യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഉടൻ; 100 ദശലക്ഷം ദിർഹം 'ജാക്ക്പോട്ട് ', വമ്പൻ സമ്മാനങ്ങൾ വേറെയും - അറിയാം വിശദമായി
![uae-lottery-draw-know-the-prizes-and-terms uae-lottery-draw-know-the-prizes-and-terms](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/12/9/uae-lottery-draw-know-the-prizes-and-terms.jpg?w=1120&h=583)
Mail This Article
യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ് ദി യുഎഇ ലോട്ടറി. 100 ദശലക്ഷം സമ്മാനത്തുകയുളള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ 14 ന് നടക്കും.
എന്താണ് യുഎഇ ലോട്ടറി
യുഎഇയിലെ ആദ്യത്തെ ലൈസന്‍സ്ഡ് ലോട്ടറിയാണ് യുഎഇ ലോട്ടറി. ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് യുഎഇ ലോട്ടറിയുടെ പ്രവർത്തനം. ലോട്ടറിയെടുക്കുന്നവർക്ക് 100 ദശലക്ഷം വരെയാണ് സമ്മാനം. ജനറല്‍ കമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് യുഎഇ ലോട്ടറി പ്രവർത്തിക്കുന്നത്. ജനറൽ കമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസുള്ള അബുദാബി ആസ്ഥാനമായുള്ള ഓപറേറ്ററായ ദ് ഗെയിം എൽഎൽസിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. theuaelottery.ae എന്നതാണ് വെബ്സൈറ്റ്.
ആർക്കൊക്കെ പങ്കെടുക്കാം?
18 വയസ്സിന് മുകളിലുളളവർക്ക് യുഎഇ ലോട്ടറിയെടുക്കാം. ഇതിന് താഴെ പ്രായമുളളവർ യുഎഇ ലോട്ടറിയില്‍ റജിസ്ട്രർ ചെയ്യുന്നത് അനുവദിക്കില്ല. റജിസ്ട്രർ ചെയ്യുമ്പോള്‍ മുഴുവന്‍ പേരും ജനനത്തിയതിയും മേല്‍വിലാസവും നല്‍കണം. പ്രായം തെളിയിക്കാന്‍ എമിറേറ്റ്സ് ഐഡിയും നല്‍കണം. യുഎഇയിലുളളവർക്ക് മാത്രമെ യുഎഇ ലോട്ടറിയുടെ ഭാഗമാകാന്‍ സാധിക്കുകയുളളൂ.
50 ദിർഹം, ആഴ്ചയില്‍ നറുക്കെടുപ്പ്
യുഎഇ ലോട്ടറിയുടെ നിരക്ക് 50 ദിർഹമാണ്. ഡിസംബർ 14 ശനിയാഴ്ചയാണ് ആദ്യ നറുക്കെടുപ്പ്. യുഎഇ ലോട്ടറിയുടെ യൂട്യൂബ് ചാനലില്‍ നറുക്കെടുപ്പിന്റെ തല്‍സമയ സംപ്രക്ഷേപണമുണ്ടാകും. എല്ലാ ശനിയാഴ്ചയുമാണ് നറുക്കെടുപ്പ് നടക്കുക. ഫലം പിന്നീട് ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. വിജയികളെ അവരവരുടെ ഔദ്യോഗിക അക്കൗണ്ട് വഴി വിവരമറിയിക്കും.
യുഎഇ ലോട്ടറി, കളിക്കേണ്ടതിങ്ങനെ
ലോട്ടറിയില്‍ ഭാഗമാകാന്‍ ആദ്യമായി ഔദ്യോഗിക വെബ് സൈറ്റില്‍ റജിസ്‍ട്രർ ചെയ്യണം. ഒരു കലണ്ടർ ഫോർമാറ്റിലാണ് അക്കങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. ദിവസം വിഭാഗത്തിലെ 31 നമ്പറുകളില്‍ നിന്ന് 6 നമ്പറുകളും മാസം വിഭാഗത്തിലെ 12 നമ്പറുകളില്‍ നിന്ന് ഒരു നമ്പറും തിരഞ്ഞെടുക്കണം. സ്വയം നമ്പറുകള്‍ തിരഞ്ഞെടുക്കാം, അതല്ലെങ്കില്‍ വെബ്സൈറ്റില്‍ തന്നെയുളള ഈസി പിക്ക് തിരഞ്ഞെടുത്ത് ക്രമരഹിതമായി നമ്പറുകള്‍ തിരഞ്ഞെടുക്കാം.
കൈ നിറയെ സമ്മാനം
ഏഴുനമ്പറുകളും (ദിവസ വിഭാഗത്തില്‍ നിന്നുളള ആറ് നമ്പറും, മാസ വിഭാഗത്തില്‍ നിന്നുളള 1 നമ്പറും) ഒരുപോലെ വന്നാല്‍ 100 ദശലക്ഷം ദിർഹമാണ് സമ്മാനം.
ദിവസ വിഭാഗത്തില്‍ നിന്നുളള ആറ് നമ്പറുകള്‍ ഒരുപോലെ വന്നാല്‍ 1 ദശലക്ഷം ദിർഹമാണ് സമ്മാനം.
ദിവസ വിഭാഗത്തില്‍ നിന്ന് അഞ്ച് നമ്പറുകളും മാസ വിഭാഗത്തിലെ നമ്പറും ഒരുപോലെ വന്നാല്‍ 100,000 ദിർഹം സമ്മാനം.
ദിവസ വിഭാഗത്തില്‍ നിന്ന് അഞ്ച് നമ്പറുകളും അല്ലെങ്കില്‍ ദിവസ വിഭാഗത്തില്‍ നിന്ന് നാല് നമ്പറുകളും മാസ വിഭാഗത്തിലെ നമ്പറും ഒരുപോലെ ആണെങ്കിൽ 1000 ദിർഹം സമ്മാനം ലഭിക്കും.
ദിവസവിഭാഗത്തില്‍ നിന്ന് 3 നമ്പറുകളും മാസവിഭാഗത്തില്‍ ഒരു നമ്പറും, ദിവസവിഭാഗത്തില്‍ നിന്ന് 2 നമ്പറുകളും മാസവിഭാഗത്തില്‍ ഒരു നമ്പറും, ദിവസവിഭാഗത്തില്‍ നിന്ന് 1 നമ്പറും മാസ വിഭാഗത്തില്‍ ഒരു നമ്പറും, മാസനമ്പർ ഒരുപോലെ വന്നാല്‍ 100 ദിർഹം സമ്മാനമായി ലഭിക്കും.
10 ലക്ഷം ദിർഹം വരെ നേടാനുള്ള അവസരത്തിനായി സ്‌ക്രാച്ച് കാർഡുകൾ വാങ്ങാനുള്ള അവസരവുമുണ്ട്. ഈ കാർഡുകളുടെ നിരക്കുകൾ 5 ദിർഹം മുതൽ ആരംഭിക്കുന്നു.