ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

Mail This Article
ദോഹ∙ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം നടത്തി ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം (എച്ച്ഐഎ). ഹമദ് രാജ്യാന്തര വിമാനത്താവളം വഴി 2024ൽ യാത്ര ചെയ്തത് 52.7 ദശലക്ഷം യാത്രക്കാരാണ്. 2023നെ അപേക്ഷിച്ച് 15% വർധനവാണ് ഇതുവഴി രേഖപ്പെടുത്തിയത്.
279,000 വിമാനങ്ങളാണ് കഴിഞ്ഞ വർഷം എച്ച്ഐഎ വഴി സർവീസ് നടത്തിയത്. 10% വർധനവാണ് വിമാനങ്ങളുടെ സർവീസിൽ 2024ൽ രേഖപ്പെടുത്തിയത്. 2024ൽ മൊത്തം 2.6 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 12% വർധനവ്. ഇതിനുപുറമെ, എയർപോർട്ട് 41.3 ദശലക്ഷം ബാഗേജ് കൈകാര്യം ചെയ്തു. ബാഗേജ് കൈകാര്യം ചെയ്യുന്നതിലും 10% വർധനവുണ്ടായി.
ചൈന സതേൺ എയർലൈൻസ്, ഷെൻഷെൻ എയർലൈൻസ്, ജപ്പാൻ എയർലൈൻസ്, ഗരുഡ ഇന്തൊനീഷ്യ, ആകാശ എയർ തുടങ്ങിയ പുതിയ എയർലൈനുകൾ ഉൾപ്പെടെ 55 വിമാനകമ്പനികൾ 197 കേന്ദ്രങ്ങളിലേക്ക് എച്ച്ഐഎയിൽ നിന്ന് 2024ൽ സർവീസ് നടത്തി.
ചൈനയിലേക്കുള്ള ഗതാഗതം 87% വർധിച്ചു. ഏഷ്യയിലെ വളർന്നുവരുന്ന വിപണികളായ ഇന്തൊനീഷ്യ, മലേഷ്യ, വിയറ്റ്നാം എന്നിവയും ശക്തമായ വളർച്ച പ്രകടമാക്കി. യുകെ, ജർമനി, സ്പെയിൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സേവനവും വർധിച്ചു.
കണക്ടിവിറ്റി, വാണിജ്യം, വിനോദസഞ്ചാരം എന്നിവയുടെ പ്രധാന ആഗോള കേന്ദ്രമായി ഖത്തറിനെ വളർത്താനുള്ള ശ്രമത്തിന്‍റെ മുന്നേറ്റമാണ് ഈ വളർച്ചയെന്ന് എച്ച്ഐഎയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹമദ് അലി അൽ ഖാതർ അഭിപ്രായപ്പെട്ടു.
2024ൽ സ്കൈട്രാക്സ് ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് അവാർഡ് നേടാൻ എച്ച്ഐഎയ്ക്ക് സാധിച്ചു. 2024 നവംബർ, ഡിസംബർ മാസങ്ങളിൽ എച്ച്ഐഎയുടെ പോയിന്‍റ്-ടു-പോയിന്‍റ് യാത്രക്കാരുടെ എണ്ണം 2022ലെ ഫിഫ വേൾഡ് കപ്പ് സമയത്തേക്കാൾ കവിഞ്ഞു. ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദോഹയുടെ വർധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഇത്. കൂടുതൽ ഗേറ്റുകൾ ചേർത്തുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ 2025 പകുതിക്ക് മുമ്പ് വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.