ജിസിസിയിൽ ജനസംഖ്യ ഉയരുന്നു,3.31 കോടി ആളുകളും ജോലിക്കാർ; 2023 ൽ ജനസംഖ്യ 57.6 ദശലക്ഷം

Mail This Article
മസ്ക്കത്ത് ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ജനസംഖ്യ ഉയരുന്നു. 2023-ൽ മൊത്തം ജനസംഖ്യ 5.76 കോടി. 3.31 കോടി ആളുകളും ജോലിക്കാർ. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ 6 ജിസിസി രാജ്യങ്ങളിലായി 2022 ൽ ആകെ 5.66 കോടിയായിരുന്നു ജനസംഖ്യ. 2023 ലെ ജനസംഖ്യയിൽ 62.4 ശതമാനം പേരും പുരുഷന്മാരും 37.6 ശതമാനം പേർ സ്ത്രീകളുമാണെന്ന് ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട 2024 ലെ ജിസിസി സ്റ്റാറ്റിസ്റ്റിക്സ് അറ്റ്ലസിൽ പറയുന്നു.
24 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് 6 ജിസിസി രാജ്യങ്ങളുടെയും മൊത്തം വിസ്തീർണം. 2023 ൽ ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 3.31 കോടിയാണ്. 2022 ൽ 3.03 കോടിയായിരുന്നു ജോലിക്കാർ. ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ 4.5 കോടി ആളുകളും 15 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ജിസിസി രാജ്യങ്ങളിലെ വിവാഹിതരുടെയും വിവാഹമോചിതരുടെയും കണക്കെടുത്താൽ 1000 പേരിൽ 4.7 പേരും വിവാഹിതരും 1.8 പേർ വിവാഹമോചിതരുമാണ്.
2023 ൽ ജിസിസി രാജ്യങ്ങളുടെ വിദേശ വ്യാപാര തോത് 1.482 ട്രില്യൻ ഡോളർ ആണ്. ചരക്കു കയറ്റുമതി 823.1 ബില്യൻ ഡോളർ ആണ്. ജിസിസി രാജ്യങ്ങൾക്കിടയിലെ വ്യാപാര തോത് 131.6 ബില്യൻ ഡോളറുമാണ്. ജിസിസി രാജ്യങ്ങളുടെ നാമമാത്ര ജിഡിപി 2.113 ട്രില്യൻ ഡോളർ ആണ്. 2022 നെ അപേക്ഷിച്ച് 3.5 ശതമാനം കുറവാണ്. അതേസമയം 2023 ൽ വിലക്കയറ്റം 2.2 ശതമാനമാണ്.
6 ജിസിസി രാജ്യങ്ങളിലുമായി 2023 ൽ 6.81 കോടി ആളുകളാണ് സന്ദർശനം നടത്തിയത്. 10,900 ഹോട്ടലുകളിലായി 6,96,900 മുറികളാണുള്ളത്. ജിസിസി സഹകരണ കൗൺസിലിന്റെ ആസൂത്രണ വികസനത്തിന്റെ അടിസ്ഥാന സ്തംഭമെന്ന നിലയിൽ സ്ഥിതിവിവര കണക്കുകൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദാവി ചൂണ്ടിക്കാട്ടി.
ജിസിസിയിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയിലുൾപ്പെടെ ജനസംഖ്യയിൽ കൂടുതലും പ്രവാസികളാണ്. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ മുൻപിൽ സൗദിയാണ്. ജനസംഖ്യ ഉയരുന്നതനുസരിച്ച് സ്വദേശിവൽക്കരണ നടപടികൾ ശക്തമാക്കുകയാണ് ജിസിസി രാജ്യങ്ങൾ എന്നതും ശ്രദ്ധേയമാണ്.