വിദേശ ചെടികൾ യുഎഇയിൽ വേരുപിടിച്ചു, പരീക്ഷണം വിജയം; 10 ഏക്കറിൽ പൂത്തുലഞ്ഞു, അഹ്മദിന്റെ പൂന്തോട്ടം

Mail This Article
അബുദാബി ∙ മരുഭൂമിയിൽ ബഹുവർണ പൂക്കളുടെ നിറവസന്തമൊരുക്കി പുതുവർഷത്തെയും സന്ദർശകരെയും സ്വാഗതം ചെയ്ത് സ്വദേശി യുവാവ് അഹ്മദ് അബ്ദുല്ല അൽ മസ്റൂഇ. യൂറോപ്യൻ രാജ്യങ്ങളിലെ പൂന്തോട്ട കാഴ്ചകളാണ് അബുദാബി മുവൈലിഹിലെ ഫ്ലവർ ഫാമിൽ ഒരുക്കിയത്.
അബുദാബി ബിഎപിഎസ് ഹിന്ദു മന്ദിറിനു എതിർവശത്ത് ഫാം ഏരിയയിലാണ് സൗന്ദര്യവും സൗരഭ്യവും സമ്മേളിക്കുന്ന ഈ പൂന്തോട്ടം. ഈ മാസം 10 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ചുവപ്പ്, വയലറ്റ്, പിങ്ക്, നീല, ഓറഞ്ച്, മഞ്ഞ, വെള്ള, റോസ്, ക്രീം, ബ്രൗൺ നിറങ്ങളിലുള്ള ഗ്ലാഡിയോലസ്, സ്നാപ്ഡ്രാഗൺ, സ്റ്റോക്ക്, ഡാറ തുടങ്ങി 20 ഇനങ്ങളിലുള്ള ചെടികളുണ്ടിവിടെ. അബുദാബി–ദുബായ് നഗരത്തിൽനിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ കൃഷിത്തോട്ടത്തിലെത്താം. ചുറ്റും ഏക്കർ കണക്കിന് പച്ചക്കറി തോട്ടത്തിനു നടുവിലാണ് ഈ പൂന്തോട്ടം. കർഷക കുടുംബത്തിൽ പിറന്ന അഹ്മദിന് മണ്ണിനോടും കൃഷിയോടുമുള്ള പ്രണയമാണ് പൂന്തോട്ടമെന്ന ആശയത്തിലേക്ക് എത്തിച്ചത്.
തുടർന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച് പുഷ്പ കൃഷിയെക്കുറിച്ച് കൂടുതൽ പഠിച്ചും ഗവേഷണം നടത്തിയും യുഎഇ കാലാവസ്ഥയ്ക്ക് ഇണങ്ങുംവിധം ചെടികൾ വളർത്തിയെടുക്കുകയായിരുന്നു. പരീക്ഷണം വിജയിച്ചതോടെ ഇത്തവണ 10 ഏക്കറിലേക്കു വ്യാപിപ്പിക്കുകയായിരുന്നു.
ഇതിനിടെ യുഎഇയിലെ ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള ഷെയ്ഖ് മൻസൂർ ബിൻ സായിദ് അവാർഡും നേടി. പൂന്തോട്ടത്തിലേക്ക് 10 ദിർഹമാണ് പ്രവേശന ടിക്കറ്റ്. പറിക്കുന്ന ഒരു തണ്ടിന് 2 മുതൽ 7 ദിർഹം വരെ ഈടാക്കും. വാരാന്ത്യങ്ങളിൽ രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 3 മുതൽ 6 വരെയുമാണ് പ്രവേശനം.