ADVERTISEMENT

അബുദാബി ∙ മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി യുഎഇ പുതിയ നിയമം പ്രഖ്യാപിച്ചു. സ്ഥാപനം, സുരക്ഷ, വികസനം, വിതരണം എന്നിവ കാര്യക്ഷമമാക്കുകയാണ് ഇന്ന് പ്രഖ്യാപിച്ച നിയമം ലക്ഷ്യമിടുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, ആരോഗ്യ സംരക്ഷണ ഇനങ്ങൾ, ജൈവ ഉൽപന്നങ്ങൾ, സപ്ലിമെന്‍റുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയും പുതിയ നിയമത്തിന് കീഴിൽ വരും.

ഫ്രീ സോണുകളിലുള്ളവ ഉൾപ്പെടെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ബയോബാങ്കുകളെയും ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളും ഈ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും ബയോബാങ്കുകൾക്കും ലൈസൻസ് നൽകുന്നതിനുള്ള ചട്ടക്കൂടും നിയമത്തിലൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. മാത്രമല്ല മുൻകരുതൽ എന്ന നിലയിൽ അടച്ചുപൂട്ടൽ, സ്ഥാപനങ്ങൾക്ക് 10 ലക്ഷം ദിർഹം വരെയും പ്രാക്ടീഷണർമാർക്ക് 5 ലക്ഷം ദിർഹം വരെയും പിഴ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളും നേരിടേണ്ടിവരും.

നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:
∙ മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാണം, റജിസ്ട്രേഷൻ, വിലനിർണയം, ഇറക്കുമതി, കയറ്റുമതി, വിതരണം, കൈവശം വയ്ക്കൽ, വിപണനം, ഉപയോഗം, സുരക്ഷിതമായി നീക്കം ചെയ്യൽ എന്നിവ നിയന്ത്രിക്കുന്നു.
∙ എക്‌സ്‌ക്ലൂസീവ് ഓതറൈസേഷൻ, സോപാധിക അംഗീകാരം, അടിയന്തര ഉപയോഗ അംഗീകാരം എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ ഉൽപന്നങ്ങൾക്ക് മാർക്കറ്റിങ് അംഗീകാരങ്ങൾ നൽകുന്നത് നിയന്ത്രിക്കുന്നു.
∙ ചികിത്സാ പ്രാധാന്യമുള്ള നൂതന മെഡിക്കൽ ഉൽപന്നങ്ങൾക്ക് മാർക്കറ്റിങ് അംഗീകാരം നൽകുന്നതിനുള്ള ഒരു ഫാസ്റ്റ് ട്രാക്ക് വികസിപ്പിക്കുന്നു.
∙ മെഡിക്കൽ ഉൽപന്നങ്ങളുടെ വിതരണം, വിലനിർണയം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ നിർദ്ദേശിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ പോളിസി കമ്മിറ്റി രൂപീകരിക്കുന്നു.
∙ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖലയിൽ നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക
∙മെഡിക്കൽ ഉൽപന്നങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനും പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും ഫാർമകോ വിജിലൻസ് നടപടിക്രമങ്ങൾ സംഘടിപ്പിക്കുന്നു.

പുതിയ നിയമത്തിന്‍റെ വ്യവസ്ഥകൾ വിവിധങ്ങളായ ഉൽപന്നങ്ങളെയും സ്ഥാപനങ്ങളെയും ബാധിക്കും. മെഡിക്കൽ ഉൽപന്നങ്ങൾ, മരുന്ന് ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ, ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ, മെഡിക്കൽ ഉപയോഗത്തിനായി ജനിതകമാറ്റം വരുത്തിയ ജൈവ ഉൽപന്നങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ഡയറ്ററി സപ്ലിമെന്‍റുകൾ, സൗന്ദര്യവർധക വസ്തുക്കൾ,  എന്നിവയെല്ലാം ഈ നിയമത്തിന്‍റെ പരിധിയിൽ വരും. 

ഫ്രീ സോണുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ, ബയോബാങ്കുകൾ, ഫാർമസികൾ, ഫാർമസി ശൃംഖലകൾ, സംയുക്ത ഫാർമസികൾ, പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ ഗവേഷണ സ്ഥാപനങ്ങൾ, ജൈവ തുല്യത കേന്ദ്രങ്ങൾ, ഫാർമസ്യൂട്ടിക്കൽ ലബോറട്ടറികൾ, ഫാക്ടറികളും കരാർ നിർമാണ സംഘടനകളും, മാർക്കറ്റിങ് സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ കൺസൾട്ടിങ് സ്ഥാപനങ്ങൾ, മെഡിക്കൽ വെയർഹൗസുകളും മെഡിക്കൽ സ്റ്റോറുകളും, കരാർ ഗവേഷണ വികസന സംഘടനകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയും ഈ നിയമം പാലിക്കേണ്ടതാണ്.

English Summary:

UAE introduces new law to regulate medicines, pharmacies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com