യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രവാസ ലോകത്ത് പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും, അറിയാം വിശദമായി

Mail This Article
അബുദാബി/ ദുബായ്∙ പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025.
17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാമെന്ന പുതിയ ഗതാഗത നയം ആരംഭിക്കുന്നതോടൊപ്പം സ്വദേശിവൽക്കരണം 8 ശതമാനത്തിലേക്ക് കടക്കും ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ യാത്രയാണ് സ്വദേശികളും വിദേശികളും പ്രതീക്ഷിക്കുന്ന സുപ്രധാന പദ്ധതി.
∙ ഇന്നു മുതൽ ഇ– വാഹന ചാർജിങിന് ഫീസ് ഈടാക്കും. ഇതിനായി മൊബൈൽ ആപ്പും പുറത്തിറക്കി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടി. ഡിസി ചാർജറുകൾക്ക് കിലോവാട്ടിന് 1.20 ദിർഹവും എസി ചാർജറുകൾക്ക് 0.70 ദിർഹവുമാണ് നിരക്ക്. ഇതിനുപുമെ വാറ്റും നൽകണം.
∙ മാലിന്യനിർമാർജനം ഊർജിതമാക്കുന്ന ദുബായിൽ ഇന്നു മുതൽ ഇതിനുള്ള സേവന നിരക്ക് കൂട്ടും. താമസക്കാർക്കും വ്യവസായങ്ങൾക്കും ഇത് ബാധകമാണ്. 3 വർഷത്തിനകം ഘട്ടം ഘട്ടമായി നടപ്പാക്കും. ജല,വൈദ്യുതി ബില്ലിനൊപ്പമാണ് ഈടാക്കുക. ഈ വർഷം ഗാലന് 1.5 ഫിൽസും അടുത്ത വർഷം 2 ഫിൽസും 2027ൽ 2.8 ഫിൽസുമാണ് ഈടാക്കുക.
∙ തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന 'വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം' ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും ആണ് തിരക്കേറിയ സമയം. ദുബായിൽ പുതിയ സാലിക് ഗേറ്റുകൾ പ്രവർത്തനക്ഷമമായാൽ യാത്രയ്ക്ക് ചെലവേറും. അറ്റകുറ്റപ്പണിക്കായി അടച്ച് ദുബായിലെ അൽമക്തൂം പാലം ജൂണോടെ തുറക്കുന്നത് പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കും.
∙ ദുബായിൽ പുതിയ പാർക്കിങ് നിരക്കും മാർച്ച് മുതൽ വർധിക്കും. സ്റ്റാൻഡേഡ്, പ്രീമിയം, ഗ്രാൻഡ് ഇവന്റ്സ് പാർക്കിങ് എന്നിങ്ങനെയാണ് തരംതിരിച്ചത്. ഇതിൽ പ്രീമിയം പാർക്കിങിന് മണിക്കൂറിൽ 6 ദിർഹം ഈടാക്കും.
∙ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമത്തിൽ നിയമലംഘനങ്ങൾക്കുള്ള ശിക്ഷയും പിഴയും വർധിക്കും. ഇ-ബൈക്ക്, ഇ-സ്കൂട്ടർ എന്നിവയ്ക്ക് പുതിയ നിയമം ബാധകമാകും. സ്മാർട്ട് എഐ ക്യാമറകളിലൂടെ നിയമലംഘനം കയ്യോടെ പിടികൂടും. മദ്യപിച്ച് വാഹനമോടിച്ചാൽ തടവും ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. അപകടത്തിൽ ആളപായമോ നാശനഷ്ടമോ പരുക്കോ ഉണ്ടായാൽ ശിക്ഷ ഇരട്ടിക്കും.
∙ പൊതുഗതാഗത സേവനത്തിന് ഉപയോഗിക്കുന്ന ദുബായ് ആർടിഎയുടെ ഡിജിറ്റൽ നോൽ കാർഡ് എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവിൽ സാംസങ്, ഹുവാവേ ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായത്. യാത്രയ്ക്കു മാത്രമല്ല സാധനം വാങ്ങാനും കാർഡ് ഉപയോഗിക്കാം.
∙ ദുബായിൽ സൗജന്യ വൈ-ഫൈ സൗകര്യം കൂടുതൽ ബസ് സ്റ്റേഷനുകളിൽ ലഭ്യമാക്കും. പൊതു വൈഫൈകൾ ഉപയോഗിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ്.
∙ അടുത്ത വർഷം സർവീസ് ആരംഭിക്കുന്ന എയർ ടാക്സികളുടെ പരിശീലന പറക്കലുകൾക്ക് സാക്ഷ്യംവഹിക്കുന്ന വർഷം കൂടിയാണിത്. കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന ദുബായ്-അബുദാബി യാത്ര 10-20 മിനിറ്റിൽ തീരുമെന്നതാണ് എയർടാക്സിയുടെ പ്രത്യേകത. ചെലവേറുമെങ്കിലും പരിസ്ഥിതി സൗഹൃത സേവനം യുഎഇയിൽ വൻ പ്രചാരം നേടുമെന്നാണ് വിലയിരുത്തൽ.
∙ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ സിസ്റ്റം എല്ലാ യാത്രക്കാർക്കും ലഭ്യമാക്കുന്നതോടെ യാത്രാ നടപടികൾക്കുള്ള സമയം കുറയും. പാസ്പോർട്ടോ, ബോർഡിങ് പാസോ കാണിക്കാതെ തന്നെ എയർപോർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്താം.
∙ പ്ലാസ്റ്റിക് നിരോധനം കൂടുതൽ മേഖലകളിലേക്കു വിപുലീകരിക്കുന്ന വർഷമാണിത്. പ്ലാസ്റ്റിക് സ്പൂണുകൾ, സ്റ്റൈറോഫോം കണ്ടെയ്നറുകൾ, ടേബിൾ കവറുകൾ, സ്ട്രോ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ എന്നിവയാണ് ഈ വർഷം നിരോധനത്തിൽ ഉൾപ്പെടുത്തിയത്.
∙ ആരോഗ്യകരമായ ഭക്ഷണം മനസ്സിലാക്കി തിരഞ്ഞെടുക്കാവുന്ന ന്യൂട്രി-മാർക്ക് ലേബലിങ് അബുദാബിയിൽ ആരംഭിക്കും. ഭക്ഷണത്തിലെ ചേരുവകൾ അറിഞ്ഞ് ഓർഡർ ചെയ്യാൻ ഇത് സഹായിക്കും. പൊണ്ണത്തടി ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.
∙ 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന നാഫിസ് നിയമം 2022ൽ ആരംഭിച്ചിരുന്നു. ഇതനുസരിച്ച് ഈ വർഷത്തെ 2 ശതമാനം കൂടി ചേർത്ത് മൊത്തം 8 ശതമാനമാക്കണം. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന നിയമം തുടരും. ഡിസംബർ 31നകം ഈ വിഭാഗം കമ്പനികൾ രണ്ടാമത്തെ സ്വദേശിയെ നിയമിക്കണം. വർഷാവസാനത്തോടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1,08,000 ദിർഹമാണ് പിഴ.