ADVERTISEMENT

ദോഹ ∙ ഇ-സിഗരറ്റുകൾ  സുരക്ഷിതമെന്ന് കരുതുന്നവർക്ക് മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ. ഇ-സിഗരറ്റുകൾ, വേപ്പ് പേനകൾ, ചൂടാക്കിയ പുകയില ഉൽപന്നങ്ങൾ, നിക്കോട്ടിൻ പൗച്ചുകൾ തുടങ്ങിയ ഇതര പുകയില ഉൽപന്നങ്ങളുടെ അപകടസാധ്യതകൾക്കെതിരെ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള (എച്ച്എംസി) പുകയില നിയന്ത്രണ കേന്ദ്രമാണ്  മുന്നറിയിപ്പ് നൽകിയത്.

ലോകമെമ്പാടുമുള്ള 37 ദശലക്ഷത്തിലധികം യുവാക്കൾ ഇ-സിഗരറ്റ് വലിക്കുന്നുവെന്നാണ് കണക്കുകൾ. ഖത്തറിലെ പുകയില ഉപയോക്താക്കൾക്കിടയിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന്റെ വ്യാപനം ഏകദേശം 11 ശതമാനമാണെന്ന് എച്ച്എംസി പുകയില നിയന്ത്രണ കേന്ദ്രം ഡയറക്ടർ ഡോ.അഹമ്മദ് അൽ മുല്ല പറഞ്ഞു. എല്ലാത്തരം പുകയിലകളും ഹാനികരമാണെന്നും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

വാപ്പിങ് (ഇ–സിഗരറ്റ് അല്ലെങ്കിൽ അതുപോലുള്ളവ ഉപയോഗിച്ച് പുക എടുക്കുന്നത്), ഇ-സിഗരറ്റ്, ചൂടാക്കിയ പുകയില അല്ലെങ്കിൽ നിക്കോട്ടിൻ പൗച്ച് ഉപയോഗം തുടങ്ങിയവ സിഗരറ്റ് പുകവലിക്ക് സുരക്ഷിതമായ ബദലാണെന്ന് പറയപ്പെടാറുണ്ടെങ്കിലും ഇവയിൽ എല്ലാം വിഷാംശമുള്ള പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തിൽ. ഇത്തരം ഉത്പന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങൾ വസ്തുതാപരമല്ല. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിക്കോട്ടിൻ ആസക്തിയുള്ള കെമിക്കൽ നിക്കോട്ടിന്റെ വ്യത്യസ്ത അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും ഡോ.അഹമ്മദ് അൽ മുല്ല പറഞ്ഞു. നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർധിപ്പിക്കാനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇ-സിഗരറ്റ്, അല്ലെങ്കിൽ വാപ്പിങ് ഉൽപന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ശ്വാസകോശ രോഗം  വ്യാപകമാണ്. പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങൾ മോണരോഗം, പല്ല് നഷ്ടപ്പെടൽ, വായിലെ ക്യാൻസർ എന്നിവയ്ക്ക് കാരണമാകും. പരമ്പരാഗത സിഗരറ്റുകളുടെയും ഇതര പുകയില ഉൽപന്നങ്ങളുടെയും ഉപയോഗത്തെക്കുറിച്ച് ഒരുപോലെ ജാഗ്രത പുലർത്തണമെന്ന് ഡോ. അൽ മുല്ല പറഞ്ഞു. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി വിവിധ സേവനങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള പുകയില നിയന്ത്രണ കേന്ദ്രത്തിൽ ലഭ്യമാണ്. കൗൺസിലിങ്, മരുന്നുകൾ, തുടങ്ങിയ സേവനങ്ങൾ ആളുകൾ ഉപയോഗപ്പെടുത്തണമെന്നും പുകയില രഹിതമായ ജീവിത രീതി പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് 4025 4981 എന്ന നമ്പറിലോ 5080 0959 എന്ന വാട്സ്ആപ് നമ്പറിലോ എച്ച്എംസിക്ക് കീഴിലുള്ള പുകയില നിയന്ത്രണ കേന്ദ്രവുമായി  ബന്ധപ്പെടാം.

English Summary:

HMC Renews Warning on Use of Alternative Tobacco Products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com