ഒമാൻ ഫാമിലി കോൺഫറൻസ് സമാപിച്ചു
Mail This Article
മസ്‌കത്ത് ∙ ഒമാൻ ഫാമിലി കോൺഫറൻസ് സമാപിച്ചു. ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റൂവി, സീബ്, ബർക്ക, സോഹാർ എന്നീ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബർക്കയിൽ നടന്ന കോൺഫറൻസ് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുലത്തീഫ് മദനി ഉദ്ഘാടനം നിർവഹിച്ചു.
ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ് ഇഹ്‌ജാസ് അഹമ്മദ് അധ്യക്ഷനായി. "വീട്ടിലെ പ്രവാചകൻ (സ)", "വിശ്വാസ വിശുദ്ധിയിലൂടെയാണ് വിജയം" എന്നീ വിഷയങ്ങളിൽ യഥാക്രമം അബ്ദുൽ നാസർ മൗലവി വല്ലപ്പുഴ, സൽമാൻ അൽ ഹികമി എന്നിവർ പ്രസംഗിച്ചു. മസ്‌കത്ത് സെന്റർ സെക്രട്ടറി അനസ് ഇളയേടത്ത് സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ.കെ അബ്ബാസ് പട്ടാമ്പി നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് ഷെഫീർ, മസ്‌കത്ത് സെന്റർ പ്രസിഡന്റ് സാജിദ്, സീബ് സെന്റർ പ്രസിഡന്റ് അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളത്തിലെ വിവിധ ജില്ലകളിൽ തുടങ്ങിയ ഫാമിലി കോൺഫറൻസുകൾക്ക് പുറമെ ജിസിസി രാഷ്ട്രങ്ങളിൽ കുവൈത്ത്, ഖത്തർ, സൗദി അറേബ്യയിലെ ജിദ്ദ എന്നിവിടങ്ങളിലാണ് നേരത്തെ ഫാമിലി കോൺഫറൻസ് പൂർത്തിയായത്. കോൺഫറൻസിന് സമാന്തരമായി ഇടം എന്ന പേരിൽ വിജ്ഞാനവേദി നടന്നു. കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ കളിച്ചങ്ങാടം പ്രോഗ്രാമിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാ-വൈജ്ഞാനിക പരിപാടികളും നടന്നു. ഷഹീം താനാളൂർ, അൽ ഫഹദ് അൽ ഹികമി എന്നിവർ കുട്ടികളുമായി സംവദിച്ചു.