യുഎഇയിൽ മഴ തുടരുന്നതിന് സാധ്യത

Mail This Article
ദുബായ്∙ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്(ഞായർ) മഴ പെയ്തു. രാജ്യത്ത് മിക്കയിടത്തും ആകാശം ഭാഗികമായി മേഘാവൃതമാണെന്നതിനാൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇ സ്റ്റോം സെന്‍റർ മഴയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. രാജ്യത്തിന്‍റെ കിഴക്കൻ തീരത്ത് മഴയും വടക്കൻ മേഖലയിൽ മൂടിക്കെട്ടിയ ആകാശവും വിഡിയോയിൽ കാണാം. വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ദിബ്ബ-മസാഫി റോഡിൽ മിതമായ മഴ പെയ്തു. ദുബായ് എമിറേറ്റ്‌സ് റോഡിൽ ഇന്ന് ഉച്ചയ്ക്ക് 12.40 ന് നേരിയ മഴ പെയ്തതായി അധികൃതർ അറയിച്ചു. റാസൽഖൈമയിലെ ജബൽ ജെയ്സിലും മേഘാവൃതമായ ആകാശം കാണാം. രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ഇത് നാളെ( തിങ്കൾ) രാവിലെ വരെ തുടരും.

അതേസമയം, ദുബായിലടക്കം പല സ്ഥലങ്ങളിലും പൊടിയും മണലും വീശുന്ന കാറ്റുമുണ്ടായിരുന്നു. ഇത് ദൂരദർശനം കുറയ്ക്കുന്നതിന് കാരണമാകുന്നതിനാൽ എന്‍എംസി മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രതാ നിർദ്ദേശം ഇന്ന് വൈകിട്ട് 6 വരെ തുടരും.
ഒമാൻ കടൽ പ്രക്ഷുബ്ധമാകുമെന്നും തിരമാലകളുടെ ഉയരം 6 അടി വരെ ഉയരുമെന്നും പ്രവചിക്കപ്പെട്ടതിനാൽ ഇന്ന് വൈകിട്ട് 5 മുതൽ ഈ മാസം 16 രാവിലെ 10 വരെ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ വളരെ പ്രക്ഷുബ്ധമായിരിക്കുമെന്നും മറ്റുചിലപ്പോൾ മിതമായതോ പ്രക്ഷുബ്ധമായതോ ആയിരിക്കുമെന്നും അറിയിച്ചു. ഇന്ന് രാത്രിയിൽ ദുബായിൽ ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അബുദാബിയിൽ ഇത് 25–17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.