ഇമ്പമാർന്ന ക്രിസ്മസ് ഗാനവുമായി ഖത്തറിലെ മലയാളി സുഹൃത്തുക്കൾ വീണ്ടും

Mail This Article
ദോഹ ∙ ഖത്തറിൽ നിന്ന് ഇത്തവണയും വേറിട്ട ക്രിസ്മസ് കാരൾ ഗാനമൊരുക്കി ശ്രദ്ധ നേടുകയാണ് പത്തനംതിട്ടക്കാരായ പ്രവാസി സുഹൃത്തുക്കൾ. ക്രിസ്മസ് പകർന്നു നൽകുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് ''ഇന്നീ രാവിൻ മഞ്ഞിൽ മാറിൽ'' എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനത്തിലൂടെ ഇവർ നൽകുന്നത്. വരികളുടെ ഭംഗിയും ഈണവും മാതമല്ല ദൃശ്യാവിഷ്കാരത്തിലും മികവ് പുലർത്തികൊണ്ടാണ് കാരൾ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ദോഹയിലെ എവിജി റെക്കോർഡ്സിന്റെ ബാനറിൽ കഴിഞ്ഞ ആഴ്ചയിലാണ് ക്രിസ്മസ് ഗാനം റിലീസ് ചെയ്തത്. ഏലൻ ഗ്രൂപ്പ് ഖത്തറിന്റെ ട്രാൻസ്ഫർമേഷൻ മാനേജരും പത്തനംതിട്ട വള്ളംകുളം സ്വദേശിയുമായ പ്രശാന്ത് മാത്യുവിന്റെ വരികൾക്ക് ഗായകനും ദോഹയിലെ പ്രഫഷനൽ ഓഡിയോ എൻജിനീയറുമായ കോഴഞ്ചേരി സ്വദേശി അലൻ ജോർജ് വർഗീസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. പാട്ടിൽ അറബിക് ഫ്ളൂട്ട് ആയ നെയ് ഉപയോഗിച്ചിട്ടുണ്ടെന്നതാണ് ഗാനത്തിന് മാധുര്യം കൂട്ടുന്നത്.
ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ക്രിസ്മസ് കാരൾ ഗാനത്തിന്റെ ചിത്രീകരണത്തിലും ആലാപനത്തിലും പങ്കെടുത്തിരിക്കുന്നത്. ക്ലിന്റൺ ക്ളീറ്റസ് സംവിധാനവും ശ്രീചന്ദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അലൻ ജോർജ് വർഗീസ്, അനീഷ് സാം അലക്സ്, അഞ്ജു മാത്യു, ബിബിൻ ജോയ്, ജിഷാ എലിസബത്ത് മാത്യു, മരിയ ജോൺ, പ്രശാന്ത് മാത്യു , ട്രെസ്സാ മേരി ഷിബു എന്നിവരാണ്.
രചനയിലും ഈണത്തിലും വ്യത്യസ്തത പുലർത്തികൊണ്ടാണ് ഇവരുടെ ഓരോ ആൽബങ്ങളും പുറത്തിറക്കുന്നത്. 2020 ൽ ഈ സൗഹൃദ കൂട്ടം പുറത്തിറക്കിയ മരുഭൂമിയുടെ സൗന്ദര്യം പ്രകടമാക്കി കൊണ്ടുള്ള "പൊൻതാരം കൺചിമ്മി'' എന്ന ക്രിസ്മസ് കാരൾ ഗാനം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. പാശ്ചാത്യ സംഗീത ഉപകരണങ്ങൾക്കൊപ്പം തകിലും ചെണ്ടയും ഉപയോഗിച്ചു ഈണത്തിലും ആലാപനത്തിലും വേറിട്ട ശൈലി സൃഷ്ടിച്ചതാണ് പാട്ടിനെ ഹിറ്റാക്കിയത്. 2022 ഫിഫ ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യമായി പുറത്തിറക്കിയ ''ഹയ്യ മന–ലെറ്റ് ദ് ഗെയിം വിൻ'' എന്ന ഗാനവും ഇവരുടെ ഹിറ്റുകളിലൊന്നായിരുന്നു.