവിലേയ്ക്ക് പോയതിന് ശേഷമുള്ള തുകയാണിത്.
2022 വരെ ഇദ്ദേഹം നാട്ടിലേക്ക് അവധിക്ക് പോകുമായിരുന്നു. ഇപ്പോൾ ബാങ്ക് കേസ് ഫയൽ ചെയ്യുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതിനാൽ തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്ന് ഇദ്ദേഹത്തിന്‍റെ കാര്യങ്ങളിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകൻ എം.എസ്.ശ്രീജിത്, ജിൽസൺ എന്നിവർ മനോരമ ഓൺലൈനിനോട് പറഞ്ഞു. 30,000 ദിർഹം തിരിച്ചടച്ചാൽ മാത്രമേ കേസ് പിൻവലിച്ച് യാത്രാ വിലക്ക് നീക്കുകയുള്ളൂ എന്നാണ് ബാങ്കുകാർ പറയുന്നത്.
ഇതിൽ 10,000 ദിർഹം നൽകാമെന്ന് സർജിത് ജോലി ചെയ്തിരുന്ന കമ്പനിയുടെ മലയാളിയായ ഉടമ പറഞ്ഞിട്ടുണ്ട്. എന്നാൽ ചികിത്സ എത്രയും പെട്ടെന്ന് നൽകിയാൽ മാത്രമേ ഇദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനാകുകയുള്ളൂ. ഇന്ത്യൻ കോൺസുലേറ്റിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
സര്‍ജിതിന്‍റെ ബാങ്ക് അക്കൗണ്ട് ഡിറ്റെയിൽസ്:
NAME- Sargith. K. P
BANK- Dubai Islamic bank
A/c No. 001520153708401
IBAN - AE640240001520153708401