ADVERTISEMENT

അബുദാബി ∙ കുതിരക്കമ്പക്കാരിയായ സ്വദേശി യുവതി കുതിരപ്പുറത്തേറി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന് നൽകിയ 'ബിഗ് സല്യൂട്ട്' ചരിത്രത്തിലിടം പിടിച്ചു.  റൈഡിങ് ശൈലിയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരികയും ആദ്യകാല പരിശീലനത്തിനിടെ കായികരംഗത്ത് നിന്ന് അകന്നുപോവുകയും പിന്നീട് ശക്തമായി തിരിച്ചുവരികയും ചെയ്ത ഫാത്തിമ അൽ അമേരി(32)യാണ് ഇന്ന് രാജ്യത്തിന്‍റെ ഹൃദയം കവർന്നത്.

അബുദാബിയിലെ അൽ വത്ബയിൽ നടന്ന രാജ്യത്തിന്‍റെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദേശാഭിമാനം ജ്വലിച്ചുനിന്ന ആഘോഷമായ മാർച്ച് ഓഫ് ദി യൂണിയനിടെയാണ്  ശ്രദ്ധയാകർഷിച്ച സംഭവം. കുതിരപ്പുറത്ത് നിന്ന് സാഹസികമായി എണീറ്റ് നിന്ന് ഷെയ്ഖ് മുഹമ്മദിന് സല്യൂട്ട് നൽകുകയായിരുന്നു.

ഫാത്തിമ കുതിര സവാരിക്കിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫാത്തിമ കുതിര സവാരിക്കിടെ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കോവിഡിന് ശേഷമാണ് തന്‍റെ കുതിരകളുമായുള്ള ചങ്ങാത്തം ആരംഭിച്ചതെന്ന് ഫാത്തിമ പറയുന്നു. ഒരു പുതിയ ഹോബിയിലേയ്ക്ക് കടക്കാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ കുതിരസവാരി എന്‍റെ ആവേശമായി മാറി. ഒഴിവുസമയ വിനോദമായാണ് ആദ്യം ഇതിനെ സമീപിച്ചത്, എന്നാൽ പുതിയ വെല്ലുവിളികൾ നേരിട്ടപ്പോൾ കൂടുതൽ ആത്മാർഥമായി ഇതിനെ സമീപിക്കാൻ തീരുമാനിച്ചു. ഓരോ തവണയും റൈഡിങ്ങിൽ ബുദ്ധിമുട്ട് നേരിട്ടപ്പോഴും കൂടുതൽ മെച്ചപ്പെടുത്താൻ  ദൃഢനിശ്ചയം ചെയ്തു.

∙ "എമിറേറ്റ്സ് ഇക്വസ്ട്രിയൻ"
തുടക്കകാലത്ത് കുറച്ച് ബുദ്ധിമുട്ടുകള്‍ സഹിച്ചെങ്കിലും ഫാത്തിമയുടെ ആ ദൃഢനിശ്ചയം ശക്തിപ്പെട്ടു. ഒരു ഘട്ടത്തിൽ ഫീൽഡ് വിടാൻ തന്നെ തീരുമാനിച്ചു. പക്ഷേ ഉപേക്ഷിക്കാനുള്ള പ്രലോഭനത്തേക്കാൾ കൂടുതലായിരുന്നു എന്‍റെ അഭിനിവേശം. പരിശീലനത്തിന് ഞാൻ എന്നെത്തന്നെ പ്രതിജ്ഞാബദ്ധമാക്കി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കൂടുതൽ സമയം ചെലവഴിച്ച് പരിശ്രമവും കൂട്ടി. യൂണിയൻ മാർച്ചിൽ പങ്കെടുത്ത് തന്‍റെ "യജമാനനും പിതാവും" എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ഷെയ്ഖ് മുഹമ്മദിനെ സല്യൂട്ട് ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ ഫാത്തിമയുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഈ നിമിഷം മുതൽ ഈ യുവതി അറിയപ്പെടുക "എമിറേറ്റ്സ് ഇക്വസ്ട്രിയൻ" എന്ന വിളിപ്പേരിലായിരിക്കും.

സർക്കാർ ഉദ്യോഗസ്ഥയായ ഫാത്തിമ  ജോലിയും കുതിരസവാരിയുമായി സന്തുലിതമാക്കിക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്. കുതിര സവാരി എനിക്ക് ഒരു  ഹോബിയാണ്, പക്ഷേ എന്‍റെ ജോലി, സാമൂഹിക ജീവിതം, സവാരി എന്നിവയ്ക്കിടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ ഞാൻ ശ്രമിക്കുന്നു. സല്യൂട്ടിൽ പങ്കെടുക്കുക എന്നത് എന്‍റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. എന്‍റെ പരിശീലകൻ എന്‍റെ അഭിനിവേശം തിരിച്ചറിയുകയും 53-ാം യൂണിയൻ മാർച്ചിൽ പങ്കെടുക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ, ഹുമൈദ് അൽ നെയാദി എന്നിവരുടെ പിന്തുണയ്ക്ക് ഫാത്തിമ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഒട്ടകയോട്ടത്തിലും ഒരു കൈ നോക്കാം
കുതിരസവാരിയിലെ തന്‍റെ നേട്ടങ്ങൾക്ക് പുറമേ, ഒട്ടക ഓട്ടം, സ്റ്റീരിയോടൈപ്പുകൾ തകർക്കുക, മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കൽ എന്നിവയിൽ ഫാത്തിമ ഗണ്യമായ മുന്നേറ്റം നടത്തി. ഒട്ടക സവാരിയോടുള്ള എന്‍റെ അഭിനിവേശം കഴിഞ്ഞ വർഷമാണ് ഞാൻ കണ്ടെത്തിയത് . സാമൂഹിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ദുബായിലെ ഒട്ടക സവാരി സ്കൂളിൽ ചേർന്ന്, അവരുടെ അബുദാബിയിലെ പുതിയ ബ്രാഞ്ചിലെ ആദ്യ വിദ്യാർഥികളിൽ ഒരാളായി.

ഒട്ടകയോട്ടം എന്ന കായിക വിനോദത്തിന് നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ആവശ്യമാണ്. പരിചയസമ്പന്നരായ പരിശീലകരിൽ നിന്നുള്ള മാർഗനിർദ്ദേശത്തോടെ ഇത് ക്രമേണ പഠിക്കാൻ സാധിക്കും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഇനി മത്സരവേദികളിലേയ്ക്ക്
ഫാത്തിമയുടെ സമർപ്പണം ഇതിനകം തന്നെ നാല് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാക്കി. സൗദി അറേബ്യയുടെ തായിഫിൽ നടന്ന ക്രൗൺ പ്രിൻസ് ഫെസ്റ്റിവലിലെ ഒരു രാജ്യാന്തര പരിപാടി ഉൾപ്പെടെ, അവിടെ പങ്കെടുത്ത ആദ്യത്തെ എമിറാത്തി വനിതയായി അവർ ചരിത്രം സൃഷ്ടിച്ചു.  

ഒട്ടക സവാരി പരീക്ഷിക്കാൻ എമിറാത്തി വനിതകളെ അവർ ആഹ്വാനം ചെയ്തു. ഒട്ടക സവാരി പരീക്ഷിക്കാൻ ഞാൻ എല്ലായ്‌പ്പോഴും പെൺകുട്ടികളെ സമൂഹമാധ്യമത്തിലൂടെ പ്രേരിപ്പിച്ചിട്ടുണ്ട്. അവർ ഈ അഭിനിവേശം എന്നോട് പങ്കിടുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. ഒട്ടക റേസിങ്ങിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് ഫാത്തിമ പ്രതീക്ഷിക്കുന്നു. വനിതാ ജോക്കികൾക്കായി ഒരു പ്രത്യേക ഓട്ടമത്സരം ആരംഭിക്കുമെന്ന് കാമൽ റേസിങ് ഫെഡറേഷൻ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ അൽ നഹ്യാൻ അടുത്തിടെ നടത്തിയ പ്രഖ്യാപനം ഇതിന് പ്രചോദനമായിട്ടുണ്ട്. ഒട്ടക സവാരി രംഗത്ത് കൂടുതൽ എമിറാത്തി വനിതകളെ കാണാൻ  ആഗ്രഹിക്കുന്നുവെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.

English Summary:

On the occasion of the National Day, a young woman on horseback saluted the UAE President

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com