ഖത്തറിൽ മൈക്രോ ഹെൽത്തിന്റെ ആരോഗ്യ പരിശോധനാ ക്യാംപിന് തുടക്കമായി; കുറഞ്ഞ വരുമാനക്കാർക്ക് പങ്കെടുക്കാം

Mail This Article
ദോഹ ∙ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ജീവിതശൈലി രോഗനിർണയ ക്യാംപെയ്ന് ഇന്ന് തുടക്കമാകുമെന്ന് മൈക്രോ ഹെൽത് ലബോറട്ടറീസ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധനാ ക്യാംപ് ജനുവരി ഒന്ന് മുതൽ 31 വരെയാണ് നടക്കുക. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മെഡിക്കൽ പരിശോധനകൾ മാറ്റിവെക്കുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് ക്യാംപ് ലക്ഷ്യമിടുന്നത്.
ക്യാംപെയ്ൻ കാലത്ത് 500 റിയാലിന്റെ വിവിധ ടെസ്റ്റുകൾ 50 റിയാൽ നിരക്കിൽ ലഭ്യമാകും. സ്ഥാപനത്തിന്റെ കമ്മ്യൂണിറ്റി സർവീസിന്റെ ഭാഗമായി തുടർച്ചയായ 15ാം വർഷമാണ് പരിശോധനാ ക്യാംപെയ്ൻ നടത്തുന്നത്. പ്രമേഹം, കൊളസ്ട്രോൾ, ഹൃദയ-വൃക്ക രോഗങ്ങൾ, ലിവർ, യൂറിക്ക് ആസിഡ് തുടങ്ങിയവ സംബന്ധിച്ച ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും ക്യാംപെയ്ൻ അവസരമൊരുക്കുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. രെഗി സുഖമണി പറഞ്ഞു.
രക്തസമ്മർദ്ദം, ബി.എം.ഐ, ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ (എൽ.ഡി.എൽ, എച്ച്.ഡി.എൽ, വി.എൽ.ഡി.എൽ, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്), ബ്ലഡ് യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി എന്നീ പരിശോധനകളാണ് നടത്തുക. കഴിഞ്ഞ 15 വർഷത്തിനിടെ 80,000ത്തിലേറെ പേർ മൈക്രോ ഹെൽത് ലബോറട്ടറിയുടെ പരിശോധന ക്യാംപുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇവരിൽ 20-25 ശതമാനം പേരിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതായും, 15 ശതമാനത്തോളം പേർ തങ്ങളുടെ രോഗവിവരത്തെ കുറിച്ച് അറിവില്ലാത്തവരായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. അധിക ചാർജ് നൽകിയാൽ വീടുകളിലെത്തി സാംപിൾ ശേഖരിച്ച് പരിശോധനാ ഫലം നൽകുന്ന ഹോം കളക്ഷനും മൈക്രോക്ക് കീഴിലുണ്ട്. രാവിലെ ആറ് മുതൽ രാത്രി 10 വരെയുള്ള സമയത്തിനുള്ളിൽ മൈക്രോ ഹെൽതിന്റെ ഖത്തറിലെ ഏത് ബ്രാഞ്ചിലുമെത്തി ക്യാംപിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താം.
ഭക്ഷണം കഴിച്ച് ചുരുങ്ങിയത് എട്ട് മണിക്കൂറിനു ശേഷം മാത്രമേ സാംപിൾ നൽകാൻ സാധിക്കൂ. വാർത്താ സമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർമാരായ ഡോ. വിജയ് വിഷ്ണ പ്രസാദ്, ഡോ. രെഗി സുഖമണി, ഡോ. സുമയ, സി.ഒ.ഒ ഉദയ്കുമാർ നടരാജ്, സി.സി.ഒ കെ.സി ഷഫീഖ് എന്നിവർ പങ്കെടുത്തു.