കുവൈത്തില്‍ വ്യാജ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്; 2030 ബാരൽ വാറ്റ് പിടിച്ചെടുത്തു, 7 പേർ അറസ്റ്റിൽ
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ അബ്ദലി കാർഷിക മേഖലയിൽ വൻ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി. 7 പേർ അറസ്റ്റിൽ. 2030 ബാരൽ വാറ്റും 10,000 പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വകുപ്പിലെ പബ്ലിക് മോറല്‍സ് ആന്‍ഡ് ഹ്യൂമന്‍ ട്രാഫിക്കിങ് വിഭാഗമാണ് പരിശോധന നടത്തിയത്.
വില്‍പ്പനയ്ക്ക് തയാറാക്കിയ വാറ്റിന് പുറമെ അസംസ്കൃത വസ്തുക്കളുടെ വലിയ ശേഖരവും ജപ്തി ചെയ്തു. വാറ്റിയെടുക്കുന്നത് ശേഖരിക്കാൻ വലിയ സ്വിമ്മിങ് പൂൾ ഉപയോഗിക്കുന്നതായും അധികൃതർ കണ്ടെത്തി. വ്യാജ വാറ്റ് കേന്ദ്രത്തിന് പിന്നിൽ ഏഷ്യക്കാരാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് പിടികൂടിയതിൽ വച്ചേറ്റവും വലിയ വാറ്റ് കേന്ദ്രമാണിത്.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112 ലേക്ക് ബന്ധപ്പെടാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.