കാറ്റ്, മൂടൽമഞ്ഞ്, തണുപ്പ് ; ഇനിയുള്ള ദിനങ്ങളിൽ ഖത്തറിൽ ശൈത്യമേറും

Mail This Article
ദോഹ. ഖത്തറിൽ ഇന്നു മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. വാരാന്ത്യം വരെ കനത്ത കാറ്റ് തുടരും. ഇക്കാലയളവിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മപ്പെടുത്തി.
ഇന്ന് രാവിലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറായനയിൽ ആണ്–17 ഡിഗ്രി സെൽഷ്യസ്. അൽ കരാന, ദോഹ എന്നിവിടങ്ങളിൽ 20 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇന്നലെ രാവിലെ അബു സമ്രയിൽ 14 ഡിഗ്രി സെൽഷ്യസും ദോഹയിൽ 19 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.
ഇന്ന് ചിലയിടങ്ങളിൽ കനത്ത കാറ്റിനെ തുടർന്ന് പൊടിയും ഉയർന്നിട്ടുണ്ട്. താരതമ്യേന തണുപ്പ് കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.
ശൈത്യകാലത്തിന്റെ രണ്ടാം മാസത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നത്. വർഷത്തിലെ ഏറ്റവും തണുപ്പേറിയ മാസമാണിത്. കനത്ത കാറ്റിനൊപ്പം ജനുവരി രണ്ടാമത്തെ ആഴ്ചയോടെ മഴ പെയ്യും. മാസം പകുതി എത്തുമ്പോഴേക്കും മൂടൽ മഞ്ഞും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ജനുവരിയിലെ പ്രതിദിന ശരാശരി താപനില 17.7 ഡിഗ്രി സെൽഷ്യസ് ആണ്. ജനുവരി മാസങ്ങളിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ താപനിലയിൽ ഏറ്റവും കുറഞ്ഞത് 1964 ൽ ആണ്–3.8 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കൂടുതൽ 2015 ലും –32.4 ഡിഗ്രി സെൽഷ്യസ്.