മർവാൻ ബിൻ ഗലിത്ത ദുബായ് മുനിസിപാലിറ്റിയുടെ പുതിയ ആക്ടിങ് ഡയറക്ടർ ജനറൽ

Mail This Article
ദുബായ് ∙ ദുബായ് മുനിസിപ്പാലിറ്റിയുടെ (ഡിഎം) പുതിയ ആക്ടിങ് ഡയറക്ടർ ജനറലായി മർവാൻ ബിൻ ഗലിത്തയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിച്ചു. നിലവിൽ ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റിന്റെ ആക്ടിങ് ഡയറക്ടർ ജനറലായ മർവാൻ ബിൻ ഗലിത്ത സർക്കാരിന്റെ നേതൃത്വ പരിപാടിയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. പൊതുജനങ്ങളുമായുള്ള ആശയവിനിമയം, അവരുടെ കാര്യങ്ങൾ സുഗമമാക്കൽ, മറ്റ് സ്ഥാപനങ്ങളുമായി സഹകരിക്കൽ എന്നിവയിൽ അദ്ദേഹത്തിന് നല്ല പ്രാവീണ്യമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
അതേസമയം, ദുബായ് മുനിസിപ്പാലിറ്റിയെ മുൻ വർഷങ്ങളിൽ നയിച്ച ദാവൂദ് അബ്ദുൽറഹ്മാൻ അൽഹജ്‌രിയുടെ പരിശ്രമത്തിനും പ്രവർത്തനത്തിനും അർപ്പണബോധത്തിനും അദ്ദേഹം നന്ദി പറഞ്ഞു. 2018 മുതൽ ദുബായ് മുനിസിപാലിറ്റിയുടെ ഡയറക്ടർ ജനറലായിരുന്നു അൽഹജ്‌രി. വർഷങ്ങളായി ദുബായിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിച്ച മത്തർ അൽ തായറിനെയും അഭിനന്ദിച്ചു.
ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റ് എന്നിവയുൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളിൽ അൽ തായർ മുൻപ് നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങൾ സേവനത്തിലും സാമ്പത്തിക പ്രവർത്തനത്തിലും ഒരു പുതിയ ഘട്ടം ആരംഭിക്കുന്നുവെന്നും ഒപ്പം ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള യാത്ര തുടരുകയാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.