'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ സംഗീതം ജെറി ഒരുക്കിയാൽ മതിയെന്ന് ഫാസിൽ': 'ദേവ സംഗീതത്തിൽ ' ബഹ്‌റൈൻ

Mail This Article
മനാമ ∙ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബഹ്‌റൈനിലെത്തിയ ജെറി അമൽദേവ് ദേവ സംഗീതത്തിന്റെ പൂത്തിരി കത്തിച്ചപ്പോൾ ബഹ്‌റൈൻ ആസ്വാദകരുടെ ഹൃദയത്തിൽ എന്നും മറക്കാനാവാത്ത സംഗീതാനുഭവമായി 'മഞ്ഞിൽ വിരിഞ്ഞ താരകം' എന്ന സംഗീത സന്ധ്യ. ബഹ്‌റൈനിലെ സംഗീത പരിപാടി തന്നെ സംബന്ധിച്ചും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ജെറി അമൽദേവും പറഞ്ഞു.
ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ജെറി അമൽ ദേവിനു സംഗീത രത്ന പുരസ്കാരം നൽകി ആദരിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ ഗായകരുടെ ഒരു കൊയർ അവതരിപ്പിക്കുകയും ചെയ്തത്. അൻപതോളം യുവ ഗായകർ ചേർന്ന് ജെറി അമൽദേവ് സംഗീതം നൽകിയ ഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയുടെ പിന്നണിയോടെ ആണ് പാടിയത്. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട ഗായകർക്ക് ജെറി അമൽദേവ് തന്നെ പരിശീലനവും നൽകിയിരുന്നു.

∙ അത്തപ്പൂവും നുള്ളിയുടെ ഈണം മൂന്നാം ഊഴം
ജെറി അമൽദേവിന്റെ ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ അത്തപ്പൂവും നുള്ളി എന്ന ഗാനമായിരുന്നു ബഹ്‌റൈനിലും ഒരുക്കിയ ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായത്. ആത്മാ കീ ആവാസ് എന്ന ഹിന്ദി ആൽബത്തിലും തുടർന്ന് പുറത്തിറങ്ങാത്ത മമത എന്ന ചിത്രത്തിനും ഒരുക്കിയ ഗാനത്തിന്റെ അതെ ഈണത്തിലാണ് പുന്നാരം ചൊല്ലി ചൊല്ലി എന്ന ചിത്രത്തിലെ അത്തപ്പൂവും നുള്ളി എന്ന ഗാനം പിറന്നതെന്ന് അദ്ദേഹം പറഞ്ഞു. മമത എന്ന ചിത്രത്തിൽ ഈ ഗാനം ചൊല്ലു ചൊല്ലു തുമ്പി എന്ന് തുടങ്ങുന്നതായിരുന്നു വരികൾ. പക്ഷെ ആ ഗാനം പുറത്തിറങ്ങാതെ വന്നത് കൊണ്ട് വർഷങ്ങൾക്ക് ശേഷം അതേ ഈണത്തിൽ തന്നെ അത്തപ്പൂവും ഒരുക്കുകയായിരുന്നു. നവോദയ അപ്പച്ചന്റെ കമ്പനിയിൽ പ്രധാന ജോലിക്കാരനായിരുന്ന തന്റെ അമ്മാവൻ മുഖേനയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് ജെറി സംഗീതം നൽകാൻ ക്ഷണിക്കപ്പെടുന്നത്. ഫാസിൽ സംഗീത സംവിധായകനായി മനസ്സിൽ കണ്ടിരുന്നത് എം.ബി.ശ്രീനിവാസനെ ആയിരുന്നു. എന്നാൽ ജെറി ആയിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംഗീതം ജെറി ഒരുക്കിയാൽ മതി എന്ന് ഫാസിൽ തീരുമാനിക്കുകയായിരുന്നു.

വളരെക്കാലം മുൻപ് തന്നെ അമേരിക്കയിൽ വച്ച് ഹിന്ദിയിൽ യേശുദാസിനെക്കൊണ്ട് ആത്മാ കി അവാസ് എന്ന ആൽബം സംഗീതം ചെയ്ത് പാടിപ്പിച്ചിരുന്നു. ചലച്ചിത്രഗാനങ്ങൾ നിരവധി സംഗീതം ചെയ്തുവെങ്കിലും ഗാനോത്സവം, ആർദ്രഗീതങ്ങൾ എന്നീ രണ്ടേ രണ്ടു കാസറ്റുകൾ മാത്രമാണ് ലളിതഗാനങ്ങളായി ജെറി ഒരുക്കിയത്. ഒ.എൻ.വി.കുറുപ്പുമായി ചേർന്നൊരുക്കിയ ഗാനോത്സവം എന്ന ആൽബത്തിലെ ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു ശാരദ സായം സന്ധ്യേ, പൂഞ്ചേലയഴിയുന്നു എന്നീ ഗാനങ്ങൾ കലോത്സവ വേദികളിൽ നിരവധി മത്സരാർഥികൾ പാടിയ ഗാനങ്ങളാണ് .

∙ ഈണമിട്ട് പാട്ടെഴുതിയാലും, പാട്ടെഴുതി ഈണമിട്ടാലും ഭാവനയുള്ളവരുടെ രചന ശ്രദ്ധിക്കപ്പെടും
പാട്ട് എഴുതി ഈണം പിന്നീട് ഇട്ടാലും ആദ്യം ഈണം നൽകി അതിന് പാട്ടുകൾ എഴുതിയാലും രചയിതാവ് നല്ല ഭാവനയുള്ളവരാണെങ്കിൽ പാട്ടിന്റെ കാവ്യാത്മകത ഇപ്പോഴും ശ്രദ്ധിക്കപ്പെടുമെന്നാണ് അഭിപ്രായമെന്ന് ജെറി അമൽദേവ് പറയുന്നു. ഈ രണ്ടു രീതിയും പരീക്ഷിച്ചിട്ടുമുണ്ട്. കാട്ടുപോത്ത് എന്ന ചിത്രത്തിലെ മാനവ ഹൃദയത്തിൻ എന്ന ഗാനം ഈണമിട്ട ശേഷം പാട്ട് എഴുതിയതാണെന്നും അദ്ദേഹം പറഞ്ഞു. പൂവല്ല പൂന്തളിരല്ല എന്ന ഗാനമാവട്ടെ ഈണമിട്ട ശേഷം എഴുതിയതുമാണ്.

കേരളം വിട്ട് മറ്റൊരു രാജ്യത്ത് എത്തിയപ്പോൾ തന്റെ പാട്ടുകളെ ഓർമിക്കുന്ന, സംഗീതത്തെ സ്നേഹിക്കുന്ന ഒരുപാട് പേരെ ബഹ്‌റൈനിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ബഹ്‌റൈനിൽ നല്ലൊരു പരിപാടി നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജെറി പറഞ്ഞു. ബഹ്‌റൈനിലെ സംഗീതാസ്വാദകരുടെ നിരവധി ചോദ്യങ്ങൾക്ക് ജെറി മറുപടിയും നൽകി. പരിപാടിക്ക് മുൻപ് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ജെറി അമൽ ദേവിന് സംഗീതരത്ന പുരസ്‌കാരം നൽകി ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്‌ക്കൽ അനുമോദനപത്രം കൈമാറി.