തീപിടിത്തം; എന്‍ഇസികെയിലെ ആരാധനകള്‍ക്ക് മുടക്കമില്ല

Mail This Article
കുവൈത്ത് സിറ്റി ∙ നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ (എന്‍ഇസികെ) ആരാധനകള്‍ക്ക് മുടക്കമില്ലെന്ന് സെക്രട്ടറി റോയി കെ.യോഹനാന്‍ അറിയിച്ചു. തീ പിടിത്തത്തില്‍ ലൈറ്റ് ഹൗസ്, ഷെപ്പേഡ് ഹൗസ് എന്നിവയ്ക്കാണ് നാശമുണ്ടായത്. തീപിടിത്തമുണ്ടായ കേന്ദ്രത്തിലെ ആരാധനകള്‍ മറ്റ് ഹാളുകളിലായി നടത്തുമെന്നും റോയി കൂട്ടിചേര്‍ത്തു.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സിറ്റിയിലെ അല്‍-ഖിബ്ല പ്രദേശത്തെ എന്‍ഇസികെ കോംപൗണ്ടില്‍ തീ പിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാര്‍ഥനാസമയം അല്ലായിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഉടന്‍തന്നെ അഗ്നിശമനസേനയുടെ അല്‍-ഹിലാലി, ഹവാലി, അല്‍-ഇസ്‌നാദ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള സംഘങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. 400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കോംപൗണ്ടില്‍ തീ മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു.
ക്രിസ്മസ്-പുതുവല്‍സരം പ്രമാണിച്ച് ഇവിടുത്തെ കെട്ടിടങ്ങള്‍ ലൈറ്റുകളാല്‍ അലങ്കരിച്ചിരുന്നു. ഇതില്‍ നിന്നായിരിക്കാം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതെന്നാണ് സൂചന. അഗ്നിശമന സേന, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിലെ ഫയര്‍ ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.