വീട്ടുജോലിക്കാരുടെ വീസ സേവനം ഓൺലൈനിൽ; ചെലവ് കുറഞ്ഞു, നടപടികൾ '5 മിനിറ്റിൽ'
Mail This Article
അബുദാബി ∙ വീട്ടുജോലിക്കാരുടെ വീസ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കിയതോടെ നടപടിക്രമങ്ങളും ചെലവും കുറഞ്ഞു. ആവശ്യമായ രേഖകളുടെ എണ്ണം പത്തിൽനിന്ന് നാലായി കുറച്ചു. നേരത്തെ അരമണിക്കൂറെടുത്ത് ലഭിച്ചിരുന്ന സേവന നടപടികൾ ഇപ്പോൾ 5 മിനിറ്റിനകം പൂർത്തിയാക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
വീട്ടുജോലിക്കാരുടെ വീസയ്ക്ക് അപേക്ഷിക്കൽ, പുതുക്കൽ, വീസ റദ്ദാക്കൽ എന്നിവ ഉൾപ്പെടെ എല്ലാ സേവനങ്ങളും ഇനി ദുബായ് നൗ സ്മാർട്ട് ആപ്ലിക്കേഷൻ വഴി ചെയ്യാം. നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ സമയലാഭം ഉപയോഗപ്പെടുത്തി കൂടുതൽ അപേക്ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവും ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) സംയുക്തമായാണ് വീസ സേവനങ്ങൾക്കായി ഏകീകൃത പ്ലാറ്റ്ഫോം സജ്ജമാക്കിയത്. ഗാർഹിക തൊഴിലാളി പാക്കേജ് ഉപയോഗിക്കുന്നവരുടെ നടപടിക്രമങ്ങളും ലളിതമാക്കി. ഇതോടെ സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് എട്ടിൽ നിന്ന് രണ്ടായി കുറയും.
ദുബായ് നൗ ആപ്പ് വഴി വീസയ്ക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന്റെ പകർപ്പ്, ഫോട്ടോ എന്നിവ ഡിജിറ്റലായി നൽകണം. തൊഴിൽ കരാർ ഒപ്പിടുന്നതും ഓൺലൈൻ വഴിയായിരിക്കും. തൊഴിലാളിയുടെ വൈദ്യപരിശോധനാ ഫലം അപ്‌ലോഡ് ചെയ്യുന്നതോടെ എമിറേറ്റ്സ് ഐഡിയും റസിഡൻസി പെർമിറ്റും ലഭിക്കും. എല്ലാ സേവനങ്ങളും ഏകീകൃത പോർട്ടൽ വഴി നൽകുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് വീട്ടുജോലിക്കാരെ ഉൾപ്പെടുത്തിയത്.
ആദ്യം ഘട്ടത്തിൽ മാർച്ചിൽ ദുബായിൽ ആരംഭിച്ച വർക്ക് ബണ്ടിൽ സേവനം പിന്നീട് മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ 6 ലക്ഷത്തോളം കമ്പനികളെയും 70 ലക്ഷം തൊഴിലാളികളെയും പദ്ധതിക്കു കീഴിൽ കൊണ്ടുവന്നു. ഇതോടെ വീസ നടപടികൾ സമ്പൂർണമായി ഓൺലൈനായി.