മനം കവര്‍ന്ന് മസ്കത്ത് പുഷ്പ മേള: പത്തു ലക്ഷത്തിലധികം പൂക്കൾ; ഭരണാധികാരികളുടെ പേരിൽ റോസാപ്പൂക്കൾ

Mail This Article
മസ്കത്ത് ∙ മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായി പുഷ്പ മേള. ഖുറം നാച്ചുറല്‍ പാര്‍ക്കില്‍ ഒരുക്കിയ മേഖലയിലെ തന്നെ ഏറ്റവും വലിയ പുഷ്പോത്സവം കാണാന്‍ ആയിരങ്ങളാണ് ഓരോ ദിവസവും ഒഴുകിയെത്തുന്നത്.
ഒരുമാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ലോകമെമ്പാടുമുള്ള പത്തു ലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ കാഴ്ചയൊരുക്കുന്നത്. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യന്തര പ്രശസ്തരായ ഫ്ളോറല്‍ ഡിസൈനര്‍മാരുടെ കലാരൂപങ്ങളും മേളയിലുണ്ട്. സിംഗപ്പൂര്‍, തായ്ലന്ഡ്, ചൈന, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു രാജ്യന്തര ടീം ആണ് ഫ്ലവർ നഗരി രൂപകല്പന ചെയ്തിരിക്കുന്നത്.
കലയും പ്രകൃതിയും സര്‍ഗ്ഗാത്മകതയും സമന്വയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ദൃശ്യങ്ങളാണ് മസ്കത്ത് ഫ്ലവർ ഫെസ്റ്റിവലിലേത്. ഗ്രാന്‍ഡ് ഫ്ലോറല്‍ സെന്റര്‍പീസ്, അത്ഭുതങ്ങളുടെ വേരുകള്‍, സ്വപ്നങ്ങളുടെ മേലാപ്പുകള്‍ എന്നിങ്ങനെയുള്ള അതിശയകരമായ കലാസൃഷ്ടികള്‍ കാണികളെ കാത്തിരിക്കുന്നു.
പുഷ്പ മേളയിലെ മറ്റൊരു ആകര്‍ഷണം ഭരണാധികാരികളുടെ പേരുകളുള്ള റോസാപ്പൂക്കളാണ്. വിട പറഞ്ഞ സുല്‍ത്താന്‍ ഖാബൂസിന്റെയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, സുല്‍ത്താന്റെ ഭാര്യ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി എന്നിവരുടെയും പേരിലുള്ള റോസാപ്പൂക്കളാണ് സന്ദര്‍ശകരുടെ മനം കവരുന്നത്. പൂക്കള്‍ക്ക് മുൻപില് നിന്നും ഫോട്ടോ എടുക്കാനും മനോഹരമായ പൂക്കള്‍ ആസ്വാദിക്കാനും എത്തുന്നവരുടെ വലിയ നിര തന്നെ ഇവിടെ കാണാം.
മസ്കത്ത് നൈറ്റ്സിലെ മറ്റു വേദികളെക്കാള്‍ തിരക്കും ഖുറം പാര്‍ക്കിലാണ്. ജീവിതത്തിലെ നവ്യാനുഭവമാണ് ഇത്തരമൊരു കാഴ്ചയെന്നും ഒമാനിലെ ഏതൊരാളും കണ്ടിരിക്കേണ്ടതാണ് പുഷ്പ മേളയിലെ അത്ഭുതങ്ങളെന്നും ഇവിടെയെത്തി സന്ദര്‍ശകര്‍ പറഞ്ഞു. പൂക്കളുടെ മനം കവരും കാഴ്ചകള്‍ക്കൊപ്പം നിരവധി വിജ്ഞാനങ്ങളും സന്ദര്‍ശകര്‍ക്ക് ലഭിക്കുന്ന രൂപത്തിലാണ് പുഷ്പങ്ങളെ ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, ഡിസംബര്‍ 23ന് തുടക്കം കുറിച്ച മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലില്‍ രണ്ടര ലക്ഷത്തില്‍ പരം സന്ദര്‍ശകരാണ് ആദ്യ ഒരാഴ്ചക്കിടെ എത്തിയത്. 2025 ജനുവരി 21 വരെ തലസ്ഥാനത്തെയും പരിസരങ്ങളിലെയും ഏഴ് വേദികളിലായി ഫെസ്റ്റിവല്‍ തുടരും. ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉള്‍പ്പെടെ ഏറെ സവിശേഷതകള്‍ ഉള്ള ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥയും അനുകൂലമായതിനാല്‍ ശൈത്യകാല ടൂറിസത്തിന് മസ്കത്ത് നൈറ്റ്സ് മുതല്‍കൂട്ടാവും.
ഖുറം നാച്ചുറല്‍ പാര്‍ക്ക്, ആമിറാത്ത് പാര്‍ക്ക്, നസീം ഗാര്ഡന് എന്നിവിടങ്ങളിലാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയത്. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. ഏകദേശം പത്തുലക്ഷത്തോളം സന്ദര്‍ശകരെ ഫെസ്റ്റിവല്‍ ആകര്‍ഷിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കുട്ടികളും കുടുംബങ്ങളുമാണ് പ്രധാന സന്ദര്‍ശകര്‍.