കാത്തിരിപ്പിനൊടുവിൽ പുതുവർഷ സമ്മാനമായി കൺമണികൾ പിറന്നു; യുഎഇയിലെ 'ബീറ്റ ബേബീസ് ' ഇവരാണ്

Mail This Article
അബുദാബി ∙ 2025 ജനുവരി 1 ന് ജനിച്ചവർ. ജനറേഷന്‍ ആല്‍ഫയ്ക്ക് ശേഷമെത്തുന്ന തലമുറ. 2039 വരെ ജനിക്കുന്നവർ ബീറ്റ ബേബീസ്. 2035ഓടു കൂടി ആഗോള ജനസംഖ്യയുടെ 16 ശതമാനവും ജെന്‍ ബീറ്റയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ ബീറ്റ ബേബീസിലെ തലമുതിർന്നവർ ഇവരാണ്.
അബുദാബിയില്‍ 12.01 ന് മൂന്ന് കുട്ടികളാണ് ജനിച്ചത്. സ്വദേശികളായ മുഹമ്മദ് സാലെം അല്‍ഖമ്സി, സലാമ ഖാമിസ് അബു ഗബൂബ് എന്നിവർക്കാണ് 12.01 ന് പെണ്‍കുഞ്ഞ് പിറന്നത്. ഗായെ മുഹമ്മദ് സാലെം അല്‍ഖമ്സിയാണ് കുടുംബത്തിലെ ആറാമത്തെ കുഞ്ഞാണ്. അബുദബിയിലെ ബുർജീല്‍ ആശുപത്രിയില്‍ പിറന്ന കുഞ്ഞിന് 2.49 കിലോഗ്രാമാണ് തൂക്കം.
ഇന്ത്യന്‍ ദമ്പതികളായ ആന്റോ അലെക്സിനും ആഷാ തോമസിനും പെണ്‍കുഞ്ഞ് പിറന്നതും 12.01 നാണ്. കുഞ്ഞ് അഖ്വില മേരി അബുദാബി മെഡിയോർ ആശുപത്രിയിലാണ് ജനിച്ചത്. 3.060 കിലോയാണ് തൂക്കം. ആന്റോ അലെക്സിന്റേയും ആഷാ തോമസിന്റേയും ആദ്യ കുഞ്ഞാണിത്. ഗായെയുടെ വരവോടെ കുടുംബം പൂർണമായതുപോലെ തോന്നുന്നുവെന്നാണ് പിതാവ് മുഹമ്മദ് സാലെം യുഎഇയിലെ പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്.
അബുദബിയിലെ എല്‍ എല്‍ എച്ച് ആശുപത്രിയില്‍ ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കും 12.01 നാണ് പെണ്‍കുഞ്ഞ് പിറന്നത്. 4 കിലോ തൂക്കമുളള അമൈറ കേസിയ പുതുവർഷദിനത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് നോർപ നാലൂദ് താജയും അസറഫും.
അബുദബിയിലെ എല്‍ എല്‍ എച്ച് ആശുപത്രിയില്‍ സ്വദേശി ദമ്പതികള്‍ക്കാണ് 1.06 ന് മരിയം അബ്ദുള്‍ വാഹിദ് അല്‍ഷൈഖ പിറന്നത്. അബ്ദുള്‍ വാഹിദ് നാസർ ഹാദി അല്‍ ഷൈഖയും സേഹം നാസർ സാലെയ്ക്കും പിറന്ന രണ്ടാമത്തെ കുഞ്ഞാണ് മരിയം.
ദുബായ് അല്‍ ഖിസൈസ് ആസ്റ്റർ ആശുപത്രിയില്‍ 1.49 ന് ഷംഫാസ് അബ്ദുളളയ്ക്കും അഹ്സാനയ്ക്കും പിറന്ന പെണ്‍കുഞ്ഞാണ് ബീറ്റാ ബേബി പട്ടികയിലെ ആസ്റ്ററിലെ ആദ്യ പേരുകാരി. ദുബായ് പ്രൈം ആശുപത്രിയില്‍ ഇന്ത്യന്‍ ദമ്പതികളായ ജഗദീഷിനും ഗോപിക വേണുഗോപാലിനും പുലർച്ചെ 3.21 നാണ് പെണ്‍കുഞ്ഞ് പിറന്നത്. താരിണിയെന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നതെന്ന് മാതാപിതാക്കള്‍ യുഎഇയിലെ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
ഫുജൈറയിലെ തുംബ ആശുപത്രിയില്‍ പാകിസ്ഥാനി ദമ്പതികളായ അംജാദ് സർദാറിനും സോണിയ ജെയിംസിനും പുതുവർഷ സമ്മാനമായെത്തിയത് ആണ്‍കുഞ്ഞാണ്. പുതുവർഷം ഏറ്റവും വലിയ സമ്മാനമാണ് നല്‍കിയതെന്നാണ് ഇരുവരുടെയും പ്രതികരണം.
റാസല്‍ഖൈമ റാക് ആശുപത്രിയില്‍ പുലർച്ചെ 2.08 നാണ് സ്വദേശി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് മാജേദിന് 2.96 കിലോയാണ് തൂക്കം.