പ്രതീക്ഷയിൽ പ്രവാസികൾ: കെട്ടിടങ്ങള്‍ക്ക് 'സ്റ്റാർ റേറ്റിങ് '; കുത്തനെ കൂട്ടുന്ന വാടകയ്ക്ക് കടിഞ്ഞാണിടാൻ ദുബായിൽ സ്മാർട് വാടക

Mail This Article
ദുബായ് ∙ കുത്തനെ കൂട്ടുന്ന വാടകയ്ക്ക് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായില്‍ സ്മാർട് വാടക സൂചിക നടപ്പിലാക്കിയത്. ദുബായ് ലാൻഡ് ഡിപാർട്മെന്റാണ് വാടക സൂചിക പുറത്തിറക്കിയത്. 60 ലധികം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കെട്ടിടങ്ങള്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വരെ സ്റ്റാർ റേറ്റിങ് നല്‍കും. ഈ റേറ്റിങ് കൂടി അടിസ്ഥാനമാക്കിയാണ് വാടകവർധനവ് നിശ്ചയിക്കുന്നത്. നിലവില്‍ ഇത് താമസ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. ഭാവിയില്‍ വാണിജ്യ കെട്ടിടങ്ങള്‍ക്കുകൂടി ബാധമാക്കും. താമസക്കാർക്ക് നല്‍കുന്ന സൗകര്യങ്ങള്‍, കെട്ടിടത്തിലേക്കുളള ഗതാഗത സൗകര്യം, കെട്ടിടത്തിന്റെ കാലപ്പഴക്കം, അറ്റകുറ്റപ്പണികള്‍, പാർക്കിങ്, തുടങ്ങിവയാണ് സ്റ്റാർ റേറ്റിങിന് അടിസ്ഥാനമാക്കുക.
നിലവിലെ വാടകക്കരാർ പുതുക്കുമ്പോഴാണ് പുതിയ വാടക നിയമം പ്രാബല്യത്തിലാവുക. ക്രമരഹിത വാടക വർധനവിന് പരിഹാരമാകും സ്മാർട് വാടക സൂചികയെന്നാണ് പ്രതീക്ഷിക്കുന്നത്. വാടകക്കാർക്ക് അവരുടെ ഭൂവുടമകളുമായി വാടകവർധന സംബന്ധിച്ച് ചർച്ച നടത്താനും അന്യായമായ വാടകവർധനവിനെ ചോദ്യം ചെയ്യാനുമുളള ശക്തമായ ഉപകരണമാകും, സ്മാർട് വാടക സൂചിക. അതേസമയം തന്നെ ന്യായമായ വാടകവർധനവ് വരുത്താന്‍ ഭൂവുടമകള്‍ക്കും അധികാരമുണ്ടാകും. വാടകക്കാരുടെയും ഒപ്പം ഭൂവുടമകളുടെയും നിക്ഷേപകരുടെയും ജീവിത നിലവാരം ഉയർത്തുകയെന്നുളളതാണ് ഡിഎല്‍ഡി ലക്ഷ്യമിടുന്നത്.

ദുബായ് സൗത്തിലാണ് ബിസിനസുകാരനായ ഷിനു ജോർജ്ജ് താമസിക്കുന്നത്. ദുബായ് ലാൻഡ് വില്ലനോവയില്‍ 4 മുറികളുളള സ്വന്തം വില്ലയിലാണ് താമസിക്കുന്നതെങ്കിലും ഒരു വില്ല വാടകയ്ക്ക് നല്‍കുന്നുണ്ട് ഷിനു. രണ്ടരവർഷം മുന്‍പ് 1.6 മില്ല്യൻ ദിർഹത്തിനാണ് വില്ല വാങ്ങിയത്. നിലവില്‍ ഏറ്റവും ചുരുങ്ങിയത് 3 മില്ല്യൻ ദിർഹത്തിന് മുകളിലാണ് ഈ വില്ലയുടെ വിപണിവില. അതേസമയം ഈ മേഖലയിലെ 4 മുറികളുളള വില്ലയ്ക്ക് രണ്ട് വർഷം മുന്‍പ് വർഷത്തില്‍ 1,20,000 ദിർഹമായിരുന്നു വാടക. നിലവില്‍ അത് 1,78,000 ദിർഹത്തിലെത്തി നില്‍ക്കുന്നു. നിലവിലെ വിപണിസാധ്യതയനുസരിച്ച് ഈ മേഖലയിലെ വാടകയില്‍ വർധനവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ സ്മാർട് വാടക സൂചികയിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പരിഗണിച്ചുമാത്രമെ വാടകവർധനവ് വരുത്താനാകൂ എന്നുളളത് വാടകക്കാരെ സംബന്ധിച്ച് ഗുണമുളള കാര്യമാണ്. വാടക എത്ര കൂടിയാലും ഇവിടേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വർധനവുണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ ദുബായുടെ ഹബാകുമെന്ന് പ്രതീക്ഷിക്കുന്ന ദുബായ് സൗത്ത് പോലുളള സ്ഥലങ്ങളില്‍ അടുത്ത രണ്ട് മൂന്ന് വർഷത്തേക്ക് വാടകയില്‍ വർധനവ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഷിനു ജോർജ്ജ് പറയുന്നു.

ദുബായില്‍ അതിവേഗം വളരുന്ന ഭാഗമാണ് ദുബായ് സൗത്ത്. ദുബായ് അർബൻ പ്ലാൻ 2040ക്ക് അനുസൃതമായാണ് ഓരോ വികസനപ്രവർത്തനങ്ങളും നടക്കുന്നത്. ദുബായ് സൗത്തിലെ നിക്ഷേപത്തിന്റെ 70 ശതമാനം റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ്. അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം കൂടി പൂർണതോതില്‍ പ്രവർത്തന സജ്ജമാകുന്നതോടെ ദുബായുടെ സാമ്പത്തിക മേഖലയില്‍ നിർണായകമാകും ദുബായ് സൗത്ത് മേഖല.

ദുബായ് ഖിസൈസിലെ ഷെയ്ഖ് കോളനിയിലാണ് ഒരു ഓയില്‍ കമ്പനിയില്‍ സീനിയർ എക്യുപ്മെന്റ് ഓപറേറ്ററായി ജോലി ചെയ്യുന്ന സജി വർഗ്ഗീസും കുടുംബവും താമസിക്കുന്നത്. ആറ് വർഷം മുന്‍പ് വാസല്‍ ബില്‍ഡിങില്‍ രണ്ട് മുറി വാടകയ്ക്ക് താമസം ആരംഭിച്ചപ്പോള്‍ വർഷത്തില്‍ 50,000 ദിർഹത്തിന് മുകളിലായിരുന്നു വാടക. കോവിഡ് സമയത്ത് വാടകയില്‍ കുറവുണ്ടായി. എന്നാല്‍ കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ വീണ്ടും വാടക കൂടി. വാസല്‍ ബില്‍ഡിങ്ങായതുകൊണ്ടുതന്നെ നിശ്ചിതപരിധിയിലാണ് വാടക വർധനയെന്നതില്‍ ആശ്വാസമുണ്ടെന്നും സജി പറയുന്നു. സ്മാർട് വാടക സൂചികയിലൂടെ വാടകക്കരാർ പുതുക്കുമ്പോള്‍ എത്രയായിരിക്കും വാടകയെന്നുളളത് സംബന്ധിച്ച് ഒരു ധാരണ കിട്ടും. അതിനനുസരിച്ച് ബജറ്റ് പ്ലാന്‍ ചെയ്യാനും സാധിക്കുമെന്നും സജി പറഞ്ഞു.
ഖിസൈസ് ഭാഗത്തുളള മറ്റ് കെട്ടിടങ്ങളെ അപേക്ഷിച്ച് കാലപ്പഴക്കമുണ്ടെന്നുളളതും ലിഫ്റ്റില്ലെന്നുളളതും ഖിസൈസിലെ ചില വാസല്‍ കെട്ടിടങ്ങളുടെ പോരായ്മയാണ്. അതുകൊണ്ടുതന്നെയാണ് മറ്റ് കെട്ടിടങ്ങളെ അപേക്ഷിച്ച് ഇവിടെ വാടക കുറവാണ്. സ്മാർട് റെന്റല്‍ ഇന്‍ഡക്സില്‍ പഴയ കെട്ടിടങ്ങള്‍ക്ക് വാടകവർധനവ് നടപ്പിലാക്കുന്നതിന് മുന്‍പ് കെട്ടിടം പുതുക്കിപ്പണിയണം. മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കുകയും വേണം.
ദുബായുടെ ഹൃദയഭാഗമേതെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുണ്ടാകൂ. അത് ബുർജുമാന്‍-കരാമ ഭാഗമാണ്. വാടക വർധനവില്‍ കെട്ടിടത്തിന്റെ കാലപ്പഴക്കം, നല്‍കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിക്കുകയാണെങ്കില്‍ അത് ഏറ്റവും നല്ലകാര്യമാണെന്നാണ് ബുർജുമാനില്‍ താമസിക്കുന്ന ഫിലിപ്പ് പറയുന്നത്. കോവിഡ് സമയത്ത് വാടക താഴ്ന്നുവെങ്കിലും അതിന് ശേഷം ഓരോ വർഷത്തിലും ഒരു നിശ്ചിത ശരാശരിയില്‍ വാടക വർധിച്ചു. ഇനിയും വാടകയില്‍ വർധനവുണ്ടാകുമെങ്കിലും കെട്ടിടഉടമസ്ഥരുമായി ഒരു വിലപേശല്‍ നടത്താന്‍ സ്മാർട്ട് വാടക സൂചിക സഹായകരമാകുമെന്നാണ് ഫിലിപ്പിന്റെ പ്രതീക്ഷ.

മൊഹ്സീന വാസല്‍ കമ്മ്യൂണിറ്റിയിലാണ് ഡാനിയേല്‍ മാത്യു താമസിക്കുന്നത്. പ്രകൃതി സൗഹൃദത്തിന് വലിയ പ്രധാന്യം നല്‍കുന്ന രാജ്യമാണ് യുഎഇ. മൊഹ്സീന വാസല്‍ കമ്മ്യൂണിറ്റിയില്‍ ഇവി വാഹനങ്ങള്‍ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇവിടെ ഇവി ചാർജ്ജറുകളില്ലെന്നുളളത് വലിയ പോരായ്മയായി അനുഭവപ്പെട്ടിട്ടുണ്ട്. താമസക്കാർക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ച് വാടക വർധനയെന്നത് നടപ്പിലാക്കുകയാണെങ്കില്‍ കൂടുതല്‍ സൗകര്യപ്രദമാകും. 8 വർഷമായി ഇവിടെയാണ് താമസിക്കുന്നത്. മാലിന്യനിർമ്മാർജ്ജന കേന്ദ്രം അടുത്തായതിനാലുളള അസൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നുളളത് യഥാർഥ്യമാണ്. ഇതിന് ഒരു പരിഹാരം അധികൃതർ കാണണമെന്നുളളതാണ് ആവശ്യപ്പെടുന്നതെന്നും ഡാനിയേല്‍ മാത്യു പറയുന്നു.
ദുബായുടെ 15 മിനിറ്റ് സിറ്റിയാണ് സിലിക്കണ്‍ ഓയാസീസ്. 2005 ല്‍ ആരംഭിച്ച സിലിക്കണ്‍ ദുബായ് സിലിക്കണ്‍ ഓയാസീസ് കമ്മ്യൂണിറ്റി 2022 ലെ കണക്കുപ്രകാരം 90,000 പേരിലെത്തി നില്‍ക്കുകയാണ്. നഗര ഭാഗമാണെങ്കിലും പൊതുവെ ശാന്തമാണ് ഇവിടെമെന്നുളളതാണ് പ്രത്യേകത. ഡൗണ്‍ ടൗണ്‍ദുബായ്, മിർദിഫ്, ദുബായ് വേള്‍ഡ് സെൻട്രല്‍ എന്നിവിടങ്ങളിലേക്ക് 25 മുതല്‍ 30 മിനിറ്റുകള്‍കൊണ്ടെത്താനാകും. ഒറ്റമുറി ഫ്ലാറ്റിന് വർഷത്തില്‍ ശരാശരി 50,000 ദിർഹമാണ് വാടക. ദുബായ് മെട്രോ ബ്ലൂ ലൈന്‍ കൂടി വരുന്നതോടെ കൂടുതല്‍ പേർ ഇവിടെക്ക്എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വാടകയിലും വർധനവ് പ്രതീക്ഷിക്കാം.
ദുബായ് ലാൻഡിന്റെ വെബ്സൈറ്റിലുളള റെന്റല്‍ ഇന്‍ഡക്സില്‍ വിവരങ്ങള്‍ നല്‍കിയാല്‍ എത്രശതമാനം വാടക വർധനവ് വരുമെന്ന് മനസ്സിലാക്കാനാകും. വർഷത്തില്‍ ഒരിക്കല്‍ കെട്ടിടത്തിന്റെ നിലവാരം രേഖപ്പെടുത്തി അതിനെ അടിസ്ഥാനമാക്കിയാണ് റെറ വാടക സൂചികയില്‍ വാടക വർധനവിന്റെ വിവരങ്ങള്‍ നല്‍കിയിരുന്നതെങ്കില്‍ 60 ഓളം ഘടകങ്ങള്‍ അടിസ്ഥാനമാക്കി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നിമിഷങ്ങള്‍ക്കകമാണ് സ്മാർട് വാടക സൂചികയില്‍ വാടക വർധനവിന്റെ വിവരങ്ങള്‍ നല്‍കുന്നത്. വാടക ക്രമാതീതമായി ഉയർത്തിയാല്‍ വാടകക്കാർക്ക് സ്മാർട് വാടക സൂചികയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി വാടക കുറയ്ക്കാന്‍ ആവശ്യപ്പെടാനാകും. വാടകക്കാരും ഭൂവുടമകളും തമ്മിലുളള തർക്കങ്ങള്‍ കുറയ്ക്കുന്നതിന് സ്മാർട് വാടക സൂചിക ഉപകാരപ്രദമാകുമെന്നാണ് കണക്കുകൂട്ടല്‍. നിക്ഷേപകർക്കും ഭൂവുടമകള്‍ക്കും വാടകക്കാർക്കും ഒരുപോലെ സൗകര്യപ്രദമാകുന്ന രീതിയില്‍ വാടക നിശ്ചയിക്കുകയെന്നുളളതാണ് സ്മാർട് വാടക സൂചിക ലക്ഷ്യമിടുന്നത്.