ADVERTISEMENT

ദുബായ് ∙ പുതിയ വർഷം, പുതിയ തുടക്കം. 2025 ലേക്ക് കടക്കുമ്പോള്‍ ബജറ്റും പുതുക്കാന്‍ ആഗ്രിക്കുന്നവരാണെങ്കില്‍ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. ആറ് സേവനങ്ങള്‍ക്ക് ഈ വ‍‍‍ർഷം ചെലവ് കൂടുകയാണ്.

∙ ദുബായ് പാർക്കിങ് ഫീസ്
2025 ല്‍ ദുബായില്‍ വരുന്ന ഏറ്റവും സുപ്രധാന മാറ്റങ്ങളിലൊന്നാണ് പാർക്കിങ് ഫീസുകളിലെ വർധനവ്. ദുബായില്‍ പ്രീമിയം സ്റ്റാന്‍ഡേഡ് പാർക്കിങ് ഫീസുകളില്‍ മാറ്റം വരും. മാർച്ച് മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്. തിരക്ക്  കൂടുന്ന സമയങ്ങളില്‍ ഒരു നിരക്കും അല്ലാത്തപ്പോള്‍ മറ്റൊരുനിരക്കുമെന്നുളളത് പാർക്കിങിനും ബാധകമാകും.

പ്രീമിയം പാർക്കിങ്  മേഖലകളില്‍ മണിക്കൂറിന് ആറ് ദിർഹമാകും ഫീസ്. നിലവില്‍ ഇത് 4 ദിർഹമാണ്. രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 8 വരെയുമാണ് ഈ ഫീസ് ഈടാക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ 10 വരെയും 4 ദിർഹമായിരിക്കും നിരക്ക്

സ്റ്റാന്‍ഡേഡ് പാർക്കിങ് സ്പേസുകളില്‍ രാവിലെ 8 മുതല്‍ രാത്രി 10 മണിവരെ മണിക്കൂറിന് നാല് ദിർഹമായിരിക്കും പാർക്കിങ് നിരക്ക്.

എല്ലാ പാർക്കിങ് സ്ഥലങ്ങളിലും രാത്രി 10 മുതല്‍ രാവിലെ 8 വരെയും ഞായറാഴ്ചയും പാർക്കിങ് സൗജന്യമായിരിക്കും. ഇവന്റ് പാർക്കിങ് മേഖലകളില്‍  25 ദിർഹമായിരിക്കും നിരക്ക്.

∙ സാലിക്ക്
ദുബായിലെ സാലിക് ടോള്‍ ഗേറ്റുകളിലും നിരക്ക് ഉയരും. തിരക്ക്  കൂടുന്ന സമയങ്ങളില്‍ ഒരുനിരക്കും അല്ലാത്തപ്പോള്‍ മറ്റൊരു നിരക്കുമെന്നുളള, ഡൈനാമിക് പ്രൈസിങിലേക്ക് മാറുന്നതോടെയാണ് നിരക്ക് വർധനവ് പ്രാബല്യത്തിലാവുക.

രാവിലെ 6 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും 6 ദിർഹമാണ് ഈടാക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ പുലർച്ചെ 1 മണിവരെയും ഞായറാഴ്ചകളിലും (പൊതുഅവധി ദിനങ്ങളും പ്രത്യേക പരിപാടിയുളള ദിവസങ്ങളിലും ഒഴികെ) 4 ദിർഹമായിരിക്കും സാലിക്ക് നിരക്ക്.

പുലർച്ചെ 1 മണിമുതല്‍ 6 മണിവരെ സാലിക്ക് ടോള്‍ ഗേറ്റുകളിലൂടെ സൗജന്യമായി യാത്ര ചെയ്യാം.

∙ മദ്യത്തിന് വിലകൂടും
ദുബായില്‍ മദ്യമുള്‍പ്പടെയുളള ലഹരിപാനീയങ്ങള്‍ക്ക്  30 ശതമാനം നികുതി പ്രാബല്യത്തിലായി. ജനുവരി 1 മുതല്‍ ലഹരിപാനീയങ്ങള്‍ക്ക് 30 ശതമാനം നികുതി വീണ്ടും ഈടാക്കിത്തുടങ്ങുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ തന്നെ റീടെയ്‌ലർമാരെ അറിയിച്ചിരുന്നു.

∙ മലിനജല ശേഖരണ ഫീസ് നിരക്ക്
മലിനജല ശേഖരണ ഫീസ് നിരക്കില്‍ ആദ്യമായാണ് ദുബായ് വർധനവ് വരുത്തുന്നത്. വില്ലകളിലും ഫ്ലാറ്റുകളിലും ഹോട്ടല്‍ ഉള്‍പ്പടെയുളള സ്ഥാപനങ്ങളിലും മലിനജല ശേഖരണ ഫീസ് (സ്വീവേജ് ഫീസ്) വർദ്ധിക്കും. അടുത്ത മൂന്ന് വർഷത്തേക്ക് ഘട്ടം ഘട്ടമായാണ് വർദ്ധനവ് വരുത്തുക. 2025 ല്‍ ഗാലന് 1.5 ഫില്‍സും 2026 ല്‍ ഗാലന് 2 ഫില്‍സും 2027 ല്‍ ഗാലന്  2.8 ഫില്‍സുമായിരിക്കും നിരക്ക്.

∙ ഇന്‍ഷുറന്‍സ് പ്രീമിയം
ദുബായില്‍ ആരോഗ്യ വാഹന ഇന്‍ഷുറന്‍സുകളുടെ പ്രീമിയം തുകയില്‍ വർധനവുണ്ടാകും. പോളിസി ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് വർധിച്ചുവരുന്ന ചെലവുകള്‍ക്ക് അനുസൃതമായാണ് പ്രീമിയം നിരക്കുകള്‍ കൂട്ടുന്നതെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. പ്രീമിയം നിരക്കുകളില്‍ ഓരോ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് അനുസൃതമായി വ്യത്യാസമുണ്ടായിരിക്കും.

∙ ഇലക്ട്രോണിക് വാഹന ചാർജ്ജിങ് നിരക്ക്
ഇലക്ട്രോണിക് വാഹന ചാർജ്ജിങ് നിരക്കിലും 2025 ല്‍ വർധനവ് പ്രതീക്ഷിക്കാം. 2024 മെയിലാണ് ഇലക്ട്രോണിക് വാഹന ചാർജ്ജിങിന് നിരക്ക് പ്രഖ്യാപിച്ചതെങ്കിലും ഈടാക്കി തുടങ്ങിയിരുന്നില്ല. ഡിസി ചാർജ്ജറിന് ഒരു കിലോവാട്ട്-മണിക്കൂറിന് 1.20 ദിർഹം ( വാറ്റ് കൂടാതെ)  എസി ചാർജ്ജറുകള്‍ക്ക് ഒരു കിലോവാട്ട്-മണിക്കൂറിന്  70 ഫില്‍സ് (വാറ്റ് കൂടാതെ) എന്നതാണ് നിരക്ക്. യുഎഇവി യുടെ മൊബൈല്‍ ആപ് വഴിയും സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുളള മെഷീന്‍ വഴിയും താരിഫ് അടയ്ക്കാം. വാഹനമോടിക്കുന്നവർക്കുളള സൗകര്യാർഥം കോള്‍ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

ഈ നിരക്കുകളൊക്കെ വർധിക്കുമെങ്കിലും വാടകയിലും ശമ്പളത്തിലും വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് സർവേകൾ നല്‍കുന്ന സൂചന. 2025 ല്‍ കൂടുതല്‍ വില്ലകളും ഫ്ളാറ്റുകളും വരുന്നതോടെ വാടകയില്‍ കുറവുണ്ടായേക്കുമെങ്കിലും ചില മേഖലകളില്‍ വാടക 18 ശതമാനം വരെ ഉയരുമെന്നും കണക്കുകള്‍ പറയുന്നു. അതേസമയം ശമ്പളകാര്യത്തില്‍ മാന്യമായ വർധനവ് പ്രതീക്ഷിക്കാമെന്നാണ് ഒന്നിലധികം പഠനങ്ങള്‍ പറയുന്നത്. സാങ്കേതിക, നിയമ മേഖലകളില്‍ പ്രഫഷനലുകള്‍ക്ക് ആവശ്യകതയേറുന്നതിനാല്‍ ആ മേഖലകളിലെ  ശമ്പളത്തില്‍ വർധനവ് പ്രതീക്ഷിക്കാം. ഫിനാൻസ്, അക്കൗണ്ടിങ്, എച്ച്ആർ, ലൈഫ് സയന്‍സ്   എന്നീ മേഖലയിലും ശമ്പള വർധനവുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വ്യവസായ മേഖലയിലും എഞ്ചിനീയറിങ്, നിർമ്മാണ മേഖല, റിയല്‍ എസ്റ്റേറ്റ്, റീടെയില്‍,ഹോള്‍ സെയില്‍,ലൈഫ് സയന്‍സ് ഉള്‍പ്പടെയുളള മേഖലകളിലും  നാല് ശതമാനം ശമ്പള വർധനവാണ് മറ്റൊരു പഠനം പ്രവചിക്കുന്നത്.

English Summary:

UAE taxes and charges coming into effect from January 2025.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com