ADVERTISEMENT

അബുദാബി ∙ മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചത് നാട്ടിൽ മരിച്ച മാതാവിന്‍റെ അടക്കം കഴിഞ്ഞ് തിരിച്ചുവന്ന് 20 ദിവസത്തിന് ശേഷം. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി എം.പി.മുഹമ്മദ് ഇർഷാദ് (36)ആണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചത്. പ്രിയപ്പെട്ട രണ്ടുപേരുടെ മരണം തുടർച്ചയായി സംഭവിച്ചതിന്റെ ആഘാതത്തിൽ നിന്ന് നാട്ടിലേയും പ്രവാസലോകത്തെയും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം മോചിതരായിട്ടില്ല.

പിതാവ് അബ്ദുൽ ഖാദറിന്റെ കൂടെ അബുദാബിയില്‍ വർഷങ്ങളായി ഗ്രോസറി നടത്തിവരികയായിരുന്നു മുഹമ്മദ് ഇർഷാദ്. ചുറുചുറുക്കോടെ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് പ്രത്യേക ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, നല്ല ആരോഗ്യവാനുമായിരുന്നു. എന്നാൽ, ഇൗ മാസം 7ന് നാട്ടിൽ മാതാവ് മൈമൂന മരിച്ചതിനെ തുടർന്ന് കടുത്ത ദുഃഖത്തിലായിരുന്നു. ഉമ്മയുടെ മരണസമയം അബ്ദുൽ ഖാദർ അവിടെയുണ്ടായിരുന്നു. എന്നാൽ ഇവിടെ നിന്ന് പോയ മുഹമ്മദ് ഇർഷാദിന് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയുടെ മുഖം അവസാനമായി കാണാൻ കഴിഞ്ഞില്ല.

അബുദാബിയിൽ നിന്ന് നാട്ടിലേയ്ക്ക് പെട്ടെന്ന് വിമാന ടിക്കറ്റ് ലഭ്യമാകാത്തതായിരുന്നു വൈകാൻ കാരണമായത്. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചുരുങ്ങിയത് 5 മണിക്കൂർ യാത്ര ചെയ്താലേ കാഞ്ഞങ്ങാട്ടെത്തുകയുള്ളൂ. ഉമ്മയോട് വളരെ അടുപ്പത്തിലായിരുന്ന മുഹമ്മദ് ഇർഷാദിന് മരണം താങ്ങാവുന്നതിനപ്പുറമായിരുന്നു. മൈമൂനയ്ക്ക് അറുപതിന് താഴെ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. എങ്കിലും പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. കൂടാതെ, ഏകദേശം രണ്ട് വർഷത്തോളമായി അര്‍ബുദത്തിനും ചികിത്സിച്ചുവരികയായിരുന്നു.

മൈമൂനയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് ഇൗ മാസം 17ന് അബുദാബിയിലേയ്ക്ക് മടങ്ങിയ മുഹമ്മദ് ഇർഷാദ് ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വളരെ അടുപ്പമുള്ളവരോട് എപ്പോഴും ഉമ്മയെക്കുറിച്ച് പറഞ്ഞ് കരയുമായിരുന്നു. ഉമ്മയ്ക്ക് കൊടുത്ത സ്വർണാഭരണങ്ങൾ സംബന്ധിച്ച വാക്ക് പാലിക്കാൻ കഴിയാത്തതിൽ ഏറെ ഖേദിച്ചു. ഉമ്മയോട് ഇനിയും ഏറെ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറയാറുണ്ടായിരുന്നു.

മരണം സംഭവിച്ച ദിവസം മുഹമ്മദ് ഇര്‍ഷാദ് പതിവുപോലെ ദിനചര്യകൾ പൂർത്തിയാക്കി അബുദാബിയിലെ ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ പലചരക്ക് കടയിലേയ്ക്ക് ഉച്ചയ്ക്ക് ശേഷം എത്തി.  പിന്നീട്  പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയി വന്നു. തൊട്ടടുത്ത കടയിലെ ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കെ  പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ ആംബുലൻസിലെ പാരാമെഡിക്കുകൾ ജീവൻ നിലനിർത്താൻ ഏറെ പരിശ്രമിച്ചു. പക്ഷേ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

മൃതദേഹം ഇന്നലെ (വെള്ളി) പുലർച്ചെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഒടുവിൽ ഏറെ സ്നേഹിച്ച പ്രിയപ്പെട്ട ഉമ്മയുടെ കബറിടത്തിനരികെ ഇത്ര പെട്ടെന്ന് മുഹമ്മദ് ഇർഷാദും അന്ത്യ വിശ്രമം കൊള്ളേണ്ടിവരുമെന്ന് ആരും കരുതിയിരുന്നില്ല. മുഹമ്മദ് ഇർഷാദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

English Summary:

Malayali Youth Irshad Died In AbuDhabi after 20 Days Of His Mothers Funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com