ADVERTISEMENT

റിയാദ്∙ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും. 12 ന് ഉച്ചക്ക് 12.30 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

ഇന്ന് നടന്ന സിറ്റിങിൽ പ്രതീക്ഷിച്ച മോചന വിധി ഉണ്ടായില്ല. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു. പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് വിധി പറയാൻ കേസ് മാറ്റിവയ്ക്കുകയും ചെയ്തു. ജയിൽ മോചനത്തിനു വേണ്ടിയുള്ള കേസ് സംബന്ധിച്ച് മൂന്നാം തവണയാണ് കോടതി പരിഗണിച്ചത്.

ഒന്നര കോടി സൗദി റിയാൽ ദയാധനം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കിയിരുന്നു. എങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ അനുകൂല വിധിയുണ്ടാവാത്തതിനാൽ ജയിൽ മോചനം തീരുമാനമായിട്ടില്ല.

ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് മോചന ഹർജി കോടതി ആദ്യമായി പരിഗണനക്കെടുത്തത്. തുടർന്ന് നവംബർ 17ന് രണ്ടാമത്തെ സിറ്റിങിൽ കേസ് പരിഗണിക്കുകയും വിഷയം കൂടുതൽ സൂക്ഷ്മമായി പഠിക്കുന്നതിലേക്ക് ഡിസംബർ 8ലേക്ക് മാറ്റുകയുമായിരുന്നു. വിശദമായി പരിശോധിച്ച കോടതി അന്തിമ ഉത്തരവ് നൽകുന്നതിനായാണ് പുതിയ തീയതിയിലേക്ക് കേസ് മാറ്റിയിരിക്കുന്നത്.

അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോൾ ശുഭവാർത്ത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ പ്രകടിപ്പിച്ചു. ഓൺലൈനിലൂടെ നടന്ന കോടതി നടപടികളിൽ ജയിലിൽ നിന്നും റഹീം കൂടാതെ അഭിഭാഷകൻ ഒസാമ അൽ അംബർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ എന്നിവരും പങ്കെടുത്തു.

English Summary:

Abdul Rahim release case consider again within 4 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com