എംടിക്ക് വിട ചൊല്ലി ചില്ല റിയാദ്

Mail This Article
റിയാദ് ∙ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി വാസുദേവൻ നായർക്ക് യാത്രാമൊഴി പറഞ്ഞുകൊണ്ട് റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിച്ച അനുശോചനയോഗം അദ്ദേഹത്തിന്റെ സർഗസംഭാവനകൾ ചർച്ച ചെയ്യുന്ന വേദിയായി മാറി. സ്നേഹനിരാസമാണ് എംടിയെ സൃഷ്ടിച്ചതെന്നും ബാല്യകാലത്ത് അനുഭവപ്പെട്ട ഒറ്റപ്പെടലും വ്യഥകളും അദ്ദേഹത്തിന്റെ മുഴുവൻ രചനയിലും വായിച്ചറിയാമെന്ന് പറഞ്ഞുകൊണ്ടാണ് ചില്ല കോഓഡിനേറ്റർ സി.എം.സുരേഷ് ലാൽ സംസാരിച്ചു തുടങ്ങിയത്.
എംടിയുടെ ആത്മകഥാംശമാർന്ന രണ്ട് കഥകൾക്ക് ആശയപശ്ചാത്തലമാകുന്ന ശ്രീലങ്കയിലെ കഡുഗണ്ണാവ എന്ന സ്ഥലം സന്ദർശിച്ചതുമായി ബന്ധപ്പെട്ട അനുഭവങ്ങളും നജിം പങ്കുവച്ചത്. എംടിയുടെ നോവലുകളിൽ സവിശേഷമായ സ്ഥാനങ്ങളുള്ള രണ്ടാമൂഴത്തിനെയും മഞ്ഞിനേയും അധികരിച്ചാണ് വി.കെ.ഷഹീബ സംസാരിച്ചത്. രണ്ടാമൂഴത്തിലെ മനോഹരമായ മുഹൂർത്തങ്ങളും ഭീമൻ എന്ന മനുഷ്യന്റെ വൈകാരികതലങ്ങളും ഷഹീബ പങ്കുവച്ചു. എംടിയുടെ മറ്റു പല കൃതികളിൽ നിന്ന് വ്യത്യസ്‌തമായ രചനയായ മഞ്ഞിനെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടാണ് ഷഹീബ സംസാരിച്ചത്. ആ കൃതിയിലെ നായികയായ വിമലാദേവിയെ ഏറ്റവും അബലയായ ഒരു കഥാപാത്രമായി ചിത്രീകരിച്ചു എന്ന വിമശനവും ഉന്നയിച്ചു.
വള്ളുവനാടൻ സവർണ ചുറ്റുപാടിൽ നിന്നെഴുതിയ ഒരാൾ സംഘ്പരിവാർ രാഷ്‌ടീയത്തിന് സ്വീകാര്യമായി മാറേണ്ടതാണ്, എന്നാൽ അവർക്ക് പിടികൊടുക്കാതെ തീർത്തും വിപരീതദിശയിൽ സഞ്ചരിക്കുകയും സംഘ്പരിവാർ രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന തിന്മകൾക്കെതിരെ ശക്തമായ നിലകൊള്ളുകയും ചെയ്ത എംടിയുടെ സർഗ, സാമൂഹിക, സാംസ്കാരിക ജീവിതങ്ങളിലെ വിവിധ ഘട്ടങ്ങൾ വിപിൻകുമാർ വിവരിച്ചു. തിരൂർ തുഞ്ചൻപറമ്പ് മതേതരകേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി ഉയർത്താൻ എംടി നൽകിയ സംഭാവനകൾ വിപിൻ അനുസ്മരിച്ചു. എംടിയുടെ നോവലുകളും അതിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട കാലം എന്ന നോവലിന്റെ വായനയും മൂസ കൊമ്പൻ സദസുമായി പങ്കുവച്ചു. പലതവണ തുഞ്ചൻ പറമ്പിൽ നടന്ന പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതും എംടിയുടെ സാന്നിധ്യം തൊട്ടറിഞ്ഞതും മൂസ വിശദീകരിച്ചു. തുഞ്ചൻ പറമ്പിന് സമീപമുള്ള സായാഹ്നങ്ങളും എംടിയുമായുള്ള കൂടികാഴ്ചകളും അനുസ്മരിച്ചുകൊണ്ടാണ് സമീപവാസിയായ അനീസ് മുഹമ്മദ് സംസാരിച്ചത്. പലപ്പോഴും മൗനസന്യാസിയായി അറിയപ്പെടുന്ന എംടിയുമായുള്ള സരസസംഭാഷണങ്ങൾ അനീസ് സദസുമായി പങ്കുവച്ചു.