ADVERTISEMENT

അബുദാബി ∙ എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി. നവീന സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഉൽപാദനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് മെസിൻ വെഞ്ച്വർ സ്റ്റുഡിയോ എന്ന പേരിൽ പുതിയ വ്യവസായ മേഖലയായ സ്ഥാപിച്ചത്. 

അബുദാബി റജിസ്ട്രേഷൻ അതോറിറ്റി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ന്യൂ സ്ട്രാറ്റജി, ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡവലപ്മെന്റ് എന്നിവയാണ് മറ്റു പദ്ധതികൾ. അബുദാബി ബിസിനസ് വീക്കിന്റെ (എഡിബിഡബ്ല്യു) ആദ്യ ദിനത്തിലായിരുന്നു പ്രഖ്യാപനം. ഫാമിലി ബിസിനസ് കൗൺസിലും ആരംഭിക്കും. ബിസിനസ് സംരംഭം കെട്ടിപ്പടുക്കാനുള്ള നടപടികൾ ലഘൂകരിച്ച് ആകർഷക പദ്ധതി പ്രഖ്യാപിച്ചതിലൂടെ വൻ തോതിൽ വിദേശനിക്ഷേപം ആകർഷിക്കാമെന്നാണ് പ്രതീക്ഷ.

സാമ്പത്തിക വികസന വകുപ്പിന്റെ പുതിയ വിഭാഗമായ അബുദാബി റജിസ്ട്രേഷൻ അതോറിറ്റി (അഡ്ര) അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നിയന്ത്രണങ്ങൾക്കു വിധേയമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അഡ്ര ഉറപ്പാക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) ശാക്തീകരിക്കുന്നതിന് ആരംഭിച്ച ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡവലപ്മെന്റ് നടപടികൾ സുതാര്യമാക്കി ബിസിനസ് അനുകൂല അന്തരീക്ഷം ഒരുക്കും. കുടുംബ ബിസിനസുകളിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനാണ് അബുദാബി ഫാമിലി ബിസിനസ് കൗൺസിൽ തുടങ്ങുന്നത്.

വെല്ലുവിളികൾ തിരിച്ചറിഞ്ഞ് നൂതന പരിഹാരങ്ങൾ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതോടെ കൂടുതൽ പേർ കുടുംബ ബിസിനസിലേക്കു തിരിയുമെന്നാണ് കരുതുന്നത്.  ഉയർന്നുവരുന്ന സാമ്പത്തിക ശക്തികേന്ദ്രമെന്ന നിലയിൽ കാലോചിത മാറ്റങ്ങൾ അനിവാര്യമാണെന്ന് അബുദാബി ചേംബർ ചെയർമാൻ അഹ്മദ് ജാസിം അൽ സാബി പറഞ്ഞു. സ്വകാര്യ മേഖലയ്ക്കുള്ള പ്രീമിയം ബിസിനസ് ആക്സിലറേറ്ററായി ചേംബർ പ്രവർത്തിക്കും. പ്രാദേശിക, രാജ്യാന്തര വിപണികളുമായി ബന്ധിപ്പിച്ച് പുതിയ തന്ത്രങ്ങളിലൂടെ എമിറേറ്റിന്റെ ബിസിനസ് മേഖല ശക്തിപ്പെടുത്തും. സ്വകാര്യമേഖലയ്ക്ക് വളരാനും വ്യാപാരം സുഗമമാക്കാനും പ്രധാന മേഖലകളിലെ വളർച്ച ത്വരിതപ്പെടുത്താനും പ്രാദേശിക, ആഗോള വിപണികളിൽ അഭിവൃദ്ധി പ്രാപിക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങളെയും കുടുംബ ബിസിനസുകളെയും ശാക്തീകരിക്കാനും പ്രത്യേക റോഡ് മാപ്പ് തയാറാക്കിയതായും  പറഞ്ഞു.

English Summary:

Abu Dhabi Unveils Four Initiatives to Bolster Economic Strategy and Future Development

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com