ഭക്തിസാന്ദ്രമായി പള്ളികൾ, മുന്തിരിച്ചാറ് മുതൽ പായസം വരെ വിഭവങ്ങളൊരുക്കി റസ്റ്ററന്റുകൾ, സന്ദർശകരെ വരവേറ്റ് ഷോപ്പിങ് മാളുകളും; ക്രിസ്മസ് ആഘോഷമാക്കി പ്രവാസ ലോകം

Mail This Article
അബുദാബി ∙ തിരുപ്പിറവിയുടെ സ്മരണകളിൽ ധ്യാനവും വ്രതപുണ്യവും വിശുദ്ധമാക്കിയ മനസ്സുമായി യുഎഇയിലെ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിൽ. മഞ്ഞുപുതച്ച രാവിൽ മിന്നിത്തെളിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി പള്ളിമണികൾ മുഴങ്ങിയതോടെ ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു പ്രാർഥനകളിൽ അണിനിരന്നു.
ഗൾഫിലെ ഭൂരിഭാഗം പള്ളികളിലെയും ക്രിസ്മസ് ശുശ്രൂഷകൾ ഇന്നലെയും ഇന്നു വെളുപ്പിനുമായി നടന്നു. വിവിധ രാജ്യക്കാരുടെയും ഭാഷക്കാരുടേതുമായ കുർബാനകൾ അപൂർവം ചില പള്ളികളിൽ ഇന്നും തുടരും. വ്യത്യസ്ത രാജ്യക്കാരുടെ സംഗമകേന്ദ്രമായ യുഎഇയിൽ ഓരോ ഭാഷക്കാരുടെയും കുർബാനകളിൽ പങ്കെടുക്കാൻ എത്തിയത് ആയിരങ്ങൾ.
ഗൾഫിൽ പ്രവൃത്തിദിവസത്തിലെത്തിയ ക്രിസ്മസ് ആഘോഷം ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം ഓഫിസിലും വൈകിട്ട് ബന്ധുക്കളുടെയും മറ്റു വേണ്ടപ്പെട്ടവരുടെയും സാന്നിധ്യത്തിൽ വീടുകളിലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്നു ലീവെടുത്ത് കുടുംബസമേതം ആഘോഷിക്കുന്നവരുമുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം ആഗ്രഹിച്ച് ചിലർ ആഘോഷം വാരാന്ത്യങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ശൈത്യകാല അവധിക്ക് 3 ആഴ്ചത്തേക്കു സ്കൂളുകൾ അടച്ചതോടെ എങ്ങും ആഘോഷം സജീവമാണ്. ക്രിസ്മസ് നാട്ടിലെ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പോയവരും ഏറെ. വിമാന ടിക്കറ്റു വർധന മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്ത ചിലർ മാതാപിതാക്കളെയും ജീവിതപങ്കാളികളെയും മക്കളെയും യുഎഇയിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഇതിനും സാധിക്കാത്തവർ ഉറ്റവരുടെ ആഘോഷത്തിൽ വിഡിയോ കോൾ വഴി സാന്നിധ്യമറിയിക്കും.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഉൾപ്പെടെ ഉത്സവ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലുമെല്ലാം വിന്റർവില്ലേജും പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കി ക്രിസ്മസ് ആഘോഷമാക്കുകയാണ് യുഎഇ. അബുദാബിയിലെ യാസ് മാൾ, അൽമർയ ഐലൻഡിലെ ഗലേറിയ മാൾ, ഡൽമ മാൾ, അബുദാബി മാൾ, ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ് തുടങ്ങി വിവിധ എമിറേറ്റുകളിലെ ഷോപ്പിങ് മാളുകളിൽ വിന്റർ വില്ലേജ് ഒരുക്കി സന്ദർശകരെ വരവേൽക്കുന്നു. ക്രിസ്മസ് സമ്മാനങ്ങളുമായി റോന്തുചുറ്റുന്ന സാന്റയുടെ സാന്നിധ്യം കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ആഘോഷം നിറയ്ക്കുന്നു.
മതവ്യത്യാസമില്ലാതെ ചേർന്നൊരുക്കുന്ന ക്രിസ്മസ് സദ്യകളാണ് ബാച്‌ലേഴ്സ് മുറികളിലെ ആഘോഷത്തിന്റെ ആനന്ദം കൂട്ടുന്നത്. പ്രവൃത്തി ദിവസമായതിനാൽ വൈകിട്ടാണ് ഇവരുടെ സദ്യവട്ടം. ഒന്നിനും സമയമില്ലാത്തവർ ഹോട്ടലുകളിലെ നസ്രാണി സദ്യകളെ ആശ്രയിക്കുന്നു. പരമ്പരാഗത വിഭവങ്ങൾ അടങ്ങിയ സദ്യയ്ക്ക് 25 ദിർഹം മുതൽ 50 ദിർഹം വരെ ഈടാക്കുന്നു. മുന്തിരിച്ചാറ്, കേക്ക്, കള്ളപ്പം, ചിക്കൻ കട്ട്ലറ്റ്, കൊണ്ടാട്ടം, കുത്തരി ചോറ്, ചിക്കൻസ്റ്റൂ, താറാവ് മപ്പാസ്, ബീഫ് ഫ്രൈ, നതോലി പീര, മീൻകറി തുടങ്ങി പായസം വരെ ഇതിൽ ഉൾപ്പെടും.