അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഒമാനെ തകര്‍ത്ത് ബഹ്‌റൈന്‍ ജേതാക്കള്‍

Mail This Article
കുവൈത്ത്‌സിറ്റി ∙ 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ബഹ്‌റൈന്‍ കരസ്ഥമാക്കി. 2-1-ന് എന്ന നിലയില്‍ ഒമാനെ തകര്‍ത്താണ് ബഹറൈന്‍ കപ്പില്‍ മുത്തമിട്ടത്. ഇത് രണ്ടാം തവണയാണ് ബഹ്‌റൈന്‍ അറേബ്യന്‍ ഗള്‍ഫ് കപ്പ് നേടുന്നത്. 60,000-ല്‍ അധികം വരുന്ന ആരാധകരുടൈ മുന്നില്‍ ശക്തമായ മത്സരമാണ് അര്‍ദിയായിലെ ജാബെര്‍ അല്‍ അഹമദ് ഇന്റെര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
രണ്ടാം പകുതിയിലാണ് ബഹ്‌റൈന്‍ തങ്ങളുടെ കരുത്ത് പുറത്തെടുത്ത് പോരാടിയത്. ബഹ്‌റൈന്റ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയില്‍ ഒമാന്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. 17-ാം മിനിറ്റില്‍ ഒമാന്റെ അലി അല്‍ ബുസൈദിയുടെ കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് അബ്ദുള്‍ റഹ്മാന്‍ അല്‍-മൊഷൈഫാരി ആദ്യ ഗോള്‍ നേടി.
രണ്ടാം പകുതിയിലെ 78-ാം മിനിറ്റിലും 80-ാം മിനിറ്റിലും ബഹ്‌റൈന്‍ ഒമാനെ വിറപ്പിച്ചു. ബഹ്‌റൈന്‍ താരം മുഹമ്മദ് മര്‍ഹൗണ്‍ പെനാല്‍റ്റി കിക്കിലൂടെ സമനില നേടി. സമനില അധികം നീണ്ട് നിന്നില്ല. രണ്ട് മിനിറ്റിന് ശേഷം മുഹമ്മദ് മര്‍ഹൗണ്‍ തന്നെ ഗോള്‍ വലയത്തിലേക്ക് പായിച്ച പന്ത് ഒമാന്‍ ക്യാപ്റ്റൻ മുഹമദ് അല്‍ മുസലമിയുടെ കാലില്‍ തട്ടിയാണ് വിജയ ഗോള്‍ ബഹ്‌റൈന്‍ നേടിയത്.
വിജയശേഷം വന്‍ ആഹ്ലാദപ്രകടനമാണ് ബഹ്‌റൈന്‍ ടീം ഗ്രൗണ്ടില്‍ നടത്തിയത്. പരമ്പരാഗത ഗാനത്തോട് നൃത്തം വച്ച് ആരാധകരെ ആവേശത്തിലാക്കി. ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ ബഹ്‌റൈന്‍, ഒമാന്‍ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു സ്‌റ്റേഡിയം. ബഹ്‌റൈനില്‍ ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗള്‍ഫ് രാജ്യങ്ങളിലെ 96,000 പേരാണ് കുവൈത്തിലെത്തിയത്. മത്സരം മൂലം ഉണര്‍വ് പല മേഖലകളിലും പ്രകടമായിരുന്നു. പ്രധാനപ്പെട്ട റസ്‌റ്ററന്റുകളില്‍ 30 ശതമാനം കച്ചവടം കൂടി. മാളുകളിലെ സെയില്‍സില്‍ 15 ശതമാനം വര്‍ധനവ് ഉണ്ടായിരുന്നു.
അമീര്‍ അഭിനന്ദിച്ചു
26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ബഹ്‌റൈന്‍ ടീമിനെ കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് അഭിനന്ദിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയ്ക്ക് അണ് അഭിനന്ദന സന്ദേശം അയച്ചത്. ബഹ്‌റൈന്‍ ദേശീയ ടീമിന്റെ പ്രകടനത്തെ അമീര്‍ പ്രശംസിച്ചു.
അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം സൂചിപ്പിക്കുന്നതാണ് വലിയ ആരാധക സാന്നിധ്യമെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അല്‍ അഹമദ് അല്‍ സബാഹ്, നാഷനല്‍ ഗാര്‍ഡ് മേധാവി ഷെയ്ഖ് മുബാറക് ഹമൂദ് അല്‍ ജാബില്‍ അല്‍ സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ്, ഇൻഫര്‍മേഷന്‍, കള്‍ച്ചറല്‍ യൂത്ത് അഫേഴ്‌സ് വകുപ്പ് മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ മുത്തെരി, കൂടാതെ മത്സര നടത്തിപ്പിന് നേത്യത്വം ഉയര്‍ന്ന ഉദ്യോഗസ്ഥർ എന്നിവരെയും അമീര്‍ അനുമോദിച്ചു.
കിരീടാവകാശി ട്രേഫികള്‍ വിതരണം ചെയ്തു
കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബഹ് ഖാലീദ് അല്‍ ഹമദ് അല്‍ സബാഹാണ് വിജയികള്‍ക്കും ഒഫിഷ്യലുകള്‍ക്കുമുള്ള ട്രോഫി, പുരസ്‌കാരങ്ങള്‍ കൈമാറി. ഡിസംബര്‍ 21- ആരംഭിച്ച ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന മത്സര വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയായിരുന്നു മുഖ്യാതിഥി. 1970-ല്‍ ആരംഭിച്ച അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ 10 കിരീടങ്ങളുമായി കുവൈത്ത് ഒന്നാമതും നാല് കിരീടങ്ങളുമായി ഇറാഖ് രണ്ടാമതും മൂന്ന് കിരീടങ്ങളുമായി സൗദി അറേബ്യയും ഖത്തറും മൂന്നാമതുമാണ്.