കെപിസിസി പുനഃസംഘടന 3 ആഴ്ചയ്ക്കുള്ളിൽ: കെ. സുധാകരൻ

Mail This Article
ഷാർജ ∙ കെപിസിസി പുനഃസംഘടന 3 ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നു പ്രസിഡന്റ് കെ. സുധാകരൻ. പുനഃസംഘടന കടമ്പയല്ല, 10 മിനിറ്റു കൊണ്ടു പൂർത്തിയാക്കാവുന്ന കാര്യമാണ്. അതിന്റെ ചർച്ചകൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം കോൺഗ്രസ് ഏറ്റെടുക്കും. സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ ലാത്തി ചാർജ് ചെയ്ത പൊലീസുകാരുടെ മനഃസ്ഥിതിയാണ് ആലോചിക്കുന്നത്.
എങ്ങനെ സാധിക്കുന്നു ഇവർക്ക്? ദുരന്തം സംഭവിച്ചിട്ട് കാലമെത്രയായി. ഒരാൾക്കു പോലും സഹായം നൽകാൻ ഈ സർക്കാരിനു സാധിച്ചിട്ടില്ലെന്നു പറഞ്ഞാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? പറ്റില്ലെങ്കിൽ പിന്നെന്തിനാണ് പുനരധിവാസം നടത്തുമെന്നു സർക്കാർ പറഞ്ഞത്? എല്ലാർക്കും വീടു കൊടുക്കുമെന്ന് പ്രസംഗിച്ചു നടന്നത് എന്തിനാണ്? ഇവരെ എന്തു പറയണം, മാലയിട്ടു സ്വീകരിക്കണോ? ഒരു വാക്കു പറഞ്ഞാൽ അതു പാലിക്കാൻ ഒരുത്തരവാദിത്തമില്ലേ? വാക്കുപാലിക്കാൻ ഈ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്തിനാണ് ജനങ്ങളെ വെറുതെ വ്യാമോഹിപ്പിക്കുന്നത്? പറയുന്ന കാര്യങ്ങളെക്കുറിച്ചു ഗൗരമായി ആലോചിക്കേണ്ടേ? അവർക്ക് ആകെ അറിയാവുന്നത് സ്വന്തമായി കുറെ പണം ഉണ്ടാക്കാനാണ്. അതിൽ അവർ വിദഗ്ധരാണ്. വില്ലന്മാരാണ്. എങ്ങനെ പണമുണ്ടാക്കാം, ഏതു മാർഗത്തിലൂടെയും ഉണ്ടാക്കാം, അതിനകത്ത് ഒരു നാണവും മാനവുമില്ലാത്ത പാർട്ടിയായി സിപിഎം മാറി, അഭിമാന ബോധമില്ലാത്തവരായി അവർ മാറിയെന്നും സുധാകരൻ പറഞ്ഞു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻകാസ് യുഎഇ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുധാകരൻ.