യുഎഇയിൽ ഡെലിവറി സേവനങ്ങൾക്ക് ഇ-ബൈക്ക്

Mail This Article
അബുദാബി ∙ പരിസ്ഥിതിസൗഹൃദ ട്രാക്കിൽ കുതിച്ച് യുഎഇയിലെ ആദ്യത്തെ ഇ-ബൈക്ക്. 7എക്സ് കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗമായ ഇഎംഎക്സ് ആണ് ഡെലിവറി സേവനങ്ങൾക്കായി ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഭാവിയിൽ യുഎഇയിൽ ഉടനീളം ഡെലിവറി സേവനങ്ങൾക്ക് ഇ-ബൈക്ക് ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. അതോടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയും. യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതിക്കും ഈ തീരുമാനം സഹായകരമാകും.
മികച്ച സാങ്കേതികവിദ്യയുള്ള ഇഎംഎക്സ് ഇ-ബൈക്കുകൾ ഊർജ കാര്യക്ഷമത 16% വർധിപ്പിക്കും. ഇരട്ട ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ ഒരിക്കൽ ചാർജ് ചെയ്താൽ 135 കിലോമീറ്റർ വരെ ഓടിക്കാനാകും. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം (സിബിഎസ്), ഹൈഡ്രോളിക് സസ്പെൻഷൻ തുടങ്ങിയ നൂതന സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യുഎഇയിലുടനീളം ബാറ്ററി ചാർജിങ് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ടെന്നും ഇഎംഎക്സ് ജനറൽ മാനേജർ താരിഖ് അൽ വാഹിദി പറഞ്ഞു.