യുഎഇ വിളിക്കുന്നു, 'വാനോളം' തൊഴിലവസരം; 34,000 ദിർഹം ശമ്പളം, താമസം ഫ്രീ, വാർഷിക അവധിയും അലവന്‍സും വേറെ

Mail This Article
ദുബായ് ∙ യുഎഇയിലെ തൊഴില്‍ വിപണി എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയില്‍ ജോലി സാധ്യത തേടുന്നവർക്ക് അനുയോജ്യമായ മേഖലയാണ് വ്യോമഗതാഗതമെന്നുളളതില്‍ തർക്കമില്ല. പ്രത്യേകിച്ചും ലോകമെങ്ങും പൈലറ്റുമാർക്കുളള ഉയർന്ന ആവശ്യകത ഈ മേഖലയെ ജോലി സാധ്യതകളില്‍ മുന്‍പന്തിയില്‍ നിർത്തുന്നു. വിനോദസഞ്ചാരമേഖലയിലെ ഉണർവും വ്യോമഗതാഗത മേഖലയ്ക്ക് ഗുണമായി.
യുഎഇയില്‍ മാത്രമല്ല, ലോകമെമ്പാടും പൈലറ്റുമാർക്കുളള ആവശ്യകത ഏറുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ യാത്രചെയ്യാന്‍ ആരംഭിച്ചത് വ്യോമയാനമേഖലയ്ക്കും അനുബന്ധമേഖലകള്‍ക്കും നല്‍കിയ ഉണർവ് വലുതാണെന്ന് യുഎഇയിലെ എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമി (ഇഎഫ്ടിഎ) ഡിവിഷണൽ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ അബ്ദുല്ല അൽ ഹമ്മദി പറയുന്നു. ആഗോളതലത്തില്‍ പൈലറ്റുമാർക്കുളള ആവശ്യകത ഇനിയും വർധിക്കും. വ്യോമഗതാഗതമെന്നത് ഏറ്റവും വേഗത്തില്‍ വളരുന്ന തൊഴില്‍ വിപണികളിലൊന്നാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്നവർക്കും വ്യത്യസ്ത തൊഴില്‍ മേഖല ആഗ്രഹിക്കുന്നവർക്കും അനുയോജ്യമേഖലയാണിത്. കരിയർ മുന്നേറ്റത്തിനുളള സാധ്യതകള്‍ ഏറെയുളള തൊഴില്‍ മേഖലയാണിതെന്നും അദ്ദേഹം വിലയിരുത്തുന്നു.
∙ കാത്തിരിക്കുന്നു വൻ തൊഴിലവസരം
അമേരിക്കന്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഒലിവർ വൈമാന്‍റെ വിലയിരുത്തല്‍ അനുസരിച്ച് 2032 ആകുമ്പോഴേക്കും ആഗോളതലത്തില്‍ 80,000 പൈലറ്റുമാരുടെ ഒഴിവുണ്ടാകും. വടക്കേ അമേരിക്ക കഴിഞ്ഞാല്‍ മിഡില്‍ ഈസ്റ്റിലായിരിക്കും ജോലി ഒഴിവുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യുക. വ്യോമഗതാഗതമേഖലയില്‍ കുതിപ്പ് തുടരുന്ന പ്രവണതയും തുടരും. 2032 ല്‍ മിഡില്‍ ഈസ്റ്റില്‍ 18,000 പൈലറ്റുമാരുടെ ജോലി ഒഴിവുകളുണ്ടാകുമെന്നും ഒലിവർ വൈമാന്‍ പ്രവചിക്കുന്നു.
∙ ഇഎഫ് ടിഎയില്‍ ഫീസ് 181,650 ഡോളർ
എമിറേറ്റ്സ് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമിയില്‍ പൈലറ്റ് ട്രെയിനിങ് പരിശീലനത്തിനുളള ഫീസ് 181,650 യുഎസ് ഡോളറാണ് (ഏകദേശം 666000 യുഎഇ ദിർഹം). താമസം, സൗകര്യങ്ങള്‍, യൂണിഫോം, ഭക്ഷണം, സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പരിശീലനം പൂർത്തിയാക്കിയാല്‍ ഫസ്റ്റ് ഓഫീസർ തസ്തികയില്‍ 26,000 ദിർഹം മുതല്‍ 34,000 ദിർഹം വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. താമസം, വാർഷിക അവധി, വിദ്യാഭ്യാസ അലവന്‍സ് എന്നിവകൂടാതെയാണിത്.
എമിറേറ്റ്സ് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് 85 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ചൊവ്വാഴ്ച നടന്ന ബിരുദദാനചടങ്ങില്‍ എമിറേറ്റ്സ് എയർലൈന്‍ ആന്‍റ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂമും പങ്കെടുത്തിയിരുന്നു. എമിറേറ്റ്സ് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമിയുടെ അഞ്ചാം ബിരുദദാന ചടങ്ങായിരുന്നു ഇത്. 113 ആഴ്ചക്കാലത്തെ പരിശീലനമാണ് പൂർത്തിയാക്കിയത്. 1100 മണിക്കൂർ വിമാനം പറത്തലും 270 മണിക്കൂർ ഗ്രൗണ്ടിലെ പരിശീലനവും ഇതില്‍ ഉള്‍പ്പെടും.
ഇതുവരെ 271 പേരാണ് അക്കാദമിയില്‍ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. പൈലറ്റ് ലൈസൻസിങ് ട്രെയിനിങ്ങിൽ (എയറോപ്ലെയിൻ) അഡ്വാൻസ്ഡ് ഡിപ്ലോമയും അക്കാദമിയില്‍ ആരംഭിച്ചു. അക്കാദമിയ അംഗീകൃത പരിശീലന ദാതാവായി (എടിപി) യുഎഇ നാഷണൽ ക്വാളിഫിക്കേഷൻ സെന്റർ (എൻക്യുസി) അംഗീകരിച്ചതോടെയാണ് പുതിയ ഡിപ്ലോമ ആരംഭിക്കുന്നത്. 400 പേർക്ക് പരിശീലനം നല്‍കാന്‍ സാധിക്കും.