ദൈദ് നഗരത്തിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ ഷാർജ മുനിസിപാലിറ്റി
Mail This Article
ഷാർജ∙ ദൈദ് നഗരത്തിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ ഷാർജ മുനിസിപാലിറ്റി. 2025 ജനുവരി ഒന്നു മുതൽ രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിങ്ങിന് പണമടക്കേണ്ടി വരുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി( എസ്ആർടിഎ) അറിയിച്ചു. ചില പ്രത്യേക സോണുകൾ ഒഴിച്ച് ബാക്കി സ്ഥലങ്ങളിൽ വെള്ളിയാഴ്ചയും മറ്റു ഔദ്യോഗിക അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും.
പാർക്കിങ് ഫീസ് ഏർപ്പെടുത്തിയ സോണുകൾ ഏതൊക്കെയാണെന്ന് സൂചിപ്പിക്കാൻ നഗരത്തിലുടനീളം നീല സൈൻബോർഡുകൾ സ്ഥാപിക്കും. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതു ഇടങ്ങളുടെ കൂടുതൽ കാര്യക്ഷമമായ ഉപയോഗം സൃഷ്ടിക്കുന്നതിനുമുള്ള മുനിസിപാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പണമടച്ചുള്ള പാർക്കിങ് നടപ്പിലാക്കാനുള്ള തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
ഒക്ടോബറിൽ ഷാർജയിലെ ഏഴ് ദിവസത്തെ സോണുകൾക്ക് പുതിയ പെയ്ഡ് പാർക്കിങ് സമയം അധികൃതർ പ്രഖ്യാപിച്ചിരുന്നു. നീല പാർക്കിങ് ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഈ സോണുകൾ തിരിച്ചറിയുന്നത്. പുതുക്കിയ സമയം അനുസരിച്ച് ഷാർജയില്‍ വാഹനമോടിക്കുന്നവർ നവംബർ 1 മുതൽ രാവിലെ 8 മുതൽ അർധരാത്രി വരെ പാർക്കിങ് സ്ലോട്ടുകൾക്ക് പണം നൽകണം. മുന്‍പ് ഇത് രാവിലെ 8 മുതൽ രാത്രി 10 വരെയായിരുന്നു. ഈ 16 മണിക്കൂർ പെയ്ഡ് പാർക്കിങ് സോണുകൾ ആഴ്ചയിലുടനീളം പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കും. ഷാർജയിൽ പാർക്കിങ് സ്ഥലങ്ങൾ സാധാരണയായി നീലയും വെള്ളയും നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധിച്ചുവേണം വാഹനം പാർക്ക് ചെയ്യാൻ. അശ്രദ്ധയോടെ പാർക്ക് ചെയ്താൽ പിഴ ചുമത്തും.