യെമനിൽ സൗദി സൈനികരെ കൊലപ്പെടുത്തിയ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം
Mail This Article
സൻആ ∙ യെമനിലെ ഹദ്‌റമൗത്തിലെ സിയൂനില്‍ സഖ്യസേനാ മിലിട്ടറി ക്യാമ്പില്‍ ആക്രമണം നടത്തി രണ്ടു സൗദി സൈനികരെ കൊലപ്പെടുത്തിയ യെമനി സൈനികന്‍ മുഹമ്മദ് സ്വാലിഹ് അല്‍അറൂസിയെ കുറിച്ച് വിവരം നല്‍കുന്നവർക്ക് ഹദ്‌റമൗത്ത് പൊലീസ് മൂന്നു കോടി യെമനി റിയാല്‍ (12,000 അമേരിക്കന്‍ ഡോളര്‍) പാരിതോഷികം പ്രഖ്യാപിച്ചു. അക്രമിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇയാൾ നടത്തിയ ആക്രമണത്തിൽ സൗദി സൈനികരായ ലഫ്. വലീദ് അല്‍ബലവിയും സാര്‍ജന്‍റ് നാസിര്‍ അല്‍അതവിയുമാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് സൈനിക ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായത്. സ്പോര്‍ട്‌സ് പരിശീലനത്തിനിടെ സൈനികരെ ലക്ഷ്യമിട്ട് യെമന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ ആക്രമണം നടത്തിയത്. സൗദി സൈനികര്‍ കൊല്ലപ്പെട്ടതില്‍ ബഹ്‌റൈന്‍ വിദേശ മന്ത്രാലയം അനുശോചനം അറിയിച്ചു. ആക്രമണത്തെ കുവൈത്ത് വിദേശ മന്ത്രാലയവും അപലപിച്ചു.
മേഖലാ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പൂര്‍ണമായും പിന്തുണക്കുമെന്നും സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും കുവൈത്ത് വിദേശ മന്ത്രാലയം പറഞ്ഞു. ആക്രമണത്തെ യു.എ.ഇയും അപലപിച്ച യു.എ.ഇ, രാജ്യാന്തര നിയമത്തിന് വിരുദ്ധമായ എല്ലാ അക്രമ സംഭവങ്ങളെയും ഭീകരതയെയും നിരാകരിക്കുന്നതായും പ്രഖ്യാപിച്ചു.
ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങൾ യെമനില്‍ നിന്ന് തബൂക്കിലെത്തിച്ചു. തബൂക്ക് അല്‍ബാസിഇ മസ്ജിദില്‍ മറവുചെയ്തു. മുതിര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും അനന്തര ചടങ്ങുകളില്‍ സംബന്ധിച്ചു.